
മത്ര/മസ്കത്ത് : മസ്കത്ത് നഗരത്തില്‍ മഴ ദുര്‍ബലമായിരുന്നെങ്കിലും ശക്തമായ കാറ്റും ഇടിമിന്നലും പരിഭ്രാന്തി പരത്തി. വൈകിട്ട് 6.30 ഓടെയാണ് ശക്തമായ കാറ്റ് വീശിയത്. കെട്ടിടങ്ങളുടെ മുകളിലെ തകര ഷീറ്റുകള്‍ ഇളകി പാറിപറന്നത് ഭയാനകമായ കാഴ്ചയായിരുന്നു. മസ്കത്ത് നഗരത്തിലെ ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഡസ്ട്രിയുടെ ആസ്ഥാനത്തിന് മുന്നിലെ ഗ്ലോബ് തകര്‍ന്നു വീണു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ റോഡിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മഴയുടെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും കാറ്റ് വീശുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
വൈകുന്നേരം ആകാശം ഭാഗികമായി മേഘാവൃതമാവുകയും പൊടി മഴ പെയ്യുകയും ചെയ്തിരുന്നെങ്കിലും, പിന്നീട് പെട്ടെന്ന് അന്തരീക്ഷം മാറുകയും ഭീകരമായ കാറ്റ് വീശുകയുമായിരുന്നു. കടകള്‍ക്ക് പുറത്ത് ഡിസ്പ്ലേ വച്ചിരുന്ന സാധനങ്ങള്‍ കാറ്റില്‍ പറന്നുപോയി. മത്ര സൂഖില്‍ മഗ്രിബ് നമസ്കാരത്തിനായി ഭാഗികമായി കട അടച്ച് പോയവര്‍ തിരിച്ചെത്തിയപ്പോള്‍ ഡിസ്പ്ലേയ്ക്ക് വച്ചതെല്ലാം പാറി പറന്ന കാഴ്ചയാണ് കാണുന്നത്. സൂഖ് ഗേറ്റില്‍ വഴിയോരക്കച്ചവടത്തിനായി നിരത്തിയിരുന്ന മധുരപലഹാരങ്ങളും മറ്റും നാശമായി.
