
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍കലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും യുവ സംരംഭകയുമായ ഡോ. ശാലിനി മേനോന് അന്താരാഷ്ട്ര അംഗീകാരമായ യു.കെ. ടാലന്റ് വിസ ലഭിച്ചു. കുസാറ്റിലെ അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തില്‍ അദ്ധ്യാപനായ ഡോ. കെ.ഗിരീഷ് കുമാറിനു കീഴില്‍ എം.ഫില്‍, പി.എച്ച്.ഡി., സി.എസ്.ഐ.ആര്‍. പോസ്റ്റ്‌ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റ്ഷിപ്പ് എന്നിവ പൂര്‍ത്തിയാക്കിയ ഡോ. ശാലിനി രണ്ട് വര്‍ഷമായി യുകെയിലെ നോട്ടിംഗ്ഹാമില്‍ ശാസ്ത്രജ്ഞയാണ്. യുകെയിലെ റോയല്‍ അക്കാദമി ഓഫ് എഞ്ചിനീയറിങാണ് ഡോ. ശാലിനിക്ക് ഈ അംഗീകാരം ലഭിക്കാനവസരമൊരുക്കിയത്. ഗവേഷണ-സംരംഭകത്വ മേഖലകളില്‍ ഡോ. ശാലിനി ചെലുത്തിയ ആഴത്തിലുള്ള സ്വാധീനവും കെമിക്കല്‍, ബയോസെന്‍സറുകള്‍ വികസിപ്പിക്കുന്നതിലെ അനുഭവപരിചയവും ജേണലുകളിലെ 14 ശാസ്ത്ര പ്രബന്ധങ്ങളും വിവിധ ദേശീയ അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ ലഭിച്ച അവാര്‍ഡുകളും കണക്കിലെടുത്താണ് ഈ അംഗീകാരം. ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള അന്താരാഷ്ട്ര തലത്തിലുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഡോ. ശാലിനിയ്ക്ക് ഈ പുരസ്‌കാരം ലഭിച്ചത്. യുകെയില്‍ ജോലിയോ ഗവേഷണമോ ചെയ്യുന്നതിനുള്ള സൗകര്യം, മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്ഥിരതാമസമോ പൗരത്വമോ, പബ്ലിക് ഫണ്ടുകളുെടയും സഹകരണ അവസരങ്ങളുടെയും ലഭ്യത എന്നിവയെല്ലാം ഗ്ലോബര്‍ ടാലന്റ് വിസയുടെ പ്രത്യേകതകളാണ്. യുകെ-ഇന്ത്യ ടെക് സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിലെ ആദ്യ 100 കമ്പനികളില്‍ ഡോ. ശാലിനിയുടെ കെംസെന്‍സര്‍ എന്ന സംരംഭം ഇടംപിടിച്ചിട്ടുണ്ട്. 2020-ലെ കുസാറ്റ്- റൂസ സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ് നേടിയ ഈ സംരംഭം ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്സിന്റെ പോയിന്റ്-ഓഫ്-കെയര്‍ മാനേജ്മെന്റിനായി പോര്‍ട്ടബിള്‍ പ്രോഗ്രാമബിള്‍ ഇലക്ട്രോകെമിക്കല്‍ സെന്‍സര്‍ ഉപകരണത്തിന്റെ പ്രവര്‍ത്തനപരമായ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ പോസ്റ്റ്ഡോക്ടറല്‍ റിസര്‍ച്ച് ഫെല്ലോ ആയ ഡോ. ശാലിനി ഇപ്പോള്‍ സസ്തനികളുടെ കോശങ്ങളിലെ മൈറ്റോകോണ്‍ഡ്രിയല്‍ പ്രവര്‍ത്തനത്തെക്കുറിച്ചും ലെഫ് സയന്‍സസിലും ബയോകെമിക്കല്‍ ഗവേഷണത്തിലും ഡയമണ്ട് ക്വാണ്ടം സെന്‍സറുകളുടെ പ്രയോഗത്തെക്കുറിച്ചുമുള്ള പഠനത്തിലാണ്. ഈ ഗവേഷണം വാര്‍ദ്ധക്യ പ്രക്രിയയെക്കുറിച്ചും പുതിയ ചികിത്സാരീതികള്‍ കണ്ടെത്തുന്നതിനും ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളെ നേരിടുന്നതിനും സഹായകമാകും. എറണാകുളം സൗത്ത് ചിറ്റൂര്‍ സ്വദേശിനിയായ ശാലിനി വിരമിച്ച കെല്‍ട്രോണ്‍ സീനിയര്‍ എഞ്ചിനീയര്‍ സോമശേഖരന്‍ സി പിയുടെയും റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപികയായ ശാന്ത മേനോന്റേയും മകളാണ്. ഭര്‍ത്താവ് ശ്രീജിത്ത് നന്ദകുമാര്‍ യുകെയിലെ ആമസോണില്‍ സീനിയര്‍ കപ്പാസിറ്റി പ്ലാനിംഗ് മാനേജരാണ്.