കുവൈത്ത് സിറ്റി: പതിനേഴാം ദേശീയ അസംബ്ലി കാലയളവിന്റെ രണ്ടാം പതിവ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമാകും. രാവിലെ 10ന് കിരീടാവകാശി ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉദ്ഘാടനം ചെയ്യും.
രാജ്യത്തിന് ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിന് സര്‍ക്കാറും പാര്‍ലമെന്റും തമ്മിലുള്ള സഹകരണം തുടര്‍ന്നുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൗരന്മാര്‍. രാജ്യത്തിന്റെയും പൗരന്മാരുടെയും വികസനത്തിന് സഹായകമായ നിരവധി പദ്ധതികളുടെ പട്ടിക ദേശീയ അസംബ്ലിക്ക് മുമ്ബാകെയുണ്ട്.
ചൊവ്വാഴ്ചയിലെ സെഷനില്‍ രാജ്യത്തിന്റെ സ്ട്രാറ്റജിക് റിസര്‍വ്, വിരമിച്ചവര്‍ക്കുള്ള കൂടുതല്‍ ആനുകൂല്യങ്ങള്‍, തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ഭേദഗതി ചെയ്യല്‍, റിയല്‍ എസ്റ്റേറ്റ് ധനസഹായം എന്നിവയും മറ്റും കേന്ദ്രീകരിച്ചുള്ള നിരവധി പ്രശ്നങ്ങളും നിയമങ്ങളും അസംബ്ലിയില്‍ അവതരിപ്പിക്കും. ട്രാഫിക് നിയമങ്ങള്‍, താമസക്കാരുടെ വിസകള്‍, കുവൈത്തിന്റെ വടക്കൻ മേഖലയുടെ വികസനം, കമ്ബനികളുടെ നികുതി, മറ്റ് പ്രമുഖ വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പാര്‍ലമെന്ററി മുൻഗണനകളുടെ പട്ടിക സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മുൻ അസംബ്ലികളില്‍ നിന്ന് വ്യത്യസ്തമായി ദേശീയ അസംബ്ലിയും സര്‍ക്കാറും ഏകോപനത്തിലാണ് നിലവില്‍ മുന്നോട്ടുപോകുന്നത്.
രാജ്യത്തിന്റെ വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് കുവൈത്ത് നേതൃത്വത്തിനും ദേശീയ അസംബ്ലിക്കും മന്ത്രിസഭ അടുത്തിടെ നന്ദി അറിയിച്ചിരുന്നു.
ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതം നേരിടുന്ന ഫലസ്തീൻ ജനതക്ക് ബുധനാഴ്ച ദേശീയ അസംബ്ലി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും.