യു.കെ: യുകെയിലേക്കുള്ള വിമാനത്തില്‍ മലയാളി കുഴഞ്ഞു മരിച്ചു – വിട പറഞ്ഞത് ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ്

കൊച്ചി -ലണ്ടന്‍ എയര്‍ഇന്ത്യ വിമാനത്തില്‍ യുകെ മലയാളി യാത്രയ്ക്കിടെ മരണമടഞ്ഞു. നോട്ടിങ്ഹാമിന് സമീപം ഡെര്‍ബിഷെയറിലെ ഇല്‍ക്കിസ്റ്റണില്‍ താമസിക്കുന്ന ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് (ജോര്‍ജേട്ടന്‍ (65)) ആണ് നാട്ടില്‍ നിന്നുള്ള മടക്ക യാത്രയ്ക്കിടെ മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എ 1 -149 വിമാനത്തിലായിരുന്നു സംഭവം. ഭര്‍ത്താവിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഭാര്യ സോഫിയയ്ക്ക് മരണ വാര്‍ത്തയാണ് കേള്‍ക്കേണ്ടിവന്നത്.

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം നേരിട്ട ദിലീപിന് യാത്രക്കാരിലെ മെഡിക്കല്‍ പ്രൊഫഷണല്‍സിന്റെ സഹായത്തോടെ മെഡിക്കല്‍ സഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിമാനം ലണ്ടനിലേക്ക് പറക്കുന്നതിനിടെ തന്നെ എയര്‍ ഇന്ത്യയുടെ കൊച്ചിയിലേയും ലണ്ടനിലേയും ഓഫീസുകളിലേക്ക് അടിയന്തര സന്ദേശം ലഭിച്ചിരുന്നു. അടിയന്തര മെഡിക്കല്‍ സഹായം വേണമെന്നും യാത്രക്കാരന്റെ ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിക്കണമെന്നുമായിരുന്നു സന്ദേശം. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പൊലീസിന്റെയും ആംബുലന്‍സിന്റെയും സഹായമാണ് ആവശ്യപ്പെട്ടത്. ദിലീപിന്റെ മൃതദേഹം ഇപ്പോഴും ഹീത്രു എയര്‍പോര്‍ട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. തുടര്‍ നടപടി പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെ നടത്തിയേക്കും

വര്‍ഷങ്ങള്‍ക്ക് മുമ്പ് നോട്ടിങ്ഹാമില്‍ എത്തിയ ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് പരിചയക്കാര്‍ക്കെല്ലാം ജോര്‍ജേട്ടനായിരുന്നു.മൂവാറ്റുപുഴ സ്വദേശിയാണ്. നിര്‍മല കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയാണ്. ആദ്യ ഭാര്യയുടെ മരണ ശേഷം പാക് സ്വദേശിയായ സോഫിയയെ വിവാഹം കഴിച്ചു,മൂന്നു മക്കളുണ്ട്. ഭര്‍ത്താവിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ട സോഫിയയ്ക്ക് യാത്രാ മധ്യേ ഭര്‍ത്താവ് ഗുരുതരവാസ്ഥയിലാണെന്ന സന്ദേശം ലഭിച്ചിരുന്നു.

കേരളത്തില്‍ മൂവാറ്റുപുഴയാണ് ദിലീപിന്റെ കുടുംബ വേരുകള്‍. മാതാപിതാക്കളും മറ്റും ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന് അടുത്ത ബന്ധുക്കളായി ഏതാനും ചിലരെ കേരളത്തില്‍ ഉള്ളൂ എന്നാണ് വിവരം. ഇതില്‍ ഒരാള്‍ ആലപ്പുഴയില്‍ ഉള്ള സഹോദരി തുല്യയായ ബന്ധുവാണ്.

നാട്ടില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ എത്തി ആയുര്‍വേദ ചികിത്സ നടത്താറുള്ള ദിലീപ് ഇത്തവണയും അത്തരം ഒരു യാത്രയാണ് നടത്തിയത്. ബന്ധുക്കളോട് യാത്ര പറഞ്ഞു വിമാനത്താവളത്തിലേക്ക് കടക്കുമ്പോള്‍ ഒരു പക്ഷെ ഇനിയൊരു കണ്ടുമുട്ടല്‍ ഇല്ലെന്നും എല്ലാവരെയും അവസാനമായി കാണാനുള്ള യാത്രയായിരുന്നു അതെന്നും വിധി തീര്‍ച്ചപ്പെടുത്തിയിരിക്കണം. കെനിയയിലേക്കു കുടിയേറിയ മലയാളി കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. പിന്നീട് കെനിയയില്‍ ഇന്നും ഇന്ത്യന്‍ വംശജര്‍ കൂട്ടത്തോടെ യുകെയിലേക്കു കൂടു മാറിയപ്പോള്‍ ആ കൂട്ടത്തില്‍ എത്തിയതാണ് ദിലീപിന്റെ കുടുംബവും.

Next Post

കുവൈത്ത്: കുവൈത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണ ഡിജിറ്റലാകുന്നു

Fri Feb 17 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ പൂര്‍ണ ഡിജിറ്റലൈസേഷന്‍ വൈകാതെ നിലവില്‍ വരും. ഇതിന്റെ ആദ്യപടിയായി സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലാക്കും. നാല് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാനുള്ള പദ്ധതിക്ക് മന്ത്രിതല സമിതി രൂപം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. പദ്ധതിക്ക് വേഗം കൂട്ടുന്നതിനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് ഡേറ്റാ സെന്ററുകള്‍ കൂടി നിര്‍മിക്കും. നിലവിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതോടെ രാജ്യത്തെ 110ലധികം സര്‍ക്കാര്‍ ഏജന്‍സികളുടെ സേവനങ്ങള്‍ […]

You May Like

Breaking News

error: Content is protected !!