ലണ്ടൻ: യൂറോപ്യൻ നാടുകളും പാക്കിസ്ഥാനടക്കമുള്ള ഏഷ്യൻ രാജ്യങ്ങളും കടന്ന് കേരളത്തിലേക്ക് ഒരു സാഹസിക കാർ യാത്ര സംഘടിപ്പിക്കുകയാണ് മലയാളികളായ അഞ്ചംഗ സംഘം. ഈ മാസം 17 ന് ലണ്ടനിലെ സ്ട്രാറ്റ്ഫോർഡിൽ നിന്നും ആരംഭിക്കുന്ന യാത്ര യൂറോപ്യൻ നാടുകളിലൂടെ കടന്ന് രണ്ടു മാസമെടുത്താണ് കേരളത്തിലെത്തുക. ഫ്രാൻസ്, ജർമനി, ഗ്രീസ്, തുർക്കി, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങി 13 രാജ്യങ്ങൾ കടന്നു വേണം ഇന്ത്യയിലെത്താൻ.
മലപ്പുറം സ്വദേശികളായ മൊയ്തീൻ കോട്ടക്കൽ ,മുസ്തഫ കരേക്കാട് , സുബൈർ കാടാമ്പുഴ ,ഹുസൈൻ കുറ്റിപ്പാല , ഷാഫി കുറ്റിപ്പാല എന്നിവരാണ് ഈ സാഹസിക യാത്രയിലുള്ളത്.
പാക്കിസ്ഥാനിലൂടെ യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് പ്രവേശനം ലഭിക്കാത്തതും സുരക്ഷാ പ്രശ്നങ്ങളും കാരണം സാധാരണ യാത്രക്കാർ മറ്റു വഴികളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ, ചില യാത്രാംഗങ്ങൾക്ക് ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ളതിനാലും സുരക്ഷാ മുൻകരുതലുകൾ എടുത്തതിനാലുമാണ് ഇവരുടെ യാത്ര ഇറാൻ-പാക്കിസ്ഥാൻ വഴി ഇന്ത്യയിൽ പ്രവേശിക്കുന്ന രീതിയിൽ തയ്യാറാക്കിയത്.
രണ്ടു പേർ യുഎഇയിൽ നിന്നും യാത്രയ്ക്കായി ലണ്ടനിലെത്തിയവരാണ്.
കിഴക്ക്-പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളായ ക്രോയേഷ്യ, ബൾഗേറിയ, ഗ്രീസ് തുടങ്ങ്ിയയിടങ്ങളിൽ ദിവസങ്ങൾ ചെലവഴിച്ചാണ് യാത്ര തുർക്കിയിൽ പ്രവേശിക്കുക. തുർക്കിയുടെ പ്രധാന നഗരങ്ങളിലും ചരിത്ര പ്രധാന സ്ഥലങ്ങളിലും യാത്രാസംഘം സന്ദർശനം നടത്തും.
തുടർന്ന് ഇറാൻ വഴി പാക്കിസ്ഥാനിലേക്കും അതു വഴി ഇന്ത്യയിലേക്കും പ്രവേശിക്കും.
പാക്കിസ്ഥാനിലെ എല്ലാ സ്റ്റേറ്റുകളും പ്രധാന നഗരങ്ങളും യാത്രയുടെ ഭാഗമാണ്.
മേർസിഡസ് ബെൻസിന്റെ എട്ടു യാത്രക്കാർ ഉൾക്കൊള്ളുന്ന വി ക്ലാസ് മോഡൽ കാറിലാണ് സഞ്ചാരം. ഇന്ത്യയിൽ വാഗ അതിർത്തി കടന്ന് കശ്മീർ, ഷിംല, മണാലി വഴി ഡൽഹി-രാജസ്ഥാൻ കടന്ന് 25000 കിലോമീറ്ററോളം യാത്ര നടത്തിയാണ് അവസാന ലക്ഷ്യ സ്ഥാനമായ മലപ്പുറത്തെത്തുക.