
മസ്കത്ത്: സുല്‍ത്താനേറ്റിന്‍റെ 52ാം ദേശീയ ദിനത്തിനായി രാജ്യം ഒരുങ്ങുന്നു. രണ്ടുവര്‍ഷക്കാലത്തെ കോവിഡ് ഭീതിക്ക് ശേഷമുള്ള ആദ്യത്തെ ദേശീയ ദിനമായതിനാല്‍ ആഘോഷങ്ങള്‍ക്ക് പൊലിമ വര്‍ധിക്കും.
കഴിഞ്ഞ വര്‍ഷം ദേശീയ ദിനാഘോഷങ്ങള്‍ നടന്നിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ ഭാഗികമായി നിലവിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രധാന ഹൈവേക്ക് ഇരുവശവും റോയല്‍ ഒപേര ഹൗസിന് സമീപവുമൊക്കെ മനോഹരമായി ദീപാലങ്കാരം നടത്തിയിരുന്നു. ഈ വര്‍ഷവും ആഘോഷ പരിപാടികള്‍ കേമമാവും. ഇതിന്‍റെ ഭാഗമായി റോഡുകളില്‍ ഒമാന്‍റെ ത്രിവര്‍ണ പതാക പാറിക്കളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നവംബര്‍ 18നാണ് ദേശീയ ദിനാഘോഷം.
മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍റെ ജന്മദിനമാണ് ഒമാന്‍ ദേശീയ ദിനമായി കൊണ്ടാടുന്നത്. ആഘോഷത്തിന്‍റെ ഭാഗാമയി നാടും നഗരവും കൊടിതോരണങ്ങള്‍കൊണ്ട് അലങ്കരിക്കല്‍ സാധാരണമാണ്. ഒമാനിലെ എല്ലാ ഗ്രാമങ്ങളും നഗരങ്ങളും അലങ്കരിക്കുന്നതോടെ രാജ്യം ഉത്സവ അന്തരീക്ഷത്തിലേക്ക് നീങ്ങും. റാലികളും നടക്കാറുണ്ട്. കുട്ടികള്‍ വെള്ളയും ചുവപ്പും പച്ചയും നിറഞ്ഞ വസ്ത്രങ്ങളിഞ്ഞ് സന്തോഷം പങ്കുവെക്കും. വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡ് നടക്കും. ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിഖാണ് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുക. രാജ്യത്തിന്‍റെ പ്രധാന കേന്ദ്രങ്ങളില്‍ വെടിക്കെട്ടും നടക്കും. നിസ്വ അടക്കമുള്ള നഗരങ്ങളില്‍ സ്വദേശികളുടെ നൃത്തം അടക്കമുള്ള കലാപരിപാടികളും അരങ്ങേറും. ദേശീയ ദിനത്തിന്‍റെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കല്‍ സാധാരണമാണ്. മുന്‍കാലങ്ങളില്‍ സ്വദേശികളും വിദേശികളും വ്യാപകമായി വാഹനങ്ങള്‍ അലങ്കരിക്കാറുണ്ടായിരുന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ വാഹന അലങ്കാരം കുറവായിരുന്നു. പഴയ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്‍റെയും പുതിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതമിന്‍റെറയും ചിത്രങ്ങളും രാജ്യത്തിന്‍റെ ദേശീയപതാകയും ദേശീയ ചിഹ്നങ്ങളും കൊണ്ടാണ് വാഹനങ്ങള്‍ അലങ്കരിക്കുന്നത്.
നിരവധി അലങ്കാര വസ്തുക്കള്‍ വിപണിയില്‍ ഇറങ്ങാറുണ്ട്. തൊപ്പി, ഷാളുകള്‍, ടീ ഷര്‍ട്ടുകള്‍, കൊടികള്‍, കീചെയിനുകള്‍, പേനകള്‍, വിവിധതരം സ്റ്റിക്കറുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. മുന്‍കാലങ്ങളില്‍ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി മത്ര അടക്കമുള്ള പ്രധാന സൂഖുകളില്‍ വന്‍ തിരക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. ദുബൈയില്‍നിന്നും മറ്റും അലങ്കാര ഉല്‍പന്നങ്ങള്‍ എത്തിച്ചാണ് ഇവര്‍ വ്യാപാരം നടത്തുന്നത്. ഈ വര്‍ഷത്തെ ശരിയായ ചിത്രം നിലവില്‍ വന്നിട്ടില്ല. എങ്കിലും വ്യാപാരികളില്‍ പലരും നല്ല ദേശീയദിന കച്ചവടമാണ് പ്രതീക്ഷിക്കുന്നത്.
