യു.കെ: യുകെയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ വ്യത്യാസം

ലണ്ടന്‍: യുകെയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനമെന്നോണം കുതിച്ചുയരുന്നത് കുടുംബങ്ങളില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ വിവേചനപൂര്‍വം ഷോപ്പിംഗ് നടത്തിയാല്‍ നല്ലൊരു തുക ലാഭിക്കാനാകുമെന്നാണ് കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്..? നടത്തിയ പുതിയ പഠനം വെളിപ്പെടുത്തുന്നത്. വിലയേറിയ ഈ അവസരത്തില്‍ യുകെയിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വന്‍ വിലക്കുറവില്‍ സാധനങ്ങള്‍ വില്‍ക്കുന്നുവെന്നും എന്നാല്‍ മറ്റ് ചിലവ വില കൂട്ടി സാധനങ്ങള്‍ വില്‍ക്കുന്നുവെന്നും ഓഗസ്റ്റിലെ പ്രവണതകളെ വിലയിരുത്തി വിച്ച് വെളിപ്പെടുത്തുന്നു. കഴിഞ്ഞ മാസം രാജ്യത്ത് കൂടിയ വിലയിലും കുറഞ്ഞ വിലയിലും സാധനങ്ങള്‍ കച്ചവടം ചെയ്ത സൂപ്പര്‍മാര്‍ക്കറ്റുകളെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കുന്ന പഠനഫലമാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇനി ഷോപ്പിംഗിന് പോകുന്നവര്‍ക്ക് എവിടെ പോയി സാധനം വാങ്ങിയാലാണ് ചെലവ് കുറയ്ക്കാന്‍ സാധിക്കുകയെന്ന കാര്യത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്ന പഠനറിപ്പോര്‍ട്ട് കൂടിയാണിത്. ഇത് പ്രകാരം കഴിഞ്ഞ മാസം സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വിറ്റിരിക്കുന്നത് ആല്‍ഡിയാണ്. അതായത് നിത്യോപയോഗ സാധനങ്ങളടങ്ങിയ ഒരു കിറ്റിന് ആല്‍ഡിയില്‍ വില 65.21 പൗണ്ടായിരുന്നുവെങ്കില്‍ ലിഡിലില്‍ ഇതിന് നല്‍കേണ്ടി വന്നത് 66.53 പൗണ്ടാണ്.

ഓഗസ്റ്റില്‍ വിലയില്‍ ഏറ്റവും മുന്‍നിരയിലുണ്ടായിരുന്നത് വെയ്റ്റ് റോസായിരുന്നുവെന്നും പുതിയ പഠനം സ്ഥിരീകരിക്കുന്നു. മേല്‍പ്പറഞ്ഞ കിറ്റിന് ഈ സൂപ്പര്‍മാര്‍ക്കറ്റ് ഈടാക്കിയിരുന്നത് 79.51 പൗണ്ടായിരുന്നുവെന്നറിയുമ്പോഴാണ് വില വ്യത്യാസത്തിന്റെ ആഴം വ്യക്തമാക്കാന്‍ സാധിക്കുന്നത്. അതായത് ഒരേ സാധനങ്ങള്‍ അടങ്ങിയ കിറ്റിന് വെയ്റ്റ്റസില്‍ ആല്‍ഡിയിലേക്കാള്‍ 22 ശതമാനം വില അധികമായി ഈടാക്കിയെന്നാണ് വിച്ച് വെളിപ്പെടുത്തുന്നത്. യുക്തിപൂര്‍വമായ ഷോപ്പിംഗിന്റെ പ്രാധാന്യത്തിലൂടെ എത്ര മാത്രം തുക കണ്‍സ്യൂമര്‍മാര്‍ക്ക് ലാഭിക്കാന്‍ സാധിക്കുമെന്ന് കാണിച്ച് തരുന്ന പഠനം കൂടിയാണിത്. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ മാത്രമടങ്ങിയ വലിയ ട്രോളി സാധനങ്ങളുടെ വിലയും വിച്ച് പുതിയ പഠനത്തിന്റെ ഭാഗമായി താരതമ്യം ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ മാസം ഏറ്റവും വില കുറച്ച് നല്‍കിയത് അസ്ഡയാണ്. അതായത് അസ്ഡയില്‍ ഇതിനുളള വില 325.35 പൗണ്ടായിരുന്നുവെങ്കില്‍ മോറിസന്‍സില്‍ ഇതിന് വില 341.28 പൗണ്ടായിരുന്നു. വില കുതിച്ചുയരുന്ന സാഹര്യത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കായി വിലക്കുറവേകുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ തെരഞ്ഞ് പിടിച്ച് സാധനങ്ങള്‍ വാങ്ങുന്നവരേറുന്നുവെന്നാണ് വിച്ചിന്റെ റീട്ടെയില്‍ എഡിറ്ററായ എലെ ക്ലാര്‍ക്ക് എടുത്ത് കാട്ടുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് മേല്‍ വരുന്ന വില സമ്മര്‍ദം കുറയ്ക്കാനായി മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളും അവരെ സഹായിക്കാത്ത നിലപാടാണുള്ളതെന്നും ക്ലാര്‍ക്ക് ആരോപിക്കുന്നു.

Next Post

ഒമാന്‍: വീടുകളില്‍നിന്നും വൈദ്യുതി കേബിളുകളും എ.സിയും മോഷ്ടിച്ച സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

Thu Sep 7 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: വീടുകളില്‍നിന്നും വൈദ്യുതി കേബിളുകളും എ.സിയും മോഷ്ടിച്ച സംഭവത്തില്‍ അഞ്ച് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ വിലായത്തുകളില്‍നിന്ന് തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഏഷ്യന്‍ രാജ്യക്കാരായ പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുവരുകയാണെന്ന് ആര്‍.ഒ.പി അറിയിച്ചു.

You May Like

Breaking News

error: Content is protected !!