കുവൈത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; പാര്‍ലമെന്റ് പിരിച്ചുവിട്ടു

കുവൈത്തില്‍ പാർലമെന്റ് പിരിച്ചുവിട്ടതോടെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഭരണഘടനാ തത്വങ്ങളുടെ ലംഘനം ചൂണ്ടിക്കാണിച്ച്‌ കഴിഞ്ഞ ദിവസമാണ് കുവൈത്ത് അമീർ ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പാർലമെന്റ് പിരിച്ചുവിടുന്നത്. ഭരണഘടനയുടെ ആർട്ടിക്കിള്‍ 107 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് അമീർ പാർലമെന്റ് പിരിച്ചുവിട്ടത്. ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിലവില്‍ വരും.

ഗവണ്‍മെൻറും തെരഞ്ഞടുക്കപ്പെട്ട എം.പിമാരും തമ്മിലുള്ള തർക്കങ്ങളും ഭരണഘടനാ തത്വങ്ങളുടെ ലംഘനവുമാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം. ഭരണഘടന പ്രകാരം അമീറിനെയും അദ്ദേഹത്തിന്റെ നടപടികളെയും തീരുമാനങ്ങളെയും എം.പിമാർ വിമർശിക്കാൻ പാടില്ല. പാർലമെന്റ് അംഗം അമീറിനെതിരെ നടത്തിയ പദപ്രയോഗം സഭ ചട്ടങ്ങളുടെ ലംഘനമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പരാമർശം രേഖകളില്‍ നിന്ന് നീക്കാൻ സ്പീക്കർ അഹമദ് അല്‍ സദൂൻ തീരുമാനിച്ചിരുന്നു. എന്നാല്‍ വിഷയം വോട്ടിനിടുവാൻ പാർലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടർന്ന് നടന്ന വോട്ടെടുപ്പില്‍ 44 എം.പിമാർ സ്പീക്കറിന്റെ നടപടി നിരസിച്ചു. ഭൂരിപക്ഷം എം.പിമാരും പരാമർശം രേഖകളില്‍ നിന്ന് നീക്കാൻ വിസമ്മതിച്ചതാണ് ദേശീയ അസംബ്ലി പിരിച്ചുവിടുന്ന നടപടിയിലേക്ക് എത്തിച്ചത്. ഗവണ്‍മെൻറും മന്ത്രിമാരും കഴിഞ്ഞ ദിവസം നടന്ന ദേശീയ അസംബ്ലി സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച വൈകീട്ട് നടന്ന അസാധാരണ കാബിനറ്റ് യോഗത്തിലാണ് പാർലമെന്റ് പിരിച്ചുവിടുന്ന അമീരി ഉത്തരവിന് അംഗീകാരം നല്‍കിയത്.

2023 ജൂണ്‍ 6 ന് തെരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലിയാണ് ഇപ്പോള്‍ പിരിച്ചുവിട്ടത്. കഴിഞ്ഞ 18 മാസത്തിനിടെ ദേശീയ അസംബ്ലി പിരിച്ചുവിടുന്നത് ഇത് മൂന്നാം തവണയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും സജീവമായ അസംബ്ലിയുള്ളത് കുവൈത്തിനാണ്. മജ്‌ലിസ് അല്‍-ഉമ്മ എന്ന് അറിയപ്പെടുന്ന ദേശീയ അസംബ്ലിയില്‍ അഞ്ച് മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അൻപത് അംഗങ്ങളാണ് ഉള്ളത്. നാലുവർഷത്തില്‍ ഒരിക്കലാണ് തെരഞ്ഞെടുപ്പ് നടക്കുക. പാർലമെന്റ് പിരിച്ചുവിട്ടതോടെ രാജ്യത്തില്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങി. പാർലമെന്റ് പിരിച്ചുവിട്ടാല്‍ രണ്ടു മാസത്തിനുള്ളില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് രാജ്യത്തെ നിയമം. തർക്കങ്ങള്‍ തുടരുന്നത് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.

Next Post

ഒമാൻ : മോഷണ കേസില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

Sun Feb 18 , 2024
Share on Facebook Tweet it Pin it Email ഒമാനിലെ മസ്കറ്റ് ഗവർണറേറ്റില്‍ മോഷണക്കേസില്‍ മൂന്നുപേരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ് ചെയ്തു. ബൗഷർ വിലയത്തിലെ രണ്ടു വീടുകളില്‍ നിന്നുമാണ് മോഷണം നടത്തിയതെന്ന് റോയല്‍ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അറബ് വംശജരായ മോഷ്ടാക്കള്‍ ആഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും, ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളുമാണ് രണ്ടു വീടുകളില്‍ നിന്നുമായി മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഈ മൂന്നു പേർക്കുമെതിരെയുള്ള നിയമ നടപടികള്‍ പൂർത്തീകരിച്ചു […]

You May Like

Breaking News

error: Content is protected !!