ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള ഭരണകൂട ഭീകരതയാണ് രാഹുല്‍ ഗാന്ധിയുടെ ലോകസഭാ അംഗത്വം റദ്ദാക്കിയ നടപടിയെന്ന് സലാല മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന ഐ.ഒ.സി സലാലയുടെ പ്രതിഷേധ യോഗം കുറ്റപെടുത്തി.
ഇന്ത്യയില്‍ നീതിക്ക് വേണ്ടി സംസാരിക്കുന്നവരുടെ വായ മൂടിക്കെട്ടാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്. അതിനെതിരെ പാര്‍ലമെന്റിലും പുറത്തും എന്നും ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ മാറ്റി നിര്‍ത്തി ഇന്ത്യയിലെ പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള ശ്രമത്തെ ഒരുമിച്ചു പ്രതിരോധിക്കണമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഐ.ഒ.സി ഒമാന്‍ മീഡിയ കണ്‍വീനര്‍ സിയാഉള്‍ ഹഖ് ലാറി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ഐ.ഒ.സി സലാല കേരള ചാപ്റ്റര്‍ കണ്‍വീനര്‍ നിഷ്താര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ ചാപ്റ്റര്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.