കുവൈത്ത്: എങ്ങനെ നാടണയും വിമാന സര്‍വിസുകളില്‍ അനിശ്ചിതത്വം വട്ടംകറങ്ങി യാത്ര

കുവൈത്ത് സിറ്റി: സ്കള്‍ അവധിക്കാലവും ആഘോഷ ദിനങ്ങളും കണക്കിലെടുത്ത് നാട്ടില്‍ പോകാൻ ഒരുങ്ങുന്നവര്‍ക്ക് തിരിച്ചടിയായി വിമാന സര്‍വീസുകളിലെ അനിശ്ചിതത്വം.

കണ്ണൂര്‍, കോഴിക്കോട് മേഖലകളിലെ പ്രവാസികള്‍ക്കാണ് എറെ ദുരിതം. കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിവെച്ചത് അനിശ്ചിതമായി നീളുകയാണ്. ജൂണ്‍ നാലുവരെയുള്ള സര്‍വീസുകള്‍ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ഗോ ഫസ്റ്റ് പുതിയ ബുക്കിങ് സ്വീകരിക്കുന്നുമില്ല.

ഇതോടെ വിമാന സര്‍വീസ് നിലച്ചുപോകുമോ എന്ന ആശങ്കയിലാണ് കണ്ണൂര്‍, കോഴിക്കോട് മേഖലയിലെ പ്രവാസികള്‍. സീസണ്‍ തിരക്കും ചര്‍ജ് വര്‍ദ്ധനവും കണക്കിലെടുത്ത് ഈ വിമാനത്തില്‍ നിരവധി കുടുംബങ്ങള്‍ നാട്ടിലേക്ക് ടിക്കറ്റ് എടുത്തിരുന്നു. എന്ന് സര്‍വീസ് പുനരാരംഭിക്കുമെന്ന് രൂപമില്ലാത്തതിനാല്‍ ഇവരെല്ലാം മറ്റു വിമാനങ്ങളില്‍ ടിക്കറ്റ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. സീസണ്‍ ആയതിനാല്‍ മറ്റു വിമാനങ്ങളിലും ടിക്കറ്റ് കിട്ടാത്ത അവസഥയുണ്ട്. കൂടുതല്‍ പണവും സമയ നഷ്ടവും അനുഭവിക്കുകയും വേണം.

കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചും പ്രവാസികളുടെ പ്രധാന ആശ്രയമായിരുന്നു ഗോ ഫസ്റ്റ്. കുവൈത്തില്‍ നിന്ന് ശനി,വ്യാഴം,ചൊവ്വ ദിവസങ്ങളില്‍ കണ്ണൂരിലേക്കും തിരിച്ച്‌ കുവൈത്തിലേക്കും ഗോ ഫസ്റ്റ് സര്‍വീസ് നടത്തിയിരുന്നു.

ഗോ ഫസ്റ്റിന് പുറമെ എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് ഉള്ളത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ ഒരുദിവസം മാത്രമാണ് സര്‍വീസ് എന്നതിനാല്‍ കണ്ണൂര്‍ പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുയാണ്.

സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മേയ് ആദ്യ വാരമാണ് ഗോ ഫസ്റ്റ് എയര്‍ലൈൻസ് സര്‍വീസുകള്‍ റദ്ദാക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം മടക്കി നല്‍കിവരുന്നതായും സര്‍വീസ് ഉടൻ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വിമാന കമ്ബനി അധികൃതര്‍ വ്യക്തമാക്കി.

വളഞ്ഞ യാത്ര, പണവും സമയവും നഷ്ടം

ഗോ ഫസ്റ്റിന് കണ്ണൂരിലേക്ക് ടിക്കറ്റ് എടുത്തിരുന്ന വടകര സ്വദേശികളായ കുടുംബം യാത്ര അനിശ്ചിതത്വം തുടരുന്നതിനാല്‍ കോഴിക്കോട് ടിക്കറ്റിന് ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ല. ഇതോടെ മറ്റൊരു വിമാന കമ്ബനിയില്‍ ബംഗളുരുവിലേക്ക് ടിക്കറ്റ് എടുക്കാൻ നിര്‍ബന്ധിതരായി ഇവര്‍. ബംഗളുരുവില്‍ ഇറങ്ങി വാഹനം വിളിച്ച്‌ നാട്ടിലെത്താൻ ഇവര്‍ ഇനി വൻതുക മുടക്കണം. ഒരു ദിവസം യാത്രക്കും നഷ്ടപ്പെടും. കുടുംബവും ലഗേജുമായുള്ള റോഡുയാത്രയും സഹിക്കണം.

ഇതേ വിമാനത്തില്‍ യാത്രക്കൊരുങ്ങിയ മറ്റൊരു കുടുംബത്തിന് കൊച്ചിയിലേക്കാണ് ടിക്കറ്റ് ലഭിച്ചത്. ചികില്‍സ ലക്ഷ്യമിട്ട് നാട്ടില്‍ പോകുന്ന ഇവര്‍ കൊച്ചിയില്‍ വിമാനമിറങ്ങി റോഡുമാര്‍ഗം കണ്ണൂരിലെത്തണം. ഇത്തരത്തില്‍ നിരവധി കുടുംബങ്ങളാണ് പ്രയാസപ്പെടുന്നത്.

ജൂണ്‍ 23 ലെ കൊച്ചി ജസീറ സര്‍വിസ് റദ്ദാക്കി

ജൂണ്‍ 23ന് കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള ജസീറ എയര്‍വേസ് സര്‍വിസ് റദ്ദാക്കി. ഇതുസംബദ്ധിച്ച്‌ ഈ ദിവസം ടിക്കറ്റ് എടുത്തവര്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. 23ന് ടിക്കറ്റ് എടുത്തവരില്‍ ചിലര്‍ക്ക് തൊട്ടടുത്ത ദിവസത്തെ വിമാനത്തില്‍ അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ മിക്ക ദിവസങ്ങളിലും സീറ്റ് ഇല്ലാത്തതിനാല്‍ പലരുടെയും യാത്ര പ്രയാസത്തിലായിരിക്കുകയാണ്.

മൂന്നു വിമാനങ്ങളില്‍ ടിക്കറ്റെടുത്ത് കാത്തിരിപ്പ്

കുവൈത്ത് സിറ്റി: ഈ അവധിക്കാലത്തു നാട്ടിലെത്താൻ മൂന്നു വിമാനങ്ങളിലാണ് കോഴിക്കോട് സ്വദേശിയായ ഫാഹൂഖ് ഹമദാനിക്ക് ടിക്കറ്റ് എടുക്കേണ്ടി വന്നത്. ജൂണ്‍ 24ന് ഗോ ഫസ്റ്റില്‍ കണ്ണൂരിലേക്ക് ഇദ്ദേഹം ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ ഗോഫസ്റ്റ് സര്‍വീസ് പുനരാരംഭിക്കുമോ എന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ 23ന് ജസീറ എയര്‍വേസില്‍ കൊച്ചിയിലേക്ക് ടിക്കറ്റെടുത്തു. അതിനിടെയാണ് 23ലെ ജസീറ എയര്‍വേസ് റദ്ദാക്കിയതായ അറിയിപ്പ് കിട്ടിയത്. ഇതോടെ ലീവ് കിട്ടിയപ്പോള്‍ നാട്ടിലെത്താനാകില്ലേ എന്ന സംശയമായി. ഒടുവില്‍ കുവൈത്ത് എയര്‍വേസില്‍ കൊച്ചിയിലേക്ക് ടിക്കറ്റ് ലഭിച്ചു. എന്നാല്‍ ഈ വിമാനം അഹമ്മദാബാദ് വഴി രണ്ടുമണിക്കൂര്‍ വൈകിയാണ് കൊച്ചിയിലെത്തുക.

2020 ജനുവരിയില്‍ കുടുംബത്തോടൊപ്പം നാട്ടിലേക്ക് തിരിക്കാനിരിക്കെ കോവിഡ് മൂലം അപ്രതീക്ഷിതമായി വിമാനം റദ്ദാക്കുകയും വിമാനത്താവളം അടക്കുകയും ചെയ്ത അനുഭവവും തനിക്കുണ്ടെന്ന് ഫാഹൂഖ് ഹമദാനി പറഞ്ഞു. അഞ്ചുപേരുടെ ടിക്കറ്റിന്റെ പണം അന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് ഇദ്ദേഹത്തിന് തിരികെ ലഭിച്ചത്. പോകാത്ത യാത്രയുടെ സര്‍വീസ് ചാര്‍ജ് ടിക്കറ്റില്‍ നിന്ന് ഈടാക്കുകയും ചെയ്തു.

Next Post

സ്റ്റാറ്റസ് വീഡിയോകളും ചിത്രങ്ങളും 30 ദിവസം വരെ സൂക്ഷിക്കാം, പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

Tue May 30 , 2023
Share on Facebook Tweet it Pin it Email പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സാപ്പില്‍ ഇനി സ്റ്റാറ്റസായി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച്‌ വെയ്ക്കാം. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചര്‍ കമ്ബനി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. സ്റ്റാറ്റസ് ആര്‍ക്കൈവ് എന്ന പേരിലാകും ഫീച്ചര്‍. നിലവില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സ്വമേധയാ അപ്രത്യക്ഷമാകും. പകരം ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധം സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് ആയി […]

You May Like

Breaking News

error: Content is protected !!