യു.കെ: യുകെയില്‍ താപനില മൈനസിലേക്ക് – ഗതാഗതം തടസപ്പെടും

ലണ്ടന്‍: സൗത്ത് മേഖലയില്‍ മഞ്ഞ് കൊടുങ്കാറ്റുകള്‍ വീശിയടിക്കുന്നതോടെ രാജ്യത്ത് താപനില വീണ്ടും കുത്തനെ താഴ്ന്നു. -10 സെല്‍ഷ്യസ് വരെയുള്ള തണുപ്പാണ് രാജ്യത്തേക്ക് വീശിയടിച്ചത്. ബ്രൈറ്റണ്‍, ചിചെസ്റ്റര്‍, കാന്റര്‍ബറി, ഡോവര്‍ എന്നിവിടങ്ങളില്‍ രാവിലെ 2 മുതല്‍ 8 വരെ മെറ്റ് ഓഫീസ് മഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗത്ത് മേഖലയില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ സ്‌കോട്ട്ലണ്ടിന് മഞ്ഞും, ഐസും നേരിടേണ്ടി വരും. നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ വെയില്‍സ്, മിഡ്ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഐസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.

റെയില്‍, വ്യോമ ഗതാഗതത്തിലും പ്രതിസന്ധി ഉടലെടുക്കുമെന്നതിനാല്‍ യാത്രകള്‍ വൈകാനോ, തടസ്സപ്പെടാനോ സാധ്യതയുണ്ട്. ലണ്ടനില്‍ -2 സെല്‍ഷ്യസ് വരെയും, കാര്‍ഡിഫില്‍ -1 സെല്‍ഷ്യസ് വരെയും താപനില താഴാന്‍ ഇടയുള്ളതായാണ് മെറ്റ് ഓഫീസ് പ്രവചനം. എഡിന്‍ബര്‍ഗ്, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളിലെ താമസക്കാര്‍ക്കാണ് കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതം പ്രധാനമായും നേരിടേണ്ടി വരിക. -3 സെല്‍ഷ്യസ് വരെ ഇവിടെ താപനില താഴാന്‍ ഇടയുണ്ട്. സ്‌കോട്ട്ലണ്ടിലെ കെന്‍ഡാല്‍, കംബ്രിയ, ഡംഫ്രീസ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച -4 സെല്‍ഷ്യസിലേക്ക് താപനില താഴുമെന്നും മെറ്റ് ഓഫീസ് ഭൂപടം വ്യക്തമാക്കുന്നു.

ഇതിനിടെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പ്രധാന റെയില്‍വേ ലൈനില്‍ ഒരാഴ്ച വലിയ തടസ്സങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി റയില്‍വേ അധികൃതര്‍ രംഗത്ത്.ലണ്ടനില്‍ നിന്ന് ബേസിംഗ്സ്റ്റോക്കിലേക്കുള്ള ട്രാക്കിന്റെ ഹാംഷെയറിലെ ഹുക്ക് സ്റ്റേഷന്റെ വടക്ക് കിഴക്ക് ഭാഗത്താണ് 44 മീറ്റര്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് റെയില്‍ ഗതാഗതം ഭാഗിഗമായി തടസ്സപ്പെട്ടിരിക്കുകയാണ്. നിലവില്‍ രണ്ട് ട്രാക്കുകള്‍ മാത്രമേ സഞ്ചാരയോഗ്യമായിട്ടുള്ളു. ഇത് ലണ്ടനിലേക്ക് പോകുന്ന ഭാഗത്താണ്. സംഭവത്തെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ റെയില്‍ മുഖേന യാത്രകള്‍ ആസൂത്രണം ചെയ്തവര്‍ അനുയോജ്യമായ ബദല്‍ യാത്രാ മാര്‍ഗങ്ങള്‍ ക്രമീകരിക്കണമെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ (എസ്ഡബ്ല്യുആര്‍) അധികൃതര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹുക്ക്, വിഞ്ച്ഫീല്‍ഡ് ഫ്‌ലീറ്റ് സ്റ്റേഷനുകളില്‍ സേവനം ഉണ്ടാകില്ലെന്നും എസ് ഡബ്‌ള്യു ആര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതേസമയം ലണ്ടന്‍, ബേസിംഗ്സ്റ്റോക്ക് എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്ക് പുറമേ, ബോണ്‍മൗത്ത്, സതാംപ്ടണ്‍, വെയ്മൗത്ത്, സാലിസ്ബറി, എക്സെറ്റര്‍ എന്നിവിടങ്ങളിലേക്കുള്ള ആളുകളോട് അത്യാവശ്യ യാത്രയ്ക്ക് മാത്രമേ സര്‍വീസ് ഉപയോഗിക്കാവൂ എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ ക്രമീകരണം ജനുവരി 22 വരെ തുടരുമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

Next Post

ഒമാന്‍: ഒമാനിലെ സീബില്‍ ബസപകടത്തില്‍പെട്ട് 22 പേര്‍ക്ക് പരുക്ക്

Tue Jan 17 , 2023
Share on Facebook Tweet it Pin it Email മസ്കത്: ഒമാനിലെ സീബില്‍ ബസ് അപകടത്തില്‍പെട്ട് 22 പേര്‍ക്ക് പരുക്കേറ്റു. ബസില്‍ 25 യാത്രക്കാരുണ്ടായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് മസ്ഖത് ഗവര്‍ണറേറ്റിലെ വിലായത്ത് സീബില്‍ അപകടം നടന്നത്. പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കിയിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.

You May Like

Breaking News

error: Content is protected !!