മകളോടൊപ്പം താമസിക്കാന്‍ നാട്ടില്‍ നിന്നെത്തിയ വീട്ടമ്മയ്ക്ക് ആകസ്മിക മരണം. ആഗസ്റ്റില്‍ നാട്ടില്‍ നിന്നെത്തിയ തിരുവനന്തപുരം മടവൂര്‍ സ്വദേശിയായ ശാന്ത മാധവന്‍(68 ) ആണ് ഇന്നലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. ഏതാനും ദിവസമായി അസ്വസ്ഥത തോന്നിയ ശാന്ത രണ്ടു ദിവസമായി ആശുപത്രി നിരീക്ഷണത്തില്‍ ആയിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ പൊടുന്നനെ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. നേരത്തെ കാര്യമായ ശാരീരിക അസ്വസ്ഥതകള്‍ ഒന്നും ശാന്തക്ക് ഉണ്ടായിരുന്നില്ല എന്നതാണ് വിവരം.
മകള്‍ സിന്ധു രാജേഷിന്റെ പ്രസവ സംബന്ധമായ സഹായത്തിനു വേണ്ടിയാണു ശാന്ത യുകെയില്‍ എത്തിയത്. അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ കഴിയുന്ന സിന്ധുവിനേയും ഭര്‍ത്താവ് രാജേഷ് റോഷനെയും ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും പരിചയക്കാരും.
ആശുപത്രിയില്‍ ഉള്ള മൃതദേഹം ഫ്യൂണറല്‍ കെയറിനെ ഏല്‍പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് മുന്നോടിയായി സിന്ധുവിന്റെ നവജാത ശിശുവിന് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ എംബസിക്ക് എത്തിച്ചിരിക്കുകയാണ്.