
ഒമാനിലെ പുതിയ തൊഴില്‍ നിയമം തൊഴില്‍ സുരക്ഷയും മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്തും. നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമത്തെക്കാള്‍ (35/2003) ലേബര്‍ മാര്‍ക്കറ്റിന്റെ താല്‍പര്യങ്ങളെ അഭിമുഖീകരിക്കാന്‍ എന്തുകൊണ്ടും കഴിവും കരുത്തും പുതിയ നിയമത്തിനുണ്ടെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ആഗോള തൊഴില്‍ മേഖലയിലുണ്ടായ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതും ദേശീയ തലത്തിലും ഗള്‍ഫ് മേഖലയിലും സമീപകാലത്ത് രൂപപ്പെട്ടുവന്ന നൂതന പ്രവണതകളെ അഭിമുഖീകരിക്കുന്നതുമാണ് പുതിയ നിയമമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. തൊഴില്‍ദായകരുടെയും തൊഴിലാളികളുടെയും അവകാശങ്ങളെ ഒരുപോലെ സമീകരിക്കുംവിധം നിയമനിര്‍മാണം സാധ്യമാക്കിയിരിക്കുന്നുവെന്നതാണ് പുതിയ നിയമത്തിന്റെ സവിശേഷത.