
നോർത്താംപ്ടൺ : യുകെയിൽ താമസിക്കുന്ന കോഴിക്കോട് ജില്ലക്കാരുടെ സംഗമമായ ‘നമ്മുടെ കോയിക്കോട്’ സംഗമത്തിന് ഉജ്വല പരിസമാപ്തി. കഴിഞ്ഞ ഞായറാഴ്ച നോർതാംട്ടനിൽ ആണ് കോഴിക്കോട് ജില്ലക്കാരുടെ പ്രഥമ സംഗമം നടന്നത്. ലണ്ടൻ, മാഞ്ചസ്റ്റർ, സ്കോർട്ട്ലൻഡ്, ലിവർപൂൾ തുടങ്ങി യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോഴിക്കോട്ടുകാരുടെ സംഗമത്തിൽ അറുനൂറോളം പേർ പങ്കെടുത്തു.
പ്രമുഖ എഴുത്തുകാരൻ എം.എൻ. കാരശ്ശേരി മുഖ്യാതിഥിയായിയായിരുന്നു. കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തെ കുറിച്ച് പ്രത്യേകം പരാമർശിച്ച കാരശ്ശേരി, കോഴിക്കോടുകാരുടെ മുഖമുദ്രയായ സത്യസന്ധത ഒരിക്കലും കൈവെടിയരുതെന്ന് സദസ്യരെ ഓർമിപ്പിച്ചു.
സംഗമത്തോടനുബന്ധിച്ച് വിവിധ സംഗീത- കലാ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
കോഴിക്കോടിന്റെ രുചി ഒപ്പുന്ന കോഴിക്കോടൻ പലഹാരങ്ങളും ബിരിയാണിയും പാനീയങ്ങളും സംസ്കാര തനിമയുടെ മാപ്പിളപ്പാട്ടും നൃത്തരൂപങ്ങളും ആർപ്പുവിളിക്കാൻ വടം വലിയും സംഗമത്തിൽ ക്രമീകരിച്ചിരുന്നു.
രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച് വൈകുന്നേരം ഏഴു മണിവരെ നീണ്ടുനിന്ന സംഗമത്തിന് ഡോ. റിയാസ്, ഡെൽബേട്ട്, സലാം കുന്നുമ്മൽ, രാജേഷ്അ കട്ടിപ്പാറ, ആഖിബ് ലണ്ടൻ, അസീസ്, സുപ്രഭ, തൗഫീർ, ഷൈനിഷ്, ഡോ. റോഷ്‌നി റിയാസ്, സിയാദ് കാടംപിലാക്കൽ തുടങ്ങി ഇരുപതോളം വ്യക്തികളാണ് നേതൃത്വം നൽകിയത്. കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന അശരണരായ കുടുംബങ്ങളെ സഹായിക്കുന്ന പ്രവർത്തനങ്ങൾ ഭാവിയിൽ നടത്താൻ ഉദ്ദേശിക്കുന്നതായി പ്രസിഡണ്ട് മുഹമ്മദ് കേളോത്ത് അറിയിച്ചു. സംഗമത്തിന് മുഹമ്മദ് കേളോത്ത് സ്വാഗതവും ഡോ. മിഥുൻ നന്ദിയും പറഞ്ഞു.
