ഹമാസിന്റെ അബദ്ധങ്ങളും ഗാസയുടെ ഭാവിയും; ഭൂമിശാസ്ത്രം ഇസ്രയേലിൻറെ വിധി നിർണയിക്കുമ്പോൾ


ഇസ്രാഈൽ- ഹമാസ് സംഘട്ടനങ്ങളെ വരികൾക്കിടയിൽ വായിക്കുന്ന ഒരു ലേഖനമാണിത്. വൈകാരികമായ ഏതെങ്കിലും ചേരി തിരിവുകൾ സൂക്ഷിക്കാതെ ഇസ്രായേൽ- പലസ്തീൻ സംഘർഷങ്ങളെ വിലയിരുത്തുകയാണ് ലേഖകൻ.

മുസ്‌ലിംകളുടെ പലസ്‌തീൻ എന്ന ‘സ്വപ്ന’ വിശുദ്ധ രാജ്യം :

ലോകത്ത് ഇരുനൂറ് രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന വിവിധ സംസ്കാരങ്ങളിൽപ്പെട്ട 200 കോടി മുസ്ലിംകൾ പലസ്‌തീനിൽ ഒരു ചെറിയ സംഘർഷമുണ്ടാകുമ്പോഴേക്കും എന്ത് കൊണ്ടാണ് വയലന്റ്റ് ആകുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? മുസ്ലിംകൾക്കിടയിലുള്ള സമുദായ സ്നേഹം (Muslim Brotherhood) കാരണമാണെന്നാണ് മിക്കവരുടെയും ധാരണ. എന്നാൽ യഥാർത്ഥ കാരണം ഈസ്റ്റ് ജറൂസലേമിലെ ‘വിശുദ്ധ മുഖദ്ദസ്’ പള്ളിയാണെന്നാണ് കാര്യമായി ആരും ശ്രദ്ധിക്കാറില്ല. മക്ക-മദീന പള്ളികൾ കഴിഞ്ഞാൽ മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ പള്ളിയാണ് ഈസ്റ്റ് ജറൂസലേമിലെ മുഖദ്ദസ് പള്ളി. ഈ പള്ളിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം പലസ്‌തീൻ- ഇസ്രായേൽ സംഘർഷങ്ങളിൽ ഒരു പ്രധാന ഘടകമാണ്.

ഇസ്രായേൽ – പലസ്‌തീൻ പ്രദേശങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഭൂമി ശാസ്ത്രമാണ്. ഇസ്രായേലിന് ഒരു നാച്ചുറൽ അതിർത്തി ഇല്ലാത്തതിനാൽ 1967 യുദ്ധത്തിന് ശേഷം അവർ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്ത് ജോർദാൻ നദിയെ നാച്ചുറൽ അതിർത്തിയായി നിശ്ചയിച്ചു. എന്നാൽ ഇത് എല്ലാ എന്താ രാഷ്ട്ര ഉടമ്പടികൾക്കും എതിരായിരുന്നു.

പലസ്‌തീൻ എന്ന ഒറ്റ രാജ്യത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് ജറുസലേം (4 ലക്ഷം ജനങ്ങൾ), ഗാസ (25 ലക്ഷം ജനങ്ങൾ), വെസ്റ്റ് ബാങ്ക് (30 ലക്ഷം ജനങ്ങൾ) എന്നിവ മൂന്ന് വ്യത്യസ്ത ഭൂമി ശാസ്ത്ര- രാഷ്ട്രീയ മേഖലകൾ ആണെന്ന് മിക്കവർക്കുമറിയില്ല. ഗാസയിലെ ഫലസ്തീനികൾ ഇലക്ഷനുകളിൽ സ്ഥിരമായി ഹമാസിനെ തെരഞ്ഞെടുക്കുമ്പോൾ, വെസ്റ്റ് ബാങ്ക്ലെ ഫലസ്തീനികൾ ഹമാസിന്റെ ശത്രുക്കളായ ‘ഫത്ത’ പാർട്ടിയെ തെരെഞ്ഞെടുക്കുകയാണ് പതിവ്. അതെ സമയം ഈസ്റ്റ് ജറൂസലേമിൽ ഇസ്രായേൽ സർക്കാരാണ് ഭരണം നടത്തുന്നത്. എന്നാൽ ജോർദാൻ സർക്കാർ ആണ് വിശുദ്ധ പള്ളിയുടെ ഉടമസ്ഥർ. ഈ മൂന്ന് രാഷ്ട്രീയ അസ്തിത്വങ്ങളെ വേറിട്ട് കാണാതെ, വെറും ഭക്തിയുടെയും വേദ ഗ്രന്ഥ പ്രവചനങ്ങളുടെയും അടിസ്ഥാനത്തിൽ യാതൊരു പ്രായോഗിക രാഷ്ട്രീയ ബോധവുമില്ലാതെ പ്രശ്നങ്ങൾ നോക്കി കാണാനാണ് പല മുസ്‌ലിംകളും സാധാരണ ശ്രമിക്കാറുള്ളത്. ഗാസക്കും വെസ്റ്റ് ബാങ്കിനും ഇടയിൽ ഏകദേശം 50-100 കിലോമീറ്റർ വീതിയിൽ ഇസ്രായേലി പ്രദേശങ്ങൾ ഉണ്ടെന്നും, ഈ സ്ഥലം ഇസ്രായേൽ ഒരു കാരണവശാലും വിട്ടു തരില്ല എന്നും മനസ്സിലാക്കാനുള്ള പ്രായോഗിക ബുദ്ധി ഹമാസിനോ മിക്ക അറബ്- മുസ്‌ലിം രാജ്യങ്ങൾക്കോ ഇല്ല. ഏകീകൃത പലസ്തീൻ രാജ്യം ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് പലർക്കും ഇത് വരെ മനസിലായിട്ടില്ലെന്ന് ചുരുക്കം.

ഇസ്രാഈലിന്റെ ഭാവി :

‘ഇസ്രായേൽ രാഷ്ട്രം നൂറ് വർഷം തികക്കില്ല’ എന്നാണ് പ്രമുഖ അമേരിക്കൻ നയ തന്ത്രജ്ഞൻ ഹെൻറി കിസിഞ്ചർ ഒരിക്കൽ അഭിപ്രായപ്പെട്ടത്. യൂറോപ്പിൽ നിന്നും കുടിയേറിയ ജൂതന്മാർ അവരവരുടെ രാജ്യങ്ങളിലേക്ക് വൈകാതെ തിരിച്ചു പോകും എന്നാണ് ആദ്യം നിരീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ജൂത കുടിയേറ്റക്കാരിൽ വെറും 15 ശതമാനം പേരാണ് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് അടക്കമുള്ള ഒന്നാം ലോക ധനിക രാജ്യങ്ങളിൽ നിന്നും കുടിയേറിയത്. ഇവരിൽ മിക്കവർക്കും ഇരട്ട പൗരത്വവുമുണ്ട്. ബാക്കി വരുന്ന 85 ശതമാനം ജൂതന്മാർ കിഴക്കൻ യൂറോപ്പിലെ ദരിദ്ര രാജ്യങ്ങളിൽ നിന്നും വരുന്നവരാണ്. ഹീബ്രു ഭാഷക്ക് പകരം ‘യിദ്ദിഷ്’ മാതൃഭാഷയാക്കിയ ഇവരെ ‘അഷ്കനാസി’ ജൂതന്മാർ എന്നാണ് വിളിക്കുന്നത്. ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇസ്രായേലിലേക്ക് കാര്യമായ ജൂത കുടിയേറ്റം നടന്നിട്ടുണ്ട്. ഇവർക്ക് തിരിച്ചു പോകാൻ സമാധാനവും സമൃദ്ധിയും ഉള്ള രാജ്യങ്ങൾ ഇല്ലാത്തതിനാൽ 60 ലക്ഷത്തോളം വരുന്ന ഇവരെ സംബന്ധിച്ചിടത്തോളം ഇസ്രായേൽ മാത്രമാണ് മാതൃ രാജ്യം. കൂടാതെ എൺപത് ശതമാനത്തിലധികം ഇസ്റായേലി പൗരന്മാർ ഇസ്രായേലിൽ തന്നെയാണ് ജനിച്ചത്. ഒന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള ജൂതന്മാർ സംഘർഷം കാരണം രാജ്യം വിട്ട് പോയാലും ‘അഷ്കനാസി’ ജൂതന്മാർ ഇസ്രായേലിൽ തന്നെ കാണും. ഇവർക്ക് പുറമെ ഇസ്രായേൽ പൗരന്മാരിൽ 27 ലക്ഷത്തോളം മുസ്ലിം- അറബ് വംശജർ കൂടിയുണ്ട്. ഇവരും ഇസ്രായേൽ ഭരണകൂടത്തിൻറെ പിന്നിൽ അടിയുറച്ച് നിൽക്കുന്ന അവസ്ഥ ആണ് ഇപ്പോഴുള്ളത്. അതായത് 85 ലക്ഷം ആളുകൾ ഇസ്രായേൽ ഭരണകൂടത്തിന് പിന്നിൽ അടിയുറച്ച് നിൽക്കുന്നു എന്നർത്ഥം.


ഗാസയും ഹമാസിന്റെ അബദ്ധങ്ങളും

ഈജിപ്ത്ന്റെ ഭരണത്തിൻ കീഴിലായിരുന്ന 1967 വരെയുള്ള കാലമാണ് ഗാസയുടെ ചരിത്രത്തിലെ ഏറ്റവും സമാധാന പൂർണമായ കാലം. 1987ൽ ഹമാസ് രൂപീകരിച്ചത് മുതൽ നൂറ് കണക്കിന് സംഘർഷങ്ങൾ ആണ് ഹമാസും ഇസ്രയേലും തമ്മിൽ നടന്നത്. ഇതിൽ പലതും ആയിരക്കണിക്കിന് സാധാരണക്കാർ മരിച്ച വൻ യുദ്ധങ്ങൾ ആയി പരിണമിക്കുകയും ബില്യൺ കണക്കിന് ഡോളറിന്റെ നഷ്ടം രണ്ടു ഭാഗത്തും ഉണ്ടാക്കുകയും ചെയ്തു. താരതമ്യേന സമ്പന്ന രാജ്യം ആയതിനാൽ സാമ്പത്തിക നഷ്ടം കാര്യമായി ഇസ്രായേലിന് അനുഭവപ്പെട്ടില്ലെങ്കിലും ഗാസയെ ഈ യുദ്ധങ്ങൾ തകർത്തു തരിപ്പണമാക്കി. താങ്കളുടെ അന്തകനായ ഇസ്രായേലിലേക്ക് തന്നെ ജോലി തേടി പോകുന്ന അവസ്ഥയിൽ സാമ്പത്തിക തകർച്ച ഗാസക്കാരെ എത്തിച്ചു. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ഇസ്രയേലിനെ ആശ്രയിക്കുന്ന അവസ്ഥ ഗാസക്കാർക്ക് വന്നു ചേർന്നു.

ഇസ്രയേലിന്റെ സൈനിക ശക്തി

ചില ന്യൂന പക്ഷ വിഭാഗങ്ങളെ മാറ്റി നിർത്തിയാൽ എല്ലാ ഇസ്രായേലി പൗരന്മാരും 2-3 വർഷത്തെ നിർബന്ധിത സൈനിക സേവനം ചെയ്യണം എന്നാണ് ഇസ്രായേലിലെ നിയമം. ഇങ്ങനെ പരിശീലനം ലഭിച്ച സ്ത്രീയും പുരുഷനും 40 വയസ് വരെ ഇസ്രായേൽ റിസർവ് സൈന്യത്തിന്റെ ഭാഗമാണ്, അതായത് ഏതു സമയവും യുദ്ധത്തിന് വിളിച്ചാൽ പോകണമെന്ന് അർഥം. ഇതിന് സമാനമായ ഒരു സിസ്റ്റം ഉണ്ടാക്കി എടുക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടു. ഹമാസിന്റെ സൈനിക ദളമായ ‘ഖസ്സാം ബ്രിഗേഡ്’ ന്റെ ശക്തി ഏതാനും ആയിരം പോരാളികളിൽ ഒതുങ്ങി. ഇത് വരെ ഇസ്രയേലുമായി നടന്ന യുദ്ധങ്ങളിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹമാസിന് പരാജയം സമ്മതിക്കേണ്ടി വരുന്നതിന് പരിശീലനം സിദ്ധിച്ച പോരാളികളുടെ അഭാവം വലിയ കാരണമായി.

ഇത് പോലെ തന്നെ സാംസ്കാരിക- മാധ്യമ രംഗങ്ങളിലെ ഹമാസിന്റെ അസാനിധ്യവും പ്രകടമാണ്. യൂറോപ്പ്, അമേരിക്ക എന്നിവടങ്ങളിലടക്കം ദശലക്ഷക്കണക്കിന് പലസ്‌തീൻ വംശജർ ജീവിക്കുന്നുണ്ടെങ്കിലും ഇവരുടെ ‘സോഫ്റ്റ് പവർ’ ഉപയോഗപ്പെടുത്തുന്നതിൽ ഹമാസ് പരാജയപ്പെട്ടു. തങ്ങളുടെ ‘അപ്പാർതീഡ് അനുഭവങ്ങൾ’ പടിഞ്ഞാറൻ ജനാധിപത്യ സമൂഹങ്ങൾക്ക് വ്യക്തമായി വിവരിച്ച് കൊടുക്കുന്നതിലും ഹമാസ് പരാജയപ്പെട്ടു. മതപരമായ മുദ്രവാക്യങ്ങൾ മുഴക്കിയത് ലിബറൽ ചിന്താഗതിക്കാരായ ധാരാളം പേരെ മാറ്റി നിർത്തുന്നതിൽ കലാശിച്ചു. യുദ്ധ സമയത്ത് മാത്രം ഉയർന്നു വരുന്ന, സ്ഥാനത്തും അസ്ഥാനത്തും നടത്തുന്ന പ്രക്ഷോഭങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്തു.

നെതന്യാഹുവിന്റെ രക്ഷകനായെത്തുന്ന ഹമാസ്:

കഴിഞ്ഞ 20 വർഷത്തെ കണക്കെടുത്താൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രക്ഷകനായി ഹമാസ് അവതരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രധാന മന്ത്രിയാണ് നെതന്യാഹുവെന്ന് പറയപ്പെടുന്നു. ഇസ്രായേൽ ആഭ്യന്തര രാഷ്ട്രീയത്തിൽ നെതന്യാഹു ഭീഷണികൾ നേരിടുമ്പോഴെല്ലാം ഹമാസിനെ പ്രകോപിക്കുന്ന എന്തെങ്കിലും പ്രവർത്തനം നെതന്യാഹു സെറ്റ് ചെയ്യും. ഇതിനു പിന്നാലെ ഹമാസ് ഇസ്റായേലിനെ ആക്രമിക്കും. ഇതോടെ സംഘർഷത്തിൽ ആകുന്ന ഇസ്രായേലികൾ നെതന്യാഹുവിന് പിന്നാലെ രാഷ്‌ടീയം മറന്ന് ഒന്ന് ചേരും. നെതന്യാഹുവിന്റെ ഈ കൗശലം മനസിലാക്കി പ്രകോപനങ്ങൾക്ക് വിധേയമാകാതെ നിൽക്കാൻ ഹമാസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് അദ്ദേഹം ഇപ്പോൾ കടന്ന് പോകുന്നത്. ഏകദേശം ഒരു ലക്ഷം പേര് അണി നിരന്ന നെതന്യാഹു വിരുദ്ധ മാർച്ച് രണ്ടാഴ്ച മുമ്പാണ് ഇസ്രായേലിൽ നടന്നത്. വിദ്യാർത്ഥി ജീവിതത്തിന്റെ വലിയൊരു ശതമാനം അമേരിക്കയിൽ ചെലവഴിച്ചതിനാൽ ഇംഗ്ലീഷ് ഭാഷയിലെ ഒഴുക്കും അമേരിക്കൻ സാമൂഹ്യ മനഃശാസ്ത്രത്തെ കുറിച്ചുള്ള അവഗാഹവും ഇദ്ദേഹത്തെ അമേരിക്കക്കാരുടെ ഡാർലിംഗ് ആക്കി മാറ്റിയിട്ടുണ്ട്. ഇതിന് സമാനമായ കരിസ്മ ഉള്ള ഒരു പലസ്‌തീൻ നേതാവ് ഇപ്പോഴില്ല.

സിയോണിസ്റ് പ്രസ്ഥാനം ആദ്യ കാലങ്ങളിൽ ഇടത് പക്ഷ സാമുദായിക സംഘമായാണ് ഇസ്രായേലിൽ വളർന്നതെങ്കിലും, നെതന്യാഹുവിനെ പോലുള്ള തീവ്ര വലത് പക്ഷക്കാരാണ് ഇപ്പോൾ രസ്ഷ്ട്രീയത്തിൽ കൂടുതലും. ഇസ്രയേലിന്റെ പ്രഥമ പ്രധാന മന്ത്രി ഡേവിഡ് ബെൻ ഗൂറിയൻ അടക്കമുള്ള ഈ ഇടതു പക്ഷ സംഘമാണ് ഇസ്രായേൽ രൂപീകരിച്ചത്. കമ്മ്യൂണിസ്റ്റ് ഇതിഹാസമായിരുന്നു വിയറ്റനാം നേതാവ് ഹോ ചിമിൻറെ അടുത്ത സുഹൃത്ത് ആയിരുന്നു ബെൻഗൂറിയൻ. എന്നാൽ പിൽകാലത്ത് ജൂത മത തീവ്രവാദികൾ സിയോണിസ്റ് പ്രസ്ഥാനത്തിന്റെ തലപ്പത്തെത്തി.

ഗാസയുടെയും വിശുദ്ധ മുഖദ്ദസ് പള്ളിയുടെയും ഭാവി

‘ഒരിക്കലും ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിക്കില്ല’ എന്നതാണ് ഹമാസിന്റെ പോളിസി. പൂർണ ചന്ദ്രനെ നോക്കി കുറുക്കൻ ഓരിയിടുന്നതിന് തുല്യമാണിത്. ഇസ്രായേൽ ലോക രാഷ്ട്രീയ ഭൂപടത്തിൽ സ്വന്തം സ്ഥാനം രേഖപ്പെടുത്തിയ ഒരു രാജ്യമാണ്. ഹമാസിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇസ്രായേൽ അവിടെ തന്നെ നില നിൽക്കും. ഈ യാഥാർഥ്യം മനസിലാക്കി ഇസ്രായേലുമായി പൂർണമായ സന്ധി സംഭാഷണം നടത്താൻ ഹമാസ് തയ്യാറായെങ്കിലും മാത്രമേ ഗാസക്ക് നില നിൽക്കാൻ സാധിക്കൂ. ഇസ്റായേലിനെ അംഗീകരിച്ചു കൊണ്ട് ഗാസയെ ഒരു സ്വതന്ത്ര രാഷ്രമായി മാറ്റുക എന്നതാണ് ഇതിനുള്ള പരിഹാരം. സ്വന്തമായി തുറമുഖവും ഈജിപ്തുമായി 12 കിലോ മീറ്റർ അതിർത്തിയുമുള്ള ഗാസയുടെ ഭാവിയിൽ കാര്യമായി ആശങ്കപ്പെടേണ്ടതില്ല. വളരെ വിദ്യാസമ്പന്നരായ യുവ ജനങ്ങളുള്ള ഗാസയുടെ ഭാവിയും ശോഭനമാണ്.

ഈസ്റ്റ് ജറൂസലേമിലെ വിശുദ്ധ മുഖദ്ദസ് പള്ളിയുടെ ഭാവി ഇപ്പോൾ തുലാസിൽ ആണുള്ളത്. ഇസ്രായേലിലെ ജൂത മത തീവ്രവാദികൾ വിശുദ്ധ നഗരമായ പടഞ്ഞാറൻ ജറൂസലേമിലെ ക്രൈസ്‌തവ വിശ്വാസികൾക്കും ചർച്ചകൾക്കും നേരെ ആക്രമണങ്ങൾ നടത്തുന്നത് പോലെ, മുസ്ലിം ഭൂരിപക്ഷ നഗരമായ ഈസ്റ്റ് ജെറൂസലേമിലും അഴിഞ്ഞാട്ടം തുടങ്ങിയിട്ടുണ്ട്. ഭരണ കൂടത്തിന്റെയും സൈന്യത്തിന്റെയും അനുമതിയോടെയാണ് ഈ അഴിഞ്ഞാട്ടം നടക്കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ കണക്കു പ്രകാരം ഈസ്റ്റ് ജറൂസലേമും പടിഞ്ഞാറൻ ജറൂസലേമും ഇസ്രയേലിന്റെയോ പലസ്‌തീൻന്റെയോ ഭാഗമല്ല.

മുഖദ്ദസ് പള്ളിയുടെ ഉടമസ്ഥരായ ജോർദാൻ ഭരണ കൂടമാണ് ഈസ്റ്റ് ജറൂസലേം തർക്കത്തിന് പരിഹാരം കാണേണ്ടത്. ഹമാസിനെയോ ഫത്ത പാർട്ടിയെയോ മറ്റേതങ്കിലും പലസ്‌തീൻ ഗ്രൂപ്പുകളെയോ മുഖദ്ദസ് പള്ളിയുടെ പ്രശ്ന പരിഹാരത്തിന് ക്ഷണിക്കേണ്ടതില്ല. ആയിരത്തിലധികം വർഷങ്ങളോളമായി ജോർദാൻ ഭരണാധികാരികൾ ആണ് മുഖദ്ദസ് പള്ളിയുടെ കൈകാര്യകർത്താക്കൾ. അമ്പതിൽ അധികം വരുന്ന മുസ്ലിം-അറബ് രാജ്യതലവന്മാർ ജോർദാന്റെ മധ്യസ്ഥതയിൽ ഇസ്രായേൽ ഭരണ കൂടവുമായി ചർച്ച നടത്തി ഇതിന് പരിഹാരം കാണുകയാണ് വേണ്ടത്.

ഈസ്റ്റ് ജറുസലേം പ്രശ്ന പരിഹാര നിർദേശങ്ങൾ

ജോർദാൻ അതിർത്തിയിൽ നിന്നും 20-30 കിലോ മീറ്റർ നീളത്തിൽ ഒരു കോറിഡോർ ഈസ്റ്റ് ജറൂസലെമിലേക്കു നിർമിച്ചാൽ ഈ പ്രശ്‌നം പരിഹരിക്കാം (ഇന്ത്യ- പാക്കിസ്ഥാൻ കരത്പൂർ കോറിഡോർ മാതൃകയാക്കാം) ജോർദാന്റെ പരമാധികാര പ്രദേശമായി ഈസ്റ്റ് ജറൂസലേമും കോറിഡോറും ഇസ്രായേൽ അംഗീകരിക്കാൻ തയ്യാറാകുന്നതോടെ വെസ്റ്റ് ബാങ്ക് പ്രദേശങ്ങളെ (ജൂദായ -സമരിയ ഡിസ്ട്രിക്ട് ) ഇസ്രായേലിൽ ലയിപ്പിക്കാൻ ജോർദാൻ അടക്കമുള്ള അറബ്- മുസ്ലിം രാജ്യങ്ങളും തയ്യാറാകണം. ഇസ്രായേലിൽ താമസിക്കുന്ന 27 ലക്ഷം അറബ്-ഇസ്രായേലി പൗരന്മാരെ പോലെ വെസ്റ്റ് ബാങ്ക് പ്രദേശത്തുള്ള അറബ് വംശജർ ക്രമേണ ഇസ്രായേൽ പൗരന്മാർ ആയി മാറും. പരസ്പരമുള്ള വിട്ടു വീഴ്ചകളിലൂടെ മാത്രമേ പലസ്തീൻ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടുകയുള്ളു.

Next Post

ഒമാന്‍: മസ്കത്തില്‍ മലയില്‍നിന്ന് വീണ് വനിതക്ക് പരിക്ക്

Sat Oct 14 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ദാഖിലിയ ഗവര്‍ണറേറ്റില്‍ മലയില്‍നിന്ന് വീണ് വനിതക്ക് പരിക്ക്. ജബല്‍ അഖ്ദര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി റോയല്‍ ഒമാന്‍ പൊലീസ് എയര്‍ ക്രാഫ്റ്റില്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ ലഭ്യമാക്കിയതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് […]

You May Like

Breaking News

error: Content is protected !!