മസ്കത്ത്: പെരുന്നാള്‍ അവധിയുടെ ഭാഗമായി രാജ്യത്തെ വിനോദ സഞ്ചാരമേഖലകളില്‍ ഉണര്‍വ് അനുഭവപ്പെട്ടു. ഞായറാഴ്ച മുതല്‍ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിരവധി ആളുകളാണ് എത്തിയത്.
പ്രധാന കോട്ടകളിലും ബീച്ചുകളിലും തിരക്ക് പതിന്‍ മടങ്ങായി. മസ്കത്തിലെ ഖുറം ബീച്ച് അടക്കമുള്ളയിടങ്ങളും മത്രം കോര്‍ണീഷും ജനത്തിരക്കില്‍ വീര്‍പ്പു മുട്ടി. രണ്ട് ദിവസമായി അനുഭവപ്പെടുന്ന ചൂടിന് ചെറിയ ശമനമുണ്ടായത് സന്ദര്‍ശകര്‍ക്ക് വലിയ അനുഗ്രഹമായി.
അവധി ആരംഭിച്ചേതാടെ സംഘടനകളും കൂട്ടായ്മകളും പിക്നിക്കുകളും അവധി യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. ഇതോടെ മസ്കത്ത് മേഖലയിലെ ഖുറിയാത്ത് ഡാമിലും മസ്കത്ത് പാലസിലും തിരക്ക് വര്‍ധിച്ചു. ഖുറിയാത്ത് ഡാമില്‍ അവധി ആഘോഷിക്കാന്‍ നൂറു കണക്കിന് പേരാണ് ഞായറാഴ്ച എത്തിയത്. രാവിലെ മുതല്‍ ഡാമിലെത്തി ആഘോഷ പരിപാടികള്‍ നടത്തിയവരും നിരവധിയാണ്. മത്ര കോര്‍ണീഷില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വന്‍ തിരക്ക് തന്നെ അനുഭവപ്പെട്ടു. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്നതിനാല്‍ മത്ര കോര്‍ണീഷ് പെരുന്നാള്‍ തിരക്കില്‍ വീര്‍പ്പു മുട്ടി.