
ലണ്ടന്‍: യുകെ യൂണിവേഴ്സിറ്റികളില്‍ ലെക്ചറര്‍മാര്‍ സമരം തുടരുന്ന ഘട്ടത്തില്‍ ആശങ്കയിലായി മലയാളികള്‍ ഉള്‍പ്പെടെയുള്ള യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍. ജീവനക്കാര്‍ക്ക് പരീക്ഷകള്‍ക്ക് മാര്‍ക്ക് ഇടാന്‍ വിസമ്മതിക്കുന്നതാണ് വിദ്യാര്‍ത്ഥികളെ കുഴപ്പത്തിലാകുന്നത്. ബ്രിട്ടനിലെ ഉന്നത യൂണിവേഴ്സിറ്റികള്‍ പോലും കണ്ണില്‍ പൊടിയിടാനായി വ്യാജ ഗ്രാജുവേഷന്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുകയാണ്. യൂണിവേഴ്സിറ്റി & കോളേജ് യൂണിയന്‍ അംഗങ്ങളായ 145 യുകെ സ്ഥാപനങ്ങളിലെ ലെക്ചറര്‍മാരാണ് ഏപ്രില്‍ 20 മുതല്‍ സമരം നടത്തുന്നത്. ശമ്പളവര്‍ദ്ധന തര്‍ക്കവും, തൊഴില്‍ സാഹചര്യങ്ങളുടെയും പേരിലാണ് ജോലികള്‍ ചെയ്യാതിരിക്കുന്നത്. എന്നാല്‍ ഇത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ സാരമായി ബാധിക്കുകയാണ്.
മൂന്നാം വര്‍ഷ ഗ്രാജുവേറ്റുകളെ പണിമുടക്ക് മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്. ഇവരുടെ ഫലങ്ങള്‍ പൂര്‍ണ്ണമായി പുറത്തുവരാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവന്നേക്കും. ഇത് ഇവരുടെ ഭാവിയിലെ തൊഴില്‍ സാധ്യതകളെയും ബാധിക്കുമെന്നാണ് വിദഗ്ധര്‍ ഭയപ്പെടുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് യുകെ വിദ്യാഭ്യാസം നേടി, ജോലി തരപ്പെടുത്താന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ദുരവസ്ഥ കനത്ത പ്രതിസന്ധിയായി മാറുകയാണ്. തങ്ങള്‍ക്ക് എന്ത് ഗ്രേഡാണ് ലഭിക്കുകയെന്ന് പോലും അറിവില്ലാത്ത വിദ്യാര്‍ത്ഥികളെ വ്യാജ ഗ്രാജുവേഷന്‍ ചടങ്ങുകളില്‍ പങ്കെടുപ്പിക്കുന്നത് പലയിടത്തും പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഏകദേശം 4500 ഗ്രാജുവേറ്റുകളെ ബഹിഷ്‌കരണം ബാധിച്ചതായി കേംബ്രിഡ്ജിലെ ആക്ടിംഗ് വൈസ് ചാന്‍സലര്‍ അവകാശപ്പെട്ടു.