കുവൈത്ത് സിറ്റി: ശൈത്യകാലത്ത് ഗസ്സയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 10 ടണ്‍ അടിയന്തര സഹായം നല്‍കേണ്ടത് അനിവാര്യമാണെന്ന് പീസ് ചാരിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഹമദ് അല്‍ ഔൻ പറഞ്ഞു.
വീടുകള്‍ ബോംബാക്രമണത്തില്‍ തകര്‍ന്നവര്‍ക്കും ഷെല്‍ട്ടറുകളിലും ആശുപത്രികളിലും താമസിക്കാൻ സൗകര്യമില്ലാത്തവര്‍ക്കും കുവൈത്തില്‍നിന്ന് അയക്കുന്ന ടെന്‍റുകള്‍ സഹായകരമാകും.
ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിന് പീസ് ചാരിറ്റി ദശലക്ഷക്കണക്കിന് ദീനാര്‍ സംഭാവനകള്‍ ശേഖരിച്ചതായും അദ്ദേഹം പറഞ്ഞു. ആവശ്യവസ്തുക്കളുടെ ഡിമാൻഡ് തിരിച്ചറിയുകയും അളക്കുകയും ചെയ്യുന്നത് ഫലസ്തീൻ റെഡ് ക്രസന്‍റാണ്. അല്‍ സലാം ചാരിറ്റി വെയര്‍ഹൗസുകളില്‍ 250 ടണ്ണിലധികം സഹായമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമുള്ളവര്‍ക്ക് എത്രയും വേഗം ആശ്വാസം നല്‍കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അല്‍ ഔൻ പറഞ്ഞു.