
ലണ്ടന്‍: യുകെയിലെ കടുത്ത തൊഴിലാളി ക്ഷാമം ഇല്ലാതാക്കുന്നതിനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി വിരമിച്ച മധ്യവയസ്‌ക തൊഴിലാളികളെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജോലി ഉപേക്ഷിച്ച പ്രായമായവര്‍ക്ക് അവരെ തൊഴിലിലേക്ക് തിരികെ ആകര്‍ഷിക്കാന്‍ ‘മിഡ്ലൈഫ് എംഒടി’ എന്ന് പേരിട്ട പദ്ധതിയാണ് നടപ്പിലാക്കുക. എംഒടി സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ജോലിക്കുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള കാര്യങ്ങള്‍ വിലയിരുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് നേരത്തെയുള്ള വിരമിക്കല്‍ വലിയ തൊഴിലാളി ക്ഷാമത്തിന് കാരണമായതായി അടുത്തിടെ ഹൗസ് ഓഫ് ലോര്‍ഡ്സ് കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നടപടി. പദ്ധതിക്കായി സ്വാധീനമുള്ള സാമ്പത്തിക കാര്യ സമിതിയുടെ റിപ്പോര്‍ട്ടില്‍ സാമ്പത്തിക നിഷ്‌ക്രിയത്വത്തിലെ കുതിച്ചുചാട്ടം, ജോലിയിലില്ലാത്തവരുടെയോ ജോലി അന്വേഷിക്കുന്നവരുടെയോ എണ്ണം വര്‍ധിക്കല്‍, 2020 മുതല്‍ വര്‍ധിച്ചുവരുന്ന ഒഴിവുകള്‍ എന്നിവ പരിഗണിക്കപ്പെട്ടിരുന്നു. റിട്ടയര്‍മെന്റ്, വര്‍ധിച്ച അസുഖം, കുടിയേറ്റത്തിലെ മാറ്റങ്ങള്‍, യുകെയിലെ പ്രായമായ ജനസംഖ്യ എന്നിവയെല്ലാം തൊഴില്‍ വിപണിയിലെ നിലവിലെ കുറവിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
