ഒമാന്‍: വിമാന ടിക്കറ്റ് കൊള്ളയില്‍ കേന്ദ്രവും കൈയൊഴിഞ്ഞു, ‘ആകാശച്ചുഴി’യില്‍ പ്രവാസികള്‍

മസ്കത്ത്: വിമാന ടിക്കറ്റ് കൊള്ളയില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്രവും പറഞ്ഞതോടെ കുറഞ്ഞ നിരക്കില്‍ ഭാവിയിലെങ്കിലും യാത്ര ചെയ്യാൻ കഴിയുമെന്ന പ്രവാസികളുടെ പ്രതീക്ഷക്ക് മങ്ങലേല്‍ക്കുന്നു.

പ്രവാസികളെയും ആഭ്യന്തര യാത്രക്കാരെയും വിമാന കമ്ബനികള്‍ ചൂഷണം ചെയ്യുന്ന കാര്യം മുസ്ലിം ലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ നേതൃത്വത്തില്‍ കേരള എം.പിമാര്‍ കഴിഞ്ഞ ദിവസമാണ് ലോക്സഭയില്‍ ഉന്നയിച്ചത്. എന്നാല്‍, നിരക്കുനിര്‍ണയത്തില്‍ സര്‍ക്കാറിന് പങ്കില്ലെന്നാണ് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചത്. 1993 മുതല്‍ വ്യോമയാനരംഗത്തെ നിയന്ത്രണം എടുത്തുകളഞ്ഞിട്ടുണ്ട്. കോവിഡിനു ശേഷം വ്യോമയാനമേഖല തകര്‍ച്ചയുടെ വക്കിലാണ്.

ചെലവിന്‍റെ 40 ശതമാനവും ഇന്ധനത്തിനാണ്. ശരാശരിയുടെ രണ്ടര ഇരട്ടിയാണ് വിമാനക്കമ്ബനികള്‍ ഇന്ധനത്തിന് ചെലവിട്ടത്. ഇതിനെല്ലാമിടയിലും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തിന്‍റെ അതേ അനുപാതത്തില്‍ നിരക്ക് കൂടിയിട്ടില്ല. വിമാന സര്‍വിസില്‍നിന്നുള്ള വരുമാനം സീസണ്‍ അടിസ്ഥാനപ്പെടുത്തിയാണെന്ന് മനസ്സിലാക്കണം. 60 റൂട്ടുകള്‍ തിരഞ്ഞെടുത്ത് നിരക്കുനിര്‍ണയം നിരീക്ഷിക്കുന്നുണ്ട്. അന്യായമെന്നു കണ്ടാല്‍ വിമാനക്കമ്ബനികളെ അറിയിച്ച്‌ മാറ്റത്തിന് പ്രേരിപ്പിക്കുമെന്നുമാണ് മന്ത്രി ലോക് സഭയില്‍ അറിയിച്ചത്.

അതേസമയം, ടിക്കറ്റ് നിരക്കില്‍ ഇടപെടാനാകില്ലെന്ന കേന്ദ്രനിലപാടിനെതിരെ പ്രവാസലോകത്ത് വ്യാപക പ്രതിഷേധമാണുയരുന്നത്. വിഷു, ഓണം, പെരുന്നാള്‍, സ്കൂള്‍ അവധി, ക്രിസ്മസ് തുടങ്ങിയ സീസണില്‍ മൂന്നിലധികം നിരക്കാണ് വിമാനക്കമ്ബനികള്‍ ഈടാക്കുന്നത്. കുറഞ്ഞ നിരക്കില്‍ ജോലിയെടുക്കുന്ന സാധാരണക്കാരായ ആളുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കുടുംബവുമായി കഴിയുന്ന ആളുകള്‍ക്ക് തങ്ങളുടെ അധ്വാനത്തിന്‍റെ നല്ലൊരു വിഹിതവും വിമാനയാത്രക്കായി ചെലവഴിക്കേണ്ട സ്ഥിതിയാണുണ്ടാകാറുള്ളത്. സീസണ്‍ സമയത്ത് മസ്കത്തില്‍നിന്ന് കേരള സെക്ടറിലേക്ക് പലപ്പോഴും 200റിയാലിന് മുകളില്‍ ആണ് ടിക്കറ്റ് നിരക്കുണ്ടാകാറുള്ളത്. ഈ നിരക്കില്‍ മൂന്നംഗങ്ങളുള്ള ഒരുകുടുംബത്തിന് വണ്‍വേക്ക് മാത്രം ലക്ഷം രൂപക്ക് മുകളില്‍ ചെലവഴിക്കേണ്ടിവരും.

അംഗങ്ങള്‍ കൂടുന്നതിനനുസിരിച്ച്‌ തുക വീണ്ടും ഉയരും. ഈ കൊള്ളക്കെതിരെ പ്രവാസി സംഘടനകളും മറ്റും നിരന്തരം ശബ്ദമുയര്‍ത്താറുണ്ടെങ്കിലും പലപ്പോഴും വനരോദനമായി മാറുകയാണുണ്ടാകാറുള്ളത്. മുൻകൂട്ടി ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്ക് കുറവാണെന്ന മന്ത്രിയുടെ വാദവും തെറ്റാണെന്ന് പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. സീസണ്‍ മുന്നില്‍ കണ്ട് ഉയര്‍ന്ന നിരക്കുകളാണ് വിമാന കമ്ബനികള്‍ വെബ്സൈറ്റില്‍ നല്‍കാറ്. ഇനി ഉയര്‍ന്നനിരക്കില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്താലും എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്ബനികള്‍ സമയക്രമം പാലിക്കാത്തതും സര്‍വിസുകള്‍ റദ്ദാക്കുന്നതും പ്രവാസികള്‍ക്ക് തലവേദനയുണ്ടാക്കുന്നതാണ്.

ഓണം സീസണില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധന നിയന്ത്രിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ കത്ത് ഓഗസ്റ്റില്‍ ജ്യോതിരാദിത്യ സിന്ധ്യ തള്ളിയിരുന്നു. തിരക്കുള്ള സീസണില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപറേറ്റ് ചെയ്യാൻ അനുവദിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യവും നിരസിക്കുകയുണ്ടായി. ഓണം സീസണ്‍ പ്രവാസികള്‍ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണെന്നും ആഘോഷങ്ങള്‍ക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കും കനത്ത ആഘാതമാണ് നിരക്ക് വര്‍ധനയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതൊന്നെും കേന്ദ്ര സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.പ്രവാസികളുടെ വിഷയവും വിമാനങ്ങളുടെ സീസണല്‍ കൊള്ളയും എ.എം.ആരിഫ് എം.പി, അടൂര്‍ പ്രകാശ് എം.പി എന്നിവര്‍ നേരത്തേ ലോക്സഭയിലും ഉന്നയിച്ചിരുന്നു. വിഷയത്തില്‍ ഇടപെടാനാകില്ലെന്നാണ് കേന്ദ്ര വ്യോമയാന വകുപ്പ് സഹമന്ത്രി ഡോ.വി.കെ.സിങ് ലോക്സഭയില്‍ മറുപടി നല്‍കിയത്.

നിലവില്‍ ക്രിസ്മസ്, ശൈത്യ കാല അവധി മുന്നില്‍ കണ്ട് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ബജറ്റ് വിമാന കമ്ബനികളായ സലാം എയര്‍, എയര്‍ ഇന്ത്യ എക്സ് പ്രസ് എന്നിവ പോലും ഉയര്‍ന്ന നിരക്കുകളാണ് ഡിസംബറില്‍ ഈടാക്കുന്നത്. ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്നതോടെ നാട്ടില്‍ പോവാൻ ഒരുങ്ങി നിന്നിരുന്ന കുറഞ്ഞ വരുമാനക്കാരായ നിരവധി പേര്‍ യാത്രകള്‍ മാറ്റിവെച്ചിട്ടുണ്ട്.

കോഴിക്കോട് സെക്ടറിലേക്ക് സലാം എയര്‍ ഡിസംബര്‍ 15 മുതല്‍ സര്‍വിസ് പുനരാരംഭിക്കുന്നുണ്ട്. നവംബര്‍ അവസാനം വരെ എയര്‍ ഇന്ത്യ എക്സ് പ്രസ് കോഴികോട്ടേക്ക് വണ്‍വേക്ക് 50 റിയാലില്‍ താഴെയാണ് ഈടാക്കിയിരുന്നത്. എന്നാല്‍ ഡിസംബര്‍ പകുതിയോടെ എയര്‍ ഇന്ത്യ എക്സ് പ്രസ് നിരക്കുകള്‍ വണ്‍വേക്ക് 105 റിയാലായി ഉയരുന്നുണ്ട്. ജനുവരി വരെ സമാനമായ നിരക്കാണ് എയര്‍ ഇന്ത്യ എക്സ് പ്രസ് ഈടാക്കുന്നത്. കൊച്ചിയിലേക്കും സമാനമായ നിരക്കാണ് ഈടാക്കുന്നത്. കണ്ണൂരിലേക്ക് ഡിസംബറില്‍ കുടിയ നിരക്ക് 100 റിയാലാണ് എയര്‍ ഇന്ത്യ എക്സ് പ്രസ് ഈടാക്കുന്നത്.

Next Post

കുവൈത്ത്: 'ഒരുമ' പ്രവാസി ക്ഷേമപദ്ധതി അംഗത്വ കാമ്ബയിൻ തുടങ്ങി

Sat Dec 9 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ക്ഷേമ പദ്ധതിയായ ഒരുമയുടെ- 2024 ലേക്കുള്ള അംഗത്വ കാമ്ബയിന് തുടക്കമായി. രണ്ട് മേഖലകളിലായി നടന്ന കിക്കോഫ് മീറ്റിങ്ങില്‍ കെ.ഐ.ജി പ്രസിഡന്‍റ് ശരീഫ് പി.ടി കാമ്ബയിൻ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.ഐ.ജി വൈസ് പ്രസിഡന്‍റുമാരായ സക്കീര്‍ ഹുസൈൻ തുവൂര്‍, ഫൈസല്‍ മഞ്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഒരുമ ചെയര്‍മാൻ സി.പി […]

You May Like

Breaking News

error: Content is protected !!