ഒമാന്‍: എയര്‍ ഇന്ത്യ എക്സ്പ്രസ്, തിരുവനന്തപുരത്തേക്ക് ദിനേന സര്‍വിസ്, കണ്ണൂരിലേക്കും വര്‍ധിപ്പിക്കുന്നു

മസ്കത്ത്: മസ്കത്തില്‍നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ എല്ലാ ദിവസവും സർവിസ് നടത്താൻ തുടങ്ങിയത് യാത്രക്കാർക്ക് സൗകര്യമായി. കണ്ണൂരിലേക്കുള്ള സർവിസുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആഴ്ചയില്‍ അഞ്ചായി വർധിപ്പിക്കും. ഇതോടെ യാത്രാപ്രയാസം ഏറെ നേരിടുന്ന കണ്ണൂർ യാത്രക്കാർക്ക് നേരിയ ആശ്വാസമാകും. നിലവില്‍ എയർ ഇന്ത്യ എക്സ്പ്രസ് നാല് സർവിസുകളാണ് കണ്ണൂരിലേക്ക് നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ എല്ലാ ദിവസവും സർവിസുകള്‍ നടത്തുന്നുണ്ട്. തിരുവന്തപുരത്തേക്ക് സർവിസ് നടത്തിയിരുന്ന സലാം എയർ നിർത്തിയതോടെ ഈ സെക്ടറിലെ യാത്രക്കാർ ഏറെ പ്രയാസങ്ങള്‍ നേരിട്ടിരുന്നു. അടുത്തിടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ എല്ലാ ദിവസവും സർവിസുമായി രംഗത്ത് വന്നത്.

ഗോ ഫസ്റ്റ് സർവിസ് നിർത്തിയതോടെയാണ് കണ്ണൂർ യാത്രക്കാരുടെ ദുരിതം ആരംഭിച്ചത്. ഗോ ഫസ്റ്റ് ആഴ്ചയില്‍ എല്ലാ ദിവസവും സർവിസ് നടത്തിയിരുന്നു. അക്കാലത്ത് എയർ ഇന്ത്യ എക്സ്പ്രസ് തിങ്കള്‍, ബുധൻ, ശനി ദിവസങ്ങളിലാണ് മൂന്ന് സർവിസ് മാത്രമാണ് നടത്തിയിരുന്നത്. യാത്രക്കാരുടെ മുറവിളി വർധിച്ചതോടെ സർവിസുകള്‍ നാലായി വർധിപ്പിക്കുകയായിരുന്നു. അടുത്ത മാസം മുതല്‍ പുതിയ ഷെഡ്യൂള്‍ ആരംഭിക്കും. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് കണ്ണൂരില്‍ നിന്നും സർവിസുകള്‍ നടത്തുക. തിങ്കള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ കാലത്ത് 9.45ന് പുറപ്പെട്ട് 2.40 കണ്ണൂരിലെത്തും. വ്യാഴാഴ്ച 7.35ന് പുറപ്പെട്ട് 12.30നും വെള്ളിയാഴ്ച പുലർച്ചെ 3.20ന് പുറപ്പെട്ട് 8.15നും കണ്ണുരിലും എത്തും. കണ്ണൂരില്‍ നിന്ന് തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളില്‍ കാലത്ത് 6.45ന് പുറപ്പെടുന്ന വിമാനം 8.45ന് ആണ് മസ്കത്തിലെത്തുക. വ്യാഴം കാലത്ത് 4.35ന് പുറപ്പെട്ട് 6.35ന് മസ്കത്തില്‍ ലാൻഡ് ചെയ്യും. വെള്ളി രാത്രി 12.20ന് പുറപ്പെടുന്ന വിമാനം 2.20ന് ആണ് മസ്കത്തില്‍ എത്തുക.

മസ്കത്തില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എല്ലാ ദിവസവും ഉച്ചക്ക് 12.15ന് പുറപ്പെട്ട് വൈകുന്നേരം 5.40ന് ആണ് തലസ്ഥാന നഗരിയില്‍ എത്തുക. രാവിലെ 8.30നാണ് വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. ഉച്ചക്ക് 11ന് മസ്കത്തില്‍ ലാൻഡ് ചെയ്യും. കോഴിക്കോട്ടേക്കുള്ള വിമാനം പഴയ പോലെ എല്ലാ ദിവസവും പുലർച്ചെ 2.15 മസ്കത്തില്‍ നിന്നും പുറപ്പെട്ട് കാലത്ത് 7.20ന് എത്തിച്ചേരും. കണ്ണൂരില്‍നിന്ന് സർവിസുകള്‍ കൂട്ടണമെന്ന് യാത്രക്കാർ മാസങ്ങളായി മുറവിളി കൂട്ടുന്നുണ്ടെങ്കിലും ഒരു സർവിസ് മാത്രം വർധിപ്പിച്ചത് യാത്രക്കാരെ തൃപ്തരാക്കിയിട്ടില്ല. ഗോ ഫസ്റ്റ് സർവിസ് പുനരാരംഭിക്കാത്ത സാഹചര്യത്തില്‍ ആഴ്ചയില്‍ എല്ലാ ദിവസവും എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തണമെന്നാണ് കണ്ണൂർ യാത്രക്കാർ ആവശ്യപ്പെടുന്നത്. കണ്ണൂരിനോടുള്ള അവഗണന വിമാനത്താവളത്തിന്റെ വളർച്ച മുടരിപ്പിക്കുമെന്നും കണ്ണൂർ യാത്രക്കാർ പറയുന്നു.

Next Post

കുവൈത്ത്: കൊല്ലം ജില്ല പ്രവാസി സമാജം ഇഫ്താര്‍ സംഗമം

Thu Mar 21 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ ഇഫ്‌താർ സംഗമം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളില്‍ നടന്നു. പ്രസിഡന്റ് അലക്സ് പുത്തൂർ അധ്യക്ഷത വഹിച്ചു. മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഇഫ്‌താർ പ്രോഗ്രാം കണ്‍വീനർ അല്‍ അമീൻ മീര സാഹിബ് സ്വാഗതം പറഞ്ഞു. ഫൈസല്‍ മഞ്ചേരി മുഖ്യഭാഷണം നടത്തി. മുഖ്യാതിഥി യുനൈറ്റഡ് […]

You May Like

Breaking News

error: Content is protected !!