കുവൈത്ത്: കുവൈത്ത് തിരഞ്ഞെടുപ്പ് തുടങ്ങി കാത്തിരിപ്പോടെ മലയാളികളും – കുവൈത്ത് ഇലക്ഷന്‍ 03

ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാരബന്ധം നൂറ്റാണ്ടുകളുടെ പഴക്കമുറ്റതാണെന്നും അത് ഇന്നും സജീവമായി നില്‍ക്കുന്നതാണെന്നും കുവൈത്ത് വാര്‍ത്താവിനിമയ മന്ത്രിയായ അബ്ദുറഹ്‌മാന്‍ അല്‍ മുതേരി അഭിപ്രായപ്പെട്ടു.

ദീര്‍ഘകാലത്തെ സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ വേരുറച്ച രാഷ്ട്രീയബന്ധം കൂടിയാണത്. എണ്ണ കണ്ടെത്തിയ ശേഷമുള്ള കുവൈത്തിന്റെ വികസനത്തില്‍ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ചു മലയാളികള്‍ക്ക് നിര്‍ണായകമായ ബന്ധമുണ്ട്. പരസ്പര ബഹുമാനത്തിന്റെയും പരസ്പര പൂരകത്വത്തിന്റെയും സാമൂഹികവും സാംസ്‌കാരികവുമായ ബന്ധം കൂടിയാണത്. കുവൈത്തിന്റെ വളര്‍ച്ചയില്‍ മലയാളികള്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് അബ്ദുള്‍ റഹ്‌മാന്‍ അല്‍ മുതേരി പറഞ്ഞു.

കുവൈത്ത് ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് നിരീക്ഷിക്കാനും അവലോകനം നടത്താനും ക്ഷണിതാക്കളായി എത്തിയ ഇന്ത്യന്‍ പ്രതിനിധികള്‍ക്കു നല്‍കിയ അഭിമുഖത്തിലാണു യുവമന്ത്രിയായ അബ്ദുറഹ്‌മാന്‍ അല്‍ മുതേരി കുവൈത്ത്- ഇന്ത്യന്‍ ബന്ധത്തിന്റെ പ്രാധാന്യം അനുസ്മരിച്ചത്. രണ്ടു വര്‍ഷമായി നിലകൊള്ളുന്ന ഭരണകാര്യങ്ങളിലെ അനിശ്ചിതത്വം ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശങ്കകളുണര്‍ത്തുന്നുണ്ടെന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ അബ്ദുറഹ്‌മാന്‍ അല്‍ മുതേരിയെ അറിയിച്ചു. പുതിയ വിസകള്‍ നല്‍കുന്നതിലുള്ള പിന്‍പറ്റല്‍, സ്വദേശിവത്കരണം, പുതിയ വികസനപദ്ധതികളുടെ വൈകല്‍ തുടങ്ങിയവ പ്രവാസികളില്‍ ഭയാശങ്ക ഉണര്‍ത്തുന്നുണ്ടെന്നു തിരഞ്ഞെടുപ്പ് നിരീക്ഷകരായി എത്തിയ പ്രതിനിധികള്‍ പറഞ്ഞു.

ഇന്ത്യയെപ്പോലുള്ള മഹത്തായ ജനാധിപത്യ സംവിധാന പ്രക്രിയയില്‍നിന്ന് കുവൈത്തിനു പലതും മനസിലാക്കാനുണ്ട്. പുതിയ പ്രതിസന്ധിയെ അതിജീവിക്കാനാണു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. ജനാധിപത്യമൂല്യങ്ങളെ അംഗീകരിച്ചുകൊണ്ടാണു തിരഞ്ഞെടുപ്പ് നടത്തുന്നത്. പുതിയ തിരഞ്ഞെടുപ്പുഫലം രാഷ്ട്രീയ പ്രതിസന്ധികളെ ജനാധിപത്യപരമായി അതിജീവിക്കാനാകുമെന്നും അബ്ദുറഹ്‌മാന്‍ അല്‍ മുതേരി പ്രതീക്ഷിക്കുന്നു.

കാണാത്ത രാജ്യങ്ങളിലെ പോലും ഭരണ-രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച്‌ മനസിലാക്കുന്നവരാണു മലയാളികള്‍. ഇന്നു ലോകത്തിന്റെ ഏതു ഭാഗത്തും നടക്കുന്ന തിരഞ്ഞെടുപ്പും പ്രവാസജീവിതത്താല്‍ മലയാളികള്‍ക്കു പ്രധാനപ്പെട്ടതുമാണ്. സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ബിസിനസുകാരും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും കുവൈത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചു ബോധമുള്ളവരാണ്. നാലു പതിറ്റാണ്ടിലധികം കാലമായി കുവൈത്തില്‍ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളിലും മാധ്യമ പ്രവര്‍ത്തനത്തിലും പങ്കാളിയായിട്ടുള്ള സിദ്ദീഖ് വലിയകത്ത് കുവൈത്തിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച്‌ ശുഭാപ്തി വിശ്വാസം വെച്ച്‌ പുലര്‍ത്തുന്നു. രാജാധികാര- ജനാധിപത്യ മിശ്രിത രാഷ്ട്രീയ സാഹചര്യങ്ങള്‍ ചിലപ്പോള്‍ അനിശ്ചിതത്വത്തിലെത്തിച്ചേര്‍ക്കുന്നുണ്ട്. എന്നാല്‍ അതിന്റെ ഗുണവശങ്ങളെക്കുറിച്ച്‌ സിദ്ദീഖ് വലിയകത്ത് ചൂണ്ടിക്കാണിക്കുന്നു. അത് രാഷ്ട്രീയകാര്യങ്ങളില്‍ കുവൈത്ത് ജനങ്ങള്‍ക്കും പ്രവാസികള്‍ക്കും അഭിപ്രായസ്വാതന്ത്ര്യം നല്‍കുന്നുണ്ട്. പ്രശ്‌നങ്ങളെ രാഷ്ട്രീയമായി പരിഹരിക്കപ്പെടാന്‍ അവസരം ഉണ്ടാക്കുന്നുമുണ്ട്. സിദ്ദീഖ് വലിയകത്ത് കരുതുന്നു.

ദീര്‍ഘകാലമായി കുവൈത്ത് വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുന്ന വി.ആര്‍. വിജയന്‍ നായര്‍ കുവൈത്തി മലയാളി സൗഹൃദത്തിന്റെ ക്രിയാത്മകമായ തലം ചൂണ്ടിക്കാണിക്കുന്നു. അത് മലബാറുമായുള്ള ദീര്‍ഘകാലബന്ധത്തിന്റെ പ്രതിഫലനമാണ്. അതുകൊണ്ടാണ് കുവൈത്തിന്റെ ഉയര്‍ച്ചയില്‍ മലയാളികള്‍ക്കു വിശേഷപ്പെട്ട പങ്കാളിത്തം നല്‍കാനായത്. ഭരണകര്‍ത്താക്കള്‍ ഇന്ത്യക്കാരോടു പ്രത്യേകമായ മമത പുലര്‍ത്തുന്നുണ്ടെന്ന് അനുഭവങ്ങളിലൂടെ വിജയന്‍ നായര്‍ വെളിപ്പെടുത്തുന്നു. ഭരണകര്‍ത്താക്കളും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരും മലയാളികളോടു പ്രത്യേകമായ സൗഹൃദം പുലര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ തിരഞ്ഞെടുപ്പിന്റെ ഫലം കുവൈത്ത്-ഇന്ത്യന്‍ ബന്ധത്തെ ഒരിക്കലും പ്രതികൂലമായി ബാധിക്കില്ലെന്നും വിജയന്‍ നായര്‍ കരുതുന്നു. പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കരുതുന്നു.

കുവൈത്ത് മുസ്ലീം എജുക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്.) പ്രസിഡന്റും ഫാറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കുവൈത്ത് ഘടകത്തിന്റെ അധ്യക്ഷനുമായ എന്‍. മുഹമ്മദ് റാഫി ഇടയ്ക്കിടെയുണ്ടാകുന്ന ഭരണകാര്യ അനിശ്ചിതത്വങ്ങളില്‍ ഭയാശങ്കകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍, ഭരണകാര്യങ്ങള്‍ മരവിച്ചുകിടക്കുന്ന അവസ്ഥയില്‍ മാറ്റങ്ങളുണ്ടാകുമെന്ന് കുവൈത്തിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവപ്രവര്‍ത്തകനായ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സഫാ ഹാഷ്മി സ്വദേശിവല്‍ക്കരണത്തിനു വേണ്ടി ശക്തമായി വാദമുന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ഒരു പ്രധാന അജണ്ടയുണ്ടാക്കിയിരുന്നു. എന്നാല്‍ കുവൈത്തി ജനത അതു പൊതുവായി അംഗീകരിക്കുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സഫാ ഹാഷ്മി പരാജയപ്പെടുകയായിരുന്നു. വികസന കാലത്തും ഇറാഖ് അധിനിവേശ കാലത്തും മലയാളികള്‍ കുവൈത്തിനോടൊപ്പം നിന്നവരാണെന്ന് മുഹമ്മദ് റാഫി ചൂണ്ടിക്കാട്ടി. അതു ഭരണകര്‍ത്താക്കള്‍ക്കുമറിയാം. ആരു തിരഞ്ഞെടുക്കപ്പെട്ടാലും പ്രവാസികളുടെ ക്ഷേമകാര്യങ്ങളില്‍നിന്നു ഭരണകര്‍ക്കാക്കള്‍ വിട്ടുനില്‍ക്കാനിടയില്ലെന്ന് അദ്ദേഹം കരുതുന്നു.

കുവൈത്ത് തിരഞ്ഞെടുപ്പില്‍ മലയാളികള്‍ക്കു വോട്ടവകാശമില്ലെങ്കിലും അവര്‍ തങ്ങളുടെ ജീവിതം മാറ്റിമറിച്ച കുവൈത്തിന്റെ സാമ്ബത്തികവും സാമൂഹികവുമായ ഉന്നതിക്കുവേണ്ടി നിലകൊള്ളുന്നുണ്ട്. സാധാരണക്കാരും തൊഴില്‍രംഗത്തു പ്രവര്‍ത്തിക്കുന്നവരുമായ മലയാളികളും പ്രതീക്ഷയോടെ തിരഞ്ഞെടുപ്പുഫലത്തെ കാത്തിരിക്കുന്നു. നാട്ടിലെ രാഷ്ട്രീയ കാര്യങ്ങളിലെന്നപോലെ, തൊഴില്‍പരമായി കുടിയേറിയ ദേശങ്ങളിലെയും രാഷ്ട്രീയവും ഭരണനിര്‍വഹണപരവുമായ കാര്യങ്ങളില്‍ വായിച്ചും കേട്ടും നിരീക്ഷിച്ചും ബോധവാന്മാരും ബോധവതികളുമാണ് മലയാളികള്‍.

കുവൈത്തില്‍ താമസിക്കുന്നവരില്‍ മുപ്പത് ശതമാനത്തോളം വരുന്ന പൗരന്മാര്‍ ഇന്ന് പോളിങ് ബൂത്തിലെത്തുന്നു. അഞ്ച് ജില്ലകളില്‍ നിന്ന് പത്ത് പേര്‍ വീതമുള്ള അമ്ബതു പേരെ കുവൈത്ത് പൗരന്മാര്‍ ഇന്ന് തിരഞ്ഞെടുക്കും. വിവിധ ഗോത്രങ്ങളില്‍പ്പെടുന്ന, വിവിധ ആശയങ്ങള്‍ പുലര്‍ത്തുന്ന വോട്ടര്‍മാരുടെ തീരുമാനമറിയാന്‍ ഇനിയധികം മണിക്കൂറുകള്‍ കാത്തിരിക്കേണ്ടതില്ല. സ്വദേശികളും പ്രവാസികളും തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നു.

Next Post

എന്തുകൊണ്ട് ഡയറ്റിങ് പരാജയപ്പെടുന്നു? ഫാഡ് ഡയറ്റുകളില്‍ വീണ് ആരോഗ്യം കളയരുത്

Tue Feb 21 , 2023
Share on Facebook Tweet it Pin it Email ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ശാരീരികമാനസിക വളര്‍ച്ചയ്ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഊര്‍ജവും പോഷകങ്ങളും ഭക്ഷണത്തില്‍നിന്നാണ് ലഭിക്കുന്നത്. എന്നാല്‍ അമിത ഊര്‍ജദായകമായ ഭക്ഷണം കഴിക്കുന്നതിലൂടെ അമിതവണ്ണം ഉണ്ടാകുന്നു. അമിതമായി കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് ശാരീരിക പ്രവര്‍ത്തനങ്ങളെയും ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെയും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമ്ബോള്‍ അത് രോഗാവസ്ഥയായി മാറുന്നു. കാരണങ്ങള്‍ അശാസ്ത്രീയമായ ഭക്ഷണരീതിയാണ് അമിതവണ്ണത്തിനുള്ള മുഖ്യകാരണം. ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജത്തിന്റെ അളവാണ് […]

You May Like

Breaking News

error: Content is protected !!