ഒമാൻ: മജീഷ്യന്‍ സമീറിന്‍റെ അപ്രതീക്ഷിതമായ വേര്‍പാടിൽ വിശ്വസിക്കാനാവാതെ ആസ്വാദകർ

ഇരു പതിറ്റാണ്ടിലേറെ കാലം ജാലവിദ്യകള്‍ കൊണ്ട് ഒമാനിലെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആനന്ദിപ്പിക്കുകയും അമ്ബരപ്പിക്കുകയും ചെയ്ത മജീഷ്യന്‍ സമീര്‍ പി.എ യുടെ അപ്രതീക്ഷിതമായ വേര്‍പാട് വിശ്വസിക്കാനാവാതെ ഒമാനിലെ സ്വദേശികളും വിദേശികളും അടക്കമുള്ള സുഹൃത്തുക്കളും മാജിക് ആസ്വാദകരും.

കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്ബ് സ്വദേശിയായ സമീര്‍ ബി ഇ സി കമ്ബനിയില്‍ പ്ലംബിങ് സൂപ്പര്‍വൈസര്‍ ആയിട്ടാണ് ജോലിക്ക് വരുന്നത്. തലയോലപ്പറമ്ബ് ദേവസ്വം ബോര്‍ഡ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. മാജിക് എന്ന ജനകീയ കലയിലൂടെയാണ് സമീര്‍ ഒമാനില്‍ അറിയപ്പെട്ടതും ഏറെ പ്രശംസിക്കപ്പെട്ടതും. അതുകൊണ്ട് തന്നെ ഒമാനിലെ എല്ലാ പ്രവാസി സംഘടനകള്‍ക്കും നിരവധിയായ സ്വദേശികള്‍ക്കും വിവിധ ദേശക്കാരായ വിദേശികള്‍ക്കും സമീര്‍ സുപരിചിതനായിരുന്നു. സ്വദേശികളും വിദേശികളും അടക്കം വന്‍ സൗഹ്യദ വലയം സൃഷ്‌ടിച്ച സമീര്‍ ഹൃദ്യമായ പെരുമാറ്റം കൊണ്ട് എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നീടങ്ങോട്ട് വിടാതെ ആ സൗഹൃദം തുടര്‍ന്നുപോകാന്‍ സമീറിന് പ്രത്യേക കഴിവുണ്ടായിരുന്നു.

ഒമാനില്‍ ഇന്ത്യന്‍ സ്കൂളുകളിലും കോര്‍പ്പറേറ്റ് ഇവന്‍റുകളിലും ചര്‍ച്ചുകളിലും, കുടുംബ സംഗമങ്ങളിലും, മാളുകളിലും പ്രവാസി സംഘടനാ പരിപാടികളുടെ വേദികളിലും ഉള്‍പ്പെടെ നിരവധി വേദികളില്‍ അദ്ദേഹം ഇന്ദ്രജാല പ്രകടനം നടത്തി. നിരവധി മൊമന്റോകളും പുരസ്കാരങ്ങളും സ്വന്തമാക്കി. ചരുങ്ങിയ കാലം കൊണ്ട് മസ്കറ്റില്‍ അറിയപ്പെടുന്ന ഇന്ദ്രജാലക്കാരനായി അദ്ദേഹം മാറി. പ്രശസ്ത മജീഷ്യന്‍ വൈക്കം ചിത്രഭാനുവിന്റെ ശിക്ഷണത്തിലാണ് സമീര്‍ മാജിക് പരിശീലിച്ചത്.

സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്ന സമീര്‍ സ്വത സിദ്ധമായ ശൈലിയില്‍ നിരവധി കുറിപ്പുകള്‍ പങ്കുവയ്ക്കുമായിരുന്നു. നിരവധി സംഘടനകളില്‍ അംഗമായി പ്രവര്‍ത്തിച്ചു. കലാ സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. നല്ലൊരു കര്‍ഷകന്‍ കൂടിയായിരുന്ന സമീര്‍ താന്‍ താമസിക്കുന്ന ഫ്ളാറ്റിലെ പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍ ചെയ്യുന്ന ചെറിയ കൃഷിക്ക് ഒമാന്‍ കൃഷിക്കൂട്ടം അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.

തികച്ചും അപ്രതീക്ഷിതമായിരുന്നു സമീറിന്‍റെ വേര്‍പാട്. വൈക്കം തലയോലപ്പറമ്ബ് ഉള്ക്കാത്ത വീട്ടില്‍ അഹമ്മദിന്റെ മകനായ സമീറിന് മുപ്പത്തിയാറു വയസ്സായിരുന്നു. ഒമാനില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയ കോട്ടയം കൂട്ടിക്കല്‍ സ്വദേശിനി സജന യാണ് ഭാര്യ, ഐറാ മറിയം, ഐസം എന്നിങ്ങനെ രണ്ടു മക്കളുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം

നടപടികള്‍ പൂര്‍ത്തിയാക്കിയ ഭൗതിക ശരീരം സമീറിന്റെ ജന്മനാടായ തലയോലപ്പറമ്ബിലെ മുഹിയദ്ധീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലെ ആറടി മണ്ണില്‍ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ കബറടക്കി.

ഭാര്യയും പിഞ്ചുകുഞ്ഞുങ്ങള്‍ അടങ്ങുന്ന കുടുംബത്തെയും തന്നെ സ്നേഹിക്കുകയും തന്റെ മാജിക്കുകളെ ആസ്വദിക്കുകയും ചെയ്തുകൊണ്ടിരുന്ന നിരവധി മനുഷ്യരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ഇന്ദ്രജാലങ്ങളില്ലാത്ത ലോകത്തേക്ക് ആ അനശ്വര കലാകാരന്‍ യാത്രയായി.

Next Post

ഒമാൻ: കുടുംബ തര്‍ക്കത്തിനിടെ ബന്ധുവിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സ്ത്രീ അറസ്റ്റില്‍

Sun Dec 18 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ് : ഒമാനിലെ ഷിനാസ് വിലായത്തില്‍ കുടുംബ തര്‍ക്കത്തിനിടെ ബന്ധുവിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സ്ത്രീ അറസ്റ്റില്‍ .സ്വദേശി സ്ത്രീയാണ് പിടിയിലായത്. ബന്ധുവിനെ കുത്തിയ ഇവര്‍ സ്വയം പരിക്കേല്‍പ്പിക്കുകയും ചെയ്തു. ആക്രമണത്തില്‍ ബന്ധുവിന് നിരവധി പരിക്കുകളേറ്റതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമല്ല. അറസ്റ്റ് ചെയ്ത സ്ത്രീക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് പൊലീസ് അറിയിച്ചു.

You May Like

Breaking News

error: Content is protected !!