യു.എസ്.എ: കേരളാ പയനിയര്‍ ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്കില്‍ 17-മത് വാര്‍ഷിക ആഘോഷം നടത്തി

ന്യൂ യോര്‍ക്ക്: മലയാളികളുടെ അമേരിക്കൻ കുടിയേറ്റത്തിൻറെ ആദ്യകാലങ്ങളില്‍ അതായത്, 1960-1970 കാലഘട്ടങ്ങളില്‍ ന്യൂയോര്‍ക്കിലും ചുറ്റുവട്ടത്തുള്ള സംസ്ഥാനങ്ങളായ ന്യൂജേഴ്‌സി, കണക്ടിക്കട്ട്, പെൻസില്‍വാനിയ എന്നിവിടങ്ങളിലായി കുടിയേറി പാര്‍ത്തുവരുന്ന മലയാളികളുടെ കൂട്ടായ്മയായ “ദി പയനിയര്‍ ക്ളബ്ബ് ഓഫ് കേരളൈറ്റ്സ് ഓഫ് നോര്‍ത്ത് അമേരിക്ക” (The Pioneer Club of Keralites of North America) അതിൻറെ പതിനേഴാമത് വാര്‍ഷിക ആഘോഷം ന്യൂയോര്‍ക്ക് ഫ്ലോറല്‍പാര്‍ക്കില്‍ നടത്തപ്പെട്ടു.

നിലവിലുള്ള ക്ലബ്ബ് പ്രസിഡൻറ് ജോണി സക്കറിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആദ്യകാല കുടിയേറ്റ സമൂഹത്തിന്റെ ഒത്തുചേരലായി ശ്രദ്ധേയമായി. 2006-ല്‍ ട്രൈ-സ്റ്റേറ്റ് ഭാഗത്തുള്ള ഏകദേശം ഇരുന്നൂറോളം ആദ്യകാല കുടിയേറ്റ മലയാളികളുടെ സൗഹൃദ കൂട്ടായ്മയായി ന്യൂയോര്‍ക്കില്‍ രൂപം കൊണ്ട പയനിയര്‍ ക്ലബ്ബ് സീനിയര്‍ അംഗങ്ങളുടെ ആദ്യകാല സ്മരണകള്‍ പങ്കു വച്ചുകൊണ്ടുള്ള സംഗമമായി മുന്നേറുന്നു.

വര്‍ഷത്തില്‍ മൂന്നോ നാലോ തവണ ഏതെങ്കിലും സൗകര്യപ്രദമായ സ്ഥലത്തു ഒത്തുചേര്‍ന്ന് വന്നിരുന്ന മുതിര്‍ന്ന അംഗങ്ങളില്‍ കാലയവനികക്കുള്ളില്‍ മണ്‍മറഞ്ഞു പോയ പലരുടെയും ഓര്‍മ്മകള്‍ ഇന്നുള്ളവരുടെ സ്‌മൃതി മണ്ഡലങ്ങളില്‍ മായാതെ തങ്ങി നില്‍ക്കുന്നു. ജീവിത സായാഹ്നങ്ങളിലേക്ക് പാദമൂന്നി നടന്നു നീങ്ങുന്ന പലര്‍ക്കും ആദ്യകാല സൗഹൃദം നിലനിര്‍ത്തുന്നതിനും കുടിയേറ്റ കാലങ്ങളിലെ പങ്കപ്പാട് നിറഞ്ഞ ജീവിത ദിനങ്ങളുടെ ഓര്‍മ്മക്കയങ്ങളിലേക്ക് ഊഴിയിട്ടിറങ്ങുന്നതിനുമുള്ള അവസരം കൂടിയാണ് ഈ കൂട്ടായ്മ്മ.

പയനിയര്‍ ക്ലബ്ബിന്റെ മുമ്ബോട്ടുള്ള പ്രയാണത്തിന് ശക്തി പകരുന്ന കൂടുതല്‍ ക്രിയാത്‌മകമായ പ്രവര്‍ത്തന മികവിനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയ ഒരു ഭരണഘടനക്ക് പൊതുയോഗം അംഗീകാരം നല്‍കി. ഇതിനു മുൻകൈ എടുത്തു പ്രവര്‍ത്തിച്ച പ്രസിഡൻറ് ജോണി സക്കറിയയെ സ്വാഗത പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് എബ്രഹാം (രാജു) പ്രത്യേകം പ്രശംസിച്ചു. തൻ്റെ ചുരുങ്ങിയ പ്രസിഡൻറ് കാലയളവില്‍ ക്ളബ്ബിന്റെ പുരോഗമനത്തിനും സൗഹൃദ വലയം വികസിപ്പിക്കുന്നതിനും കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനും കൂടുതല്‍ കൂടിവരവുകള്‍ക്കുള്ള അവസരണങ്ങള്‍ ഒരുക്കിയതിലും ഉള്ള സന്തോഷവും സംതൃപ്തിയും അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡൻറ് ജോണി പ്രകടിപ്പിച്ചു. ക്ളബ്ബിന്റെ മുമ്ബോട്ടുള്ള പ്രവര്‍ത്തനങ്ങളിലും അടുത്ത കാലത്തേക്ക് പ്ലാൻ ചെയ്തിരിക്കുന്ന ലാൻകാസ്റ്റര്‍ ട്രിപ്പിലേക്കും എല്ലാവരുടെയും സഹകരണം പ്രസിഡൻറ് അഭ്യര്‍ഥിച്ചു.

പ്രൊഫ. ഡോ. ജോസഫ് ചെറുവേലില്‍, ജോര്‍ജ് എബ്രഹാം, വി.എം.ചാക്കോ എന്നീ ക്ളബ്ബ് സ്ഥാപക നേതാക്കളുടെ സാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. യുണൈറ്റഡ് നേഷൻസില്‍ 36 വര്‍ഷത്തെ ദീര്‍ഘകാല സേവനം അനുഷ്ടിച്ച്‌ ചീഫ് ടെക്നോളജി ഓഫീസര്‍ ആയി വിരമിച്ച്‌ സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ വ്യക്‌തിമുദ്ര പതിപ്പിച്ച ക്ളബ്ബ് സ്ഥാപക അംഗം ജോര്‍ജ് അബ്രഹാമിനെ പൊന്നാട അണിയിച്ച്‌ ചടങ്ങില്‍ ആദരിച്ചു.

തോമസ് തോമസ്, വി. എം. ചാക്കോ, കോശി തോമസ്, ലീല മാരേട്ട് തുടങ്ങിയവര്‍ പൂര്‍വ്വകാല സ്മരണകള്‍ പങ്കിട്ടുകൊണ്ട് യോഗത്തില്‍ സംസാരിച്ചു. പ്രൊഫ. ചെറുവേലില്‍, തോമസ് തോമസ് എന്നിവരുടെ പഴയകാല സിനിമയായ നീലക്കുയിലിലെ ഗാനാലാപനം എല്ലാവരെയും ഗതകാല സ്മരണകളിലേക്ക് കൊണ്ടുപോയി. ജോസ് ചെറിയപുരത്തിന്റെ പദ്യോച്ചാരണം എല്ലാവര്‍ക്കും മാനസിക ഉല്ലാസം നല്‍കി. ഒരിക്കലും മറക്കാത്ത ഏതാനും പഴയ സിനിമാ ഗാനങ്ങള്‍ ആലപിച്ച്‌ ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ് യോഗത്തിന് കൊഴുപ്പേകി. ജോണ്‍ പോള്‍ അവതരിപ്പിച്ച വാര്‍ഷിക വരവ് ചെലവ് കണക്ക് യോഗത്തില്‍ പാസ്സാക്കി. കെ. ജെ. ഗ്രിഗറി വന്നുചേര്‍ന്ന എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തിയതിനു ശേഷം വിഭവ സമൃദ്ധമായ ഭക്ഷണത്തോടെ അടുത്ത കൂടിവരവിനായുള്ള പ്രതീക്ഷയില്‍ എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.

Next Post

യു.കെ: മലയാളത്തിന്റെ പ്രിയ താരങ്ങള്‍ യുകെയില്‍ - ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ മമ്മൂട്ടിയും എത്തും

Thu Jul 6 , 2023
Share on Facebook Tweet it Pin it Email മഞ്ജുവാര്യര്‍, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, അപര്‍ണാ ബാലമുരളി, രമേശ് പിഷാരടി എന്നിവര്‍ ഇന്നലെ യുകെയില്‍ എത്തി. മമ്മൂട്ടി, സുരാജ് വെഞ്ഞാറമ്മൂട്, വിനീത് ശ്രീനിവാസന്‍ അടക്കമുള്ള താരങ്ങള്‍ എത്തും. ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിനാണ് താരങ്ങള്‍ എത്തിയിട്ടുള്ളത്. സാനിയ ഇയ്യപ്പന്‍, ബഡായ് ആര്യ, ലക്ഷ്മിപ്രിയ, ജ്യുവല്‍ മേരി, അസീസ് നെടുമങ്ങാട്, ലാല്‍ ബാബു അടക്കമുള്ള താരങ്ങള്‍ രണ്ടു ദിവസം […]

You May Like

Breaking News

error: Content is protected !!