മയക്കുമരുന്ന് പ്രതികളുടെ മതംതിരിച്ചുള്ള കണക്കുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മയക്കുമരുന്ന് പ്രതികളുടെ മതംതിരിച്ചുള്ള കണക്കുമായി മുഖ്യമന്ത്രി. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലാ ബിഷപ്പിന്‍റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി കണക്കുനിരത്തി മറുപടി പറഞ്ഞത്.

2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 4941 മയക്കുമരുന്ന് കേസുകളില്‍ 5422 പേരാണ് പ്രതികളായുള്ളത്. ഇവരില്‍ 2700 പേര്‍ (49.8 ശതമാനം) ഹിന്ദു മതത്തില്‍ പെട്ടവരാണ്. 1869 പേര്‍ (34.47 ശതമാനം) ഇസ്​ലാം മതത്തില്‍ പെട്ടവരാണ്. 853 പേര്‍ (15.73 ശതമാനം) ക്രിസ്തുമതത്തില്‍ പെട്ടവരാണ്. ഇതില്‍ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. നിര്‍ബന്ധിച്ച്‌ മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവര്‍ത്തനം നടത്തിയതായോ പരാതികള്‍ ലഭിച്ചിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വില്‍പ്പനക്കാരോ പ്രത്യേക സമുദായത്തില്‍ പെടുന്നവരാണെന്നതിനും തെളിവുകള്‍ ലഭിച്ചിട്ടില്ല -മുഖ്യമന്ത്രി പറഞ്ഞു.

സ്കൂള്‍, കോളജ് തലങ്ങളില്‍ നാനാജാതി മതത്തില്‍പെട്ട വിദ്യാര്‍ഥികളുണ്ട്. ഇതിലാരെങ്കിലും മയക്കുമരുന്ന് കണ്ണികളായാല്‍ പ്രത്യേക മതത്തിന്‍റെ ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണ് എന്ന് വിലയിരുത്തുന്നത് ബാലിശമാണ്. ഇത് വിദ്വേഷത്തിന് വിത്തിടുന്നതാകും. സമൂഹത്തിന്‍റെ ധ്രുവീകരണത്തിന് ആഗ്രഹിക്കുന്ന ശക്തികളെ ഈ വിവാദം സന്തോഷിപ്പിക്കും. അത്തരക്കാരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങള്‍ എല്ലാ മതവിഭാഗങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ട്.

തീവ്ര നിലപാടുകാര്‍ക്കും അവരെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ല. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. വിദ്വേഷ പ്രചാരണം നടത്തുന്നവരെയും പിന്തുണ നല്‍കുന്നവരെയും തുറന്നുകാട്ടാന്‍ സമൂഹം ഒന്നാകെ തയാറാകണം. സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം ഇത്തരം കാര്യങ്ങളില്‍ നടപടിയെടുക്കും. നോക്കിനില്‍ക്കുന്ന സമീപനം ഉണ്ടാവില്ല.

അനാരോഗ്യകരമായ പ്രതികരണത്തിന്‍റെ തെറ്റ് മനസിലാക്കി അതിന്‍റെ തുടര്‍നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയാണ് വേണ്ടത്. ഈ വിഷ‍യത്തില്‍ ചര്‍ച്ച നടത്താനോ പിന്തുണ നല്‍കാനോ അല്ല മന്ത്രി വാസവന്‍ പാല ബിഷപ്പിനെ കാണാന്‍ പോയത്. അക്കാര്യം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍വകക്ഷി യോഗം വിളിച്ചാല്‍ ഇപ്പോള്‍ എന്താണ് ഗുണം. ഓരോ കക്ഷികളും അവരവരുടെ തലങ്ങളില്‍ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക, ബന്ധപ്പെട്ട ആളുകളെ തെറ്റ് തിരുത്തിക്കാന്‍ പ്രേരിപ്പിക്കുക, മതനിരപേക്ഷ ചിന്താഗതിക്കാര്‍ക്ക് ഒരേ അഭിപ്രായമാണ് ഇക്കാര്യത്തില്‍ ഉണ്ടാവുക. അത് നാട്ടില്‍ പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യാനുള്ളത്. സര്‍വകക്ഷി യോഗം വിളിക്കേണ്ട ഒരു ഘട്ടം ഇപ്പോഴില്ല.

നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശവും അതേത്തുടര്‍ന്ന് നിര്‍ഭാഗ്യകരമായ ഒരു വിവാദവുമാണ് സംസ്ഥാനത്തുണ്ടായത്. വിവാദം സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ വലിയ തോതില്‍ ശ്രമിച്ചിട്ടുണ്ട്. പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്‍റെ പേരില്‍ തള്ളേണ്ടതല്ല. അതിന്‍റെ പേരില്‍ വിവാദങ്ങള്‍ക്ക് തീകൊടുത്ത് നാടിന്‍റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തല്‍പരകക്ഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കും -മുഖ്യമന്ത്രി പറഞ്ഞു.

Next Post

തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ - പരീക്ഷകള്‍ മാറ്റുമെന്ന് എ വിജയരാഘവന്‍

Thu Sep 23 , 2021
Share on Facebook Tweet it Pin it Email തിരുവനന്തപുരം: ദേശീയ അടിസ്ഥാത്തില്‍ നടക്കുന്ന കര്‍ഷകസമരത്തോട് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തില്‍ സെപ്റ്റംബര്‍ 27ന് ഹര്‍ത്താല്‍ ആചരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കഴിഞ്ഞ ഒരുവര്‍ഷമായി കര്‍ഷകരുടെ സമരം ദേശവ്യാപകമായി നടക്കുകയാണ്. കര്‍ഷകവിരുദ്ധ സമരം പാര്‍ലമെന്റ് പാസാക്കിയതിന്റെ ഭാഗമായാണ് സമരങ്ങള്‍ നടക്കുന്നത്. അടിസ്ഥാനപരമായ രാജ്യത്തിന്റെ ഭക്ഷ്യസ്വയം പര്യാപ്തത തകര്‍ക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍. കാര്‍ഷിക രംഗത്തെ കോര്‍പ്പറേറ്റ് വത്കരണത്തിന് വഴിവെക്കുകയും ചെയ്യുമെന്ന് […]

You May Like

Breaking News

error: Content is protected !!