ന്യൂഡല്‍ഹി: പെഗാസസ് ചാരവൃത്തി കേസില്‍ വിധി പറയവെ, പൗരന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട് സുപ്രിം കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങള്‍.
ദേശസുരക്ഷയുടെ പേരുപറഞ്ഞ് എല്ലായ്‌പ്പോഴും സര്‍ക്കാറിന് ഫ്രീ പാസ് നല്‍കാനാവില്ല എന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ പറഞ്ഞു. വിഷയം പരിശോധിക്കാന്‍ റിട്ട. സുപ്രിംകോടതി ജഡ്ജി ആര്‍വി രവീന്ദ്രന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെയും കോടതി നിയോഗിച്ചു. വിദഗ്ധ സമിതിയെ തങ്ങള്‍ നിയോഗിക്കാം എന്ന കേന്ദ്രത്തിന്‍റെ ആവശ്യം കോടതി തള്ളി.
ഒരു രഹസ്യം നിങ്ങള്‍ സൂക്ഷിക്കണമെങ്കില്‍ അത് നിങ്ങളില്‍ നിന്നു തന്നെ മറയ്ക്കണമെന്ന ഇംഗ്ലീഷ് നോവലിസ്റ്റ് ജോര്‍ജ് ഓവര്‍വലിന്റെ ഉദ്ധരണിയോടെയാണ് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവം ആരംഭിച്ചത്. കോടതി നടത്തിയ അഞ്ച് സുപ്രധാന നിരീക്ഷണങ്ങള്‍.
1- ദേശസുരക്ഷാ ഉത്കണ്ഠകള്‍ ഉയര്‍ത്തി എല്ലായ്‌പ്പോഴും ഭരണകൂടത്തിന് ഫ്രീപാസ് നല്‍കാനാകില്ല. കേന്ദ്രം നിശ്ശബ്ദമായി നില്‍ക്കാതെ നിലപാട് വ്യക്തമാക്കണം.
2- സ്വകാര്യതയ്ക്കുള്ള അവകാശത്തില്‍ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ അത് ഭരണഘടനയുടെ സൂക്ഷ്മപരിശോധയ്ക്ക് വിധേയമാണ്. ആധുനിക ലോകത്ത് ഭീകരപ്രവര്‍ത്തനം തടയാനാണ് സ്വകാര്യതയ്ക്ക് മേല്‍ നിയന്ത്രണം കൊണ്ടുവരുന്നത്. ദേശസുരക്ഷ സംരക്ഷിക്കാന്‍ ആവശ്യമുള്ള ഘട്ടത്തില്‍ മാത്രമേ ഈ നിയന്ത്രണങ്ങള്‍ ചുമത്താവൂ.
3- സ്വകാര്യതാ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടത് പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന് വ്യക്തമായ നിലപാടില്ല. ഇന്ത്യയ്ക്കാരെ നിരീക്ഷിച്ചതില്‍ വിദേശ ഏജന്‍സികള്‍ക്കുള്ള പങ്ക് ഗൗരവതരമാണ്.
4- നീതി നടപ്പാക്കുക മാത്രമല്ല, നടപ്പാക്കിയെന്ന് കാണിക്കുകയും വേണം.
5- ചാരവൃത്തി പരിശോധിക്കാന്‍ റിട്ടയേഡ് സുപ്രിംകോടതി ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചെന്ന് കോടതി. 1976 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ അലോക് ജോഷി, ഡോ. സന്ദീപ് ഒബ്‌റോയ് എന്നിവരാണ് മറ്റംഗങ്ങള്‍. മലയാളി പി പ്രഭാകരന്‍ ഉള്‍പ്പെടെ സാങ്കേതിക സമിതിയെയും കോടതി നിയോഗിച്ചു.
ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ പൊതുചര്‍ച്ചയോ കോടതി ഇടപെടലോ ആവശ്യമില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്, മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍, എഡിറ്റേഴ്‌സ് ഗില്‍ഡ്, മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ തുടങ്ങിയവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
