ഒമാന്‍: സേവനം മെച്ചപ്പെടുത്തല്‍ ജബല്‍ അഖ്ദറില്‍ പദ്ധതികളുമായി ടൂറിസം മന്ത്രാലയം

മസ്കത്ത്: രാജ്യത്തെ സുപ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ അഖ്ദറിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് മികച്ച സേവനം നല്‍കാന്‍ പദ്ധതികളുമായി അധികൃതര്‍.

ജബല്‍ അഖ്ദറലെ അല്‍ സുവ്ജര ഗ്രാമത്തില്‍ ഹെറിറ്റേജ് ലോഡ്ജ് പ്രവര്‍ത്തിപ്പിക്കുന്നതിന് പൈതൃക വിനോദസഞ്ചാര മന്ത്രാലയം ലൈസന്‍സ് അനുവദിച്ചു. ഗ്രാമത്തിലേക്കുള്ള പാത പുനരുദ്ധരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

450 വര്‍ഷത്തിലധികം പഴക്കമുള്ള ഗ്രാമമാണ് സുവ്ജര. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 1900 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്. വേനല്‍ക്കാലത്തും ശൈത്യകാലത്തും ശാന്തമായ കാലാവസ്ഥയാണ് ഇവിടത്തെ പ്രത്യേകത. വെറും 60 ആളുകള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഈ പ്രദേശത്തേക്ക് എത്തുന്ന സഞ്ചാരികളുടെ പ്രതീക്ഷകള്‍ക്കൊത്ത പദ്ധതികളാണ് മന്ത്രാലയം ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്.

പ്രദേശത്തെ ജനങ്ങള്‍ നല്‍കുന്ന 11 മുറികളും ഭക്ഷണസേവനവുമാണ് ലോഡ്ജില്‍ ഉള്‍പ്പെടുന്നത്. വിനോദസഞ്ചാരികളുടെ അഭിരുചിക്കനുസരിച്ച്‌ ഒമാനി ഭക്ഷണവും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകള്‍ക്ക് വരുമാനമാര്‍ഗവും ഇതിലൂടെ ലഭിക്കും. ഇരിപ്പിടങ്ങള്‍, ഇന്‍ഫര്‍മേഷന്‍ പാനലുകള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ വികസന പദ്ധതി 500 മീറ്ററിലാണ് നടക്കുന്നത്. ഇതിന്‍റെ 75 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ചില മരങ്ങളെക്കുറിച്ച്‌ അറിയാനായി ഒരുക്കിയ വിവരപാനലുകള്‍ സന്ദര്‍ശകര്‍ക്ക് ഗുണകരമാകും.

ജബല്‍ അഖ്ദര്‍ വിലായത്തില്‍ കഴിഞ്ഞ വര്‍ഷം എത്തിയത് 2,00,000ത്തിലധികം ആളുകളായിരുന്നു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ പുതിയ കണക്കുപ്രകാരം 2,08,423 സന്ദര്‍ശകരാണ് സ്വദേശികളും വിദേശികളുമായി ഇവിടെ എത്തിയത്. ഇവിടത്തെ പച്ചപ്പും സവിശേഷമായ കാലാവസ്ഥയും സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. വേനല്‍ക്കാലത്തെ കുറഞ്ഞ വെയിലും ശൈത്യകാലത്ത് നല്ല തണുപ്പും പ്രദേശത്തെ കാലാവസ്ഥയുടെ സവിശേഷതകളാണ്.

സഞ്ചാരികള്‍ക്കായി നിരവധി ഹോട്ടല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ശൈത്യകാലത്ത് തണുപ്പ് ആസ്വദിക്കാനായി സ്വദേശികളും വിദേശികളടക്കം നിരവധി പേരാണ് ഓരോ സീസണിലും ഇങ്ങോട്ട് ഒഴുകാറുള്ളത്. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കുള്ള പര്‍വതാരോഹണം, പര്‍വതപാതകളില്‍ കാല്‍നടയാത്ര തുടങ്ങിയ കായിക വിനോദങ്ങള്‍ പരിശീലിക്കാനും സൗകര്യങ്ങള്‍ ലഭ്യമാണ്.

മാതളനാരങ്ങ, മുന്തിരി, ആപ്രിക്കോട്ട്, റോസാപ്പൂവ് തുടങ്ങി നിരവധി കാര്‍ഷിക വിളകള്‍ ജബല്‍ അഖ്ദര്‍ വിലായത്തിന്റെ വിവിധ ഇടങ്ങളിലായി കൃഷിചെയ്യുന്നുണ്ട്. വിവിധ അറബ്, ഏഷ്യ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി പുരാതന ആരാധനാലയങ്ങളും വിലായത്തിലെ ഗ്രാമങ്ങളെ വ്യത്യസ്തമാക്കുന്നു. സന്ദര്‍ശകരായി എത്തിയവരില്‍ കൂടുതല്‍ പേരും സ്വദേശി പൗരന്മാര്‍തന്നെയാണ്. കഴിഞ്ഞ വര്‍ഷം 1,12,619 ഒമാനികളാണ് ജബല്‍ അഖ്ദറിന്‍റെ മനോഹാരിത ആസ്വദിക്കാനായെത്തിയത്.

സൗദി 13,428, യു.എ.ഇ 1543, ബഹ്റൈന്‍ 51, കുവൈത്ത് 1236, ഖത്തര്‍ 746 എന്നിങ്ങനെയാണ് ജി.സി.സി രാജ്യങ്ങളില്‍നിന്നെത്തിയ വിനോദസഞ്ചാരികളുടെ കണക്ക്. മറ്റ് അറബ് രാജ്യങ്ങളില്‍നിന്ന് 6041 പേരും വിദേശ രാജ്യങ്ങളില്‍നിന്നായി 72,294 ആളുകളും സന്ദര്‍ശകരായി ജബല്‍ അഖ്ദറിന്‍റെ മടിത്തട്ടില്‍ എത്തി. സുല്‍ത്താനേറ്റിലെ ഇക്കോ ടൂറിസത്തിനും സാഹസിക വിനോദസഞ്ചാരത്തിനും പേരുകേട്ട സ്ഥലമാണ് ജബല്‍ അഖ്ദര്‍. വിലായത്തിലെ പ്രാദേശിക സംസ്കാരത്തെ അടുത്തറിയാന്‍ സഹായിക്കുന്ന താഴ്‌വരകളിലെ നടത്തം, ഗുഹകള്‍ സന്ദര്‍ശിക്കുക, പര്‍വതകയറ്റം പരിശീലിക്കുക തുടങ്ങി വിവിധ വിനോദങ്ങള്‍ ആസ്വദിക്കാം.

Next Post

കുവൈത്ത്: കുവൈത്തില്‍ മയക്കുമരുന്നുമായി ആറു പ്രവാസികള്‍ പിടിയില്‍

Tue Apr 25 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറു പ്രവാസികള്‍ പിടിയിലായി. വിവിധ മയക്കുമരുന്നുകള്‍, മദ്യം എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തു. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികള്‍ക്കു കൈമാറി. അതേസമയം പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ കുവൈത്തിലേക്ക് ഹഷീഷ് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി. ടെര്‍മിനല്‍ അഞ്ചില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. […]

You May Like

Breaking News

error: Content is protected !!