
കുവൈത്ത് സിറ്റി: ജാസിം അല്‍ ഖറാഫി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
അല്‍ ഷദ്ദാദിയ യൂനിവേഴ്‌സിറ്റിക്ക് എതിര്‍വശത്തുള്ള ജാസിം അല്‍ ഖറാഫി റോഡിലാണ് അപകടം. ആറു വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ഇതില്‍ മൂന്നു വാഹനങ്ങള്‍ക്ക് തീപിടിക്കുകയുമായിരുന്നു എന്ന് ജനറല്‍ ഫയര്‍ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.
വിവരമറിഞ്ഞ ഉടൻ അല്‍ സമൂദ് സെന്ററില്‍നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. അപകടം കൈകാര്യം ചെയ്ത സേന പരിക്കേറ്റവരെ മെഡിക്കല്‍ എമര്‍ജൻസി വിഭാഗത്തിന് കൈമാറി. അപകടം റോഡില്‍ ഗതാഗത തടസ്സത്തിന് കാരണമായി. തീപിടിച്ച വാഹനങ്ങള്‍ പൂര്‍ണമായും നശിച്ചു.