ഒമാന്‍: ഒമാനോണം ഒരുമിച്ചോണം സദ്യയും ഒത്തുചേരലുകളുമായി പ്രവാസികളുടെ ഓണം

മസ്കത്ത്: ഓണാഘോഷം കെങ്കേമമാക്കി ഒമാനിലെ പ്രവാസികളും. തിരുവോണ നാളില്‍ നാടിന്‍റെ ഗൃഹാതുരത നിറഞ്ഞ അന്തരീക്ഷത്തില്‍ കേരളീയ വസ്ത്രങ്ങള്‍ ധരിച്ചും സദ്യ കഴിച്ചും ഒത്തുചേരലുകള്‍ ഒരുക്കിയുമാണ് പ്രവാസികള്‍ ഓണത്തെ സ്വീകരിച്ചത്.

പ്രവൃത്തി ദിവസമായതിനാല്‍ വലിയ പരിപാടികളും മറ്റും ചൊവ്വാഴ്ച നടന്നില്ലെങ്കിലും വരാനിരിക്കുന്ന വാരാന്ത്യ ദിവസങ്ങളില്‍ മിക്ക സ്ഥലങ്ങളിലും കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പരിപാടികളൊരുക്കിയിട്ടുണ്ട്.

തിരുവോണ നാളില്‍ വീടുകളിലും താമസസ്ഥലങ്ങളിലും സദ്യയും പൂക്കളവും ഒരുക്കിയാണ് പ്രവാസികള്‍ ആഘോഷമൊരുക്കിയത്. ജോലി സ്ഥലത്ത് ഓണക്കോടിയുടുത്ത് എത്തി സഹപ്രവര്‍ത്തകര്‍ക്ക് സദ്യ നല്‍കിയവരും ഏറെയാണ്. പലരുടെയും സദ്യ ഹോട്ടലുകളിലായിരുന്നു. പലയിടങ്ങളിലും സ്വദേശികളും ആഘോഷത്തിനൊപ്പം ചേര്‍ന്നു. അത്തം പിറന്നത് മുതല്‍ ഒമാനില്‍ ഓണാഘോഷങ്ങളും തുടങ്ങിയിരുന്നു. വാരാന്ത്യ അവധിയില്‍ വിവിധ മലയാളി കൂട്ടായ്മകള്‍ വൈവിധ്യമാര്‍ന്ന ഓണപ്പരിപാടികളുമായി ഒത്തുകൂടുന്ന പതിവ് ഇത്തവണയും തുടക്കം കുറിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവുമെന്നപോലെ ഇക്കുറിയും നൂറുക്കണക്കിന് പേര്‍ പങ്കെടുക്കുന്ന മത്സരപരിപാടികളും സദ്യയുമൊരുക്കി കൂട്ടായ്മകള്‍ രംഗത്തുണ്ട്. ഇന്ത്യൻ സ്കൂളുകള്‍ കേന്ദ്രീകരിച്ചും ആഘോഷ പരിപാടികള്‍ നടന്നുവരുന്നുണ്ട്.

നാട്ടില്‍ നിന്ന് അകലെയെങ്കിലും നാട്ടുരുചിയില്‍ തന്നെ ഓണസദ്യ തീൻമേശയിലെത്തിച്ചാണ് കുടുംബങ്ങള്‍ ആഘോഷത്തിന് മാറ്റുകൂട്ടിയത്. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്റാറന്‍റുകള്‍, ചെറുകിട ഹോട്ടലുകള്‍ എന്നിവിടങ്ങളിലെല്ലാം തന്നെ ഇത്തവണ ഓണസദ്യയുണ്ടായിരുന്നു. മുൻകാലങ്ങളില്‍ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും റസ്റ്റാറന്‍റുകളിലുമാണ് ഓണസദ്യ ഒരുക്കിയതെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ ഇടങ്ങളില്‍ സദ്യ ലഭിക്കുന്നുണ്ട്. ‘റെഡി മെയ്ഡ്’ ഓണസദ്യകളെയാണ് സ്ഥാപനങ്ങളും ചെറുകൂട്ടായ്മകളുമെല്ലാം കൂടുതലായി ആശ്രയിക്കുന്നത്. മുൻകൂര്‍ ബുക്ക് ചെയ്താല്‍ സദ്യ വീട്ടിലെത്തുന്ന സംവിധാനവുമുണ്ട്. തിരുവോണത്തിനു ശേഷവും ചില സ്ഥാപനങ്ങള്‍ സദ്യ ഒരുക്കുന്നുണ്ട്.

ഓണത്തിന്‍റെ ഉണര്‍വ് വിപണിയില്‍ ഇത്തവണ പ്രകടമായിരുന്നു. വിമാന ടിക്കറ്റ് നിരക്ക് കൂടുതലായതിനാല്‍ മിക്ക കുടുംബങ്ങളും ഓണത്തിന് നാട്ടില്‍ പോകുന്നത് ഒഴിവാക്കിയിരുന്നു. അതിനാല്‍ തന്നെ പച്ചക്കറികളും ഓണപ്പുടവകളും അടക്കമുള്ളവ വാങ്ങാൻ എത്തിയവരുടെ സാന്നിധ്യത്തിലൂടെ വിപണി നേരത്തേ തന്നെ സജീവമായിരുന്നു.അത്തം പത്തുദിവസവും പൂക്കളമൊരുക്കുന്ന നാട്ടിലെ പതിവ് തെറ്റിക്കാത്ത പ്രവാസി മലയാളികള്‍ ഏറെയുണ്ട് ഒമാനില്‍. തിരുവോണം അടുത്തെത്തിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പൂക്കള്‍ക്ക് വലിയ തോതില്‍ ആവശ്യക്കാരുണ്ടായതായി കച്ചവടക്കാര്‍ പറയുന്നു. പ്രവാസ ലോകത്ത് ഓണാഘോഷം വര്‍ഷം മുഴുവൻ നടക്കുന്നതാണ്. ഇതില്‍ പൂക്കള മത്സരത്തിന് വലിയ പ്രാധാന്യമാണ് സംഘാടകര്‍ നല്‍കുന്നത്. പൂക്കളമത്സരത്തിന് പുറമെ പായസം മത്സരം, വടംവലി തുടങ്ങിയവയും ആഘോഷങ്ങളില്‍ ഇടംപിടിക്കുന്ന പ്രധാന ഇനങ്ങളാണ്.

Next Post

കുവൈത്ത്: 'സദാചാര മൂല്യങ്ങള്‍ മുറുകെപ്പിടിക്കണം'

Wed Aug 30 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ധര്‍മച്യുതിയിലേക്ക് മാനവകുലം അതിവേഗം നടന്നടുക്കുകയാണെന്ന് ഡോ. സലീം മാഷ് കുണ്ടുങ്ങല്‍ വിശദീകരിച്ചു. ഇന്ത്യൻ ഇസ്‍ലാഹി സെന്റര്‍ ഫര്‍വാനിയ പീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മാസാന്ത ബസ്വീറ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതാദര്‍ശങ്ങള്‍ കാറ്റില്‍ പറത്തിയും ധാര്‍മികത കളഞ്ഞുകുളിച്ചും സാമ്ബത്തിക സത്യസന്ധത അവഗണിച്ചും മാനവരാശി പ്രപഞ്ചത്തെ നാശത്തിലേക്ക് ഉന്തിയടുപ്പിക്കുകയാണ്. സദാചാര മൂല്യങ്ങള്‍ മുറുകെപ്പിടിച്ച്‌ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം കണ്ടെത്താൻ […]

You May Like

Breaking News

error: Content is protected !!