യു.കെ: ബ്രിട്ടനിലെ വിവിധ മേഖലകളില്‍ നടന്ന പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്തത് ലക്ഷക്കണക്കിന് ആളുകള്‍

ലണ്ടന്‍: ബ്രിട്ടിഷ് സര്‍ക്കാര്‍ പരസ്യമായി ഇസ്രയേലിന്റെ ഗാസ ആക്രമണത്തെ പിന്തുണയ്ക്കുമ്പോഴും പലസ്തീന്‍ അനുകൂല നിലപാടുമായി തെരുവിലിറങ്ങാനെത്തിയത് ലക്ഷക്കണക്കിന് ആളുകള്‍. ബ്രിട്ടനില വന്‍നഗരങ്ങളില്‍ ഇന്നലെ നടന്ന വിവിധ പലസ്തീന്‍ അനുകൂല റാലിയിലും ധര്‍ണയിലും പങ്കെടുത്തത് ലക്ഷക്കണക്കിന് ആളുകളാണ്. സെന്‍ട്രല്‍ ലണ്ടനില്‍ മാത്രം റാലിയില്‍ പങ്കെടുത്തത് 30,000 പേരാണെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ധ സംഖ്യ ഇതിന്റെ പലമടങ്ങാണെന്നാണ് സംഘാടകരുടെ അവകാശവാദം. ലണ്ടന്‍ ചാരിംങ് ക്രോസ്, സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോ, ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍ റാലിയ്‌ക്കെത്തിയവര്‍ റോഡില്‍ കുത്തിയിരുന്ന് ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ലണ്ടനില്‍ ധര്‍ണയില്‍ പങ്കെടുത്ത 11 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തത് വിദ്വേഷം പരത്തുന്ന മുദ്രാവാക്യം എഴുതി പ്രദര്‍ശിപ്പിച്ചതിനാണ്. നിരോധിത സംഘടനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചതിന് ഇയാള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ രണ്ടുപേര്‍ക്കെതിരെ പൊലീസ് ഓഫിസര്‍മാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും കേസുണ്ട്.

ലണ്ടനു പുറമേ മാഞ്ചസ്റ്റര്‍, ബര്‍മിങാം, ബല്‍ഫാസ്റ്റ്, കാഡിഫ്, ലിവര്‍പൂള്‍, ലീഡ്‌സ്, ഗ്ലാസ്‌ഗോ, എഡിന്‍ബറോ എന്നിവടങ്ങളിലെല്ലാം പതിനായിരങ്ങള്‍ പങ്കെടുത്ത പലസ്തീന്‍ അനുകൂല റാലിയാണ് നടന്നത്. യുദ്ധം ആരംഭിച്ചതുമുതല്‍ എല്ലാ വരാന്ത്യങ്ങളിലും നടക്കുന്ന ഈ പ്രതിഷേധ റാലിയില്‍ ആഴ്ചതോറും ആളുകള്‍ കൂടിവരുന്ന കാഴ്ചയാണുള്ളത്. പലസ്തീന്‍ സോളിഡാരിറ്റി ക്യാംപെയ്‌ന്റെ ആഭിമുഖ്യത്തിലാണ് റാലികള്‍ നടത്തുന്നത്. സെന്‍ട്രല്‍ ലണ്ടനിലെ ട്രഫാള്‍ഗര്‍ സ്‌ക്വയറില്‍ ഒത്തുചേര്‍ന്നായിരുന്നു ഇന്നലെ പ്രതിഷേധക്കാര്‍ നഗരത്തിലൂടെ ജാഥയായി നീങ്ങിയത്. റിമംബറന്‍സ് ഡേയുടെ ഭാഗമായുള്ള ആചാരപരമായ പരിപാടികള്‍ നടക്കുന്ന അടുത്തയാഴ്ച ലണ്ടനില്‍ ഇത്തരം പ്രതിഷേധ മാര്‍ച്ചുകള്‍ അനുവദിക്കാനാകില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. അന്നേദിവസം പ്രതിഷേധ മാര്‍ച്ച് നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. പ്രകടനം നടന്നാല്‍ തന്നെ അത് ചടങ്ങുകളെ ബാധിക്കാതിരിക്കാന്‍ കനത്ത പൊലീസ് സന്നാഹത്തെ നഗരത്തില്‍ വിന്യസിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

Next Post

യു.കെ: സ്കോട്ലാന്റിൽ ചരിത്രമായി കേരളാ ഫുഡ് ഫെസ്റ്റിവൽ

Fri Nov 10 , 2023
Share on Facebook Tweet it Pin it Email യൂകെ യുടെ ഭാഗമായ സ്കോട്ലൻഡിൽ ആദ്യമായി ഒരു കേരളാ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു യുണൈറ്റഡ് മലയാളി മുസ്ലിം അസോസിയേഷൻ സ്കോട്ലൻഡിന്റെ ചരിത്രത്തിൽ ഇടംപിടിച്ചു. സ്കോട്ലൻഡിന്റെ വ്യവസായ തലസ്ഥാനമായ ഗ്ലാസ്‌ഗോവിൽ ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ( 5 നവംബർ ) കേരളാ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെട്ടത്. സ്കോട്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇംഗ്ലണ്ടിലും വെയിൽസിൽ നിന്നുപോലും ആയിരത്തിലധികം ആളുകൾ പങ്കെടുത്തു. UMMA […]

You May Like

Breaking News

error: Content is protected !!