
ലണ്ടന്‍: എന്‍എച്ച്എസ് ഇംഗ്ലണ്ട് നേരിടുന്ന പണിമുടക്ക് പ്രതിസന്ധികള്‍ അതിജീവിക്കാന്‍ സുപ്രധാന നീക്കവുമായി ഗവണ്‍മെന്റ്. യൂണിയനുകള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം പേയ്മെന്റ് ഓഫര്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ അധിക ഫണ്ടിംഗ് ഗവണ്‍മെന്റ് ലഭ്യമാക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ശമ്പളത്തിന്റെ പേരില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച ശമ്പള ഓഫര്‍ മുന്നോട്ട് വെയ്ക്കാനുള്ള ഒരുക്കത്തിലാണ് ഗവണ്‍മെന്റെന്നാണ് റിപ്പോര്‍ട്ട്. 2022/23 വര്‍ഷത്തെ ശമ്പളവര്‍ദ്ധനവും ചര്‍ച്ചകളില്‍ ഉള്‍പ്പെടുമെന്ന് വ്യക്തമായതോടെ കൂടിക്കാഴ്ചയിലേക്ക് റോയല്‍ കോളേജ് ഓഫ് നഴ്സിംഗിനൊപ്പം തങ്ങളും ഉണ്ടാകുമെന്ന് ഹെല്‍ത്ത് യൂണിയനുകള്‍ പ്രഖ്യാപിച്ചു.
യുണീഷന്‍, ജിഎംബി, ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി എന്നിവരാണ് ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് സമരങ്ങള്‍ നടത്തുന്നതില്‍ നിന്നും പിന്‍വാങ്ങിയത്. ഈ വര്‍ഷത്തിന് പുറമെ 2023/24 വര്‍ഷത്തേക്കും ശമ്പള വര്‍ദ്ധനയ്ക്ക് ആവശ്യമായ അധിക ഫണ്ടിംഗ് ലഭ്യമാക്കുമെന്ന് ഗവണ്‍മെന്റ് ഉറപ്പ് നല്‍കിയതായി യൂണിയനുകള്‍ വ്യക്തമാക്കി. കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ല. എന്നിരുന്നാലും പണപ്പെരുപ്പത്തിന് മുകളില്‍ വര്‍ദ്ധന വേണമെന്ന ആവശ്യം ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ നീക്കങ്ങള്‍ തയ്യാറായിരുന്നെങ്കില്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാമായിരുന്നുവെന്ന് എന്‍എച്ച്എസ് സ്റ്റാഫ് കൗണ്‍സില്‍ ചെയറും, യുണീഷന്‍ ഹെല്‍ത്ത് ഹെഡുമായ സാറാ ഗോര്‍ടണ്‍ പറഞ്ഞു.
