ഒമാന്‍: മനം നിറച്ച്‌ മലയാള മഹോത്സവം

മസ്കത്ത്: മലയാളം ഒമാന്‍ ചാപ്റ്റര്‍ സീബിലെ റാമി റിസോര്‍ട്ടില്‍ സംഘടിപ്പിച്ച മലയാള മഹോത്സവം 2023 ഭാഷാസ്നേഹംകൊണ്ടും പരിപാടികളിലെ വൈവിധ്യംകൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി.

രാവിലെ 10ന് ചലച്ചിത്ര നടനും എഴുത്തുകാരനുമായ ഇബ്രാഹിം കുട്ടി, ആഗോള സാഹിത്യത്തിലെ ഇന്ത്യന്‍ മുഖമായ ശ്യാം സുധാകര്‍, മലയാളം ഒമാന്‍ ചാപ്റ്റര്‍ സ്ഥാപക ചെയര്‍മാനും അയര്‍ലന്‍ഡിലെ ഇന്ത്യന്‍ പീസ് കമീഷണറുമായ ഡോ. ജോര്‍ജ് ലെസ്ലി എന്നിവരുമായി കുട്ടികളുടെ മുഖാമുഖം പരിപാടിയോടെയാണ് മലയാള മഹോത്സവത്തിന് തുടക്കമായത്.

മലയാളം മിഷന്‍ മുന്‍ രാജ്യാന്തര പരിശീലകന്‍ ബിനു കെ. സാം നേതൃത്വം നല്‍കിയ നില്ല് നില്ല് സുല്ല് സുല്ല് എന്ന കുട്ടിക്കൂട്ടം ഒമാനിലെ കുട്ടികള്‍ക്ക് അവിസ്മരണീയാനുഭവമായി. നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞും മുത്തശ്ശിക്കഥകള്‍ കേട്ടും കടംകഥകള്‍ പാടിയും നാടന്‍ ശീലുകളില്‍ രസിച്ചും ചിരിച്ചും ചിന്തിച്ചും ആര്‍ത്തുല്ലസിച്ചും നാട്ടിലെ വേനലവധിയുടെ നേരനുഭവമായി മാറി ഒമാനിലെ കുട്ടികള്‍ക്ക് ബിനു കെ. സാമിനോടൊപ്പമുള്ള ഒരു പകല്‍. നാട്ടിലെ മലയാളിക്കുട്ടികളേക്കാള്‍ ഭാഷാസ്നേഹവും അക്ഷരശുദ്ധിയും അറിവുള്ളവരുമാണ് ഒമാനിലെ മിക്ക കുട്ടികളുമെന്ന് മലയാളിക്കുട്ടി മത്സരത്തെ വിലയിരുത്തി അദ്ദേഹം പറഞ്ഞു. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. കാമ്ബുള്ള എഴുത്തും ആഴമുള്ള വായനയും നഷ്ടമാകുന്നതാണ് കേരളത്തിന്‍റെ സാംസ്കാരികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. മലയാളം ഒമാന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ മുഹമ്മദ് അന്‍വര്‍ ഫുല്ല അധ്യക്ഷത വഹിച്ചു. ബഹുമുഖപ്രതിഭകളായ ഭാഷാധ്യാപകര്‍ക്ക് മലയാളം ഒമാന്‍ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഗുരുദക്ഷിണ പുരസ്കാരം കുട്ടികളുടെ രാജ്യാന്തര പരിശീലകനും േവ്ലാഗറും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും പത്തനംതിട്ട സെന്‍റ് മേരീസ് ഹൈസ്കൂള്‍ മലയാളം അധ്യാപകനുമായ ബിനു കെ. സാമിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എഴുത്തുകാരനും പ്രഭാഷകനും തൃശൂര്‍ സെന്‍റ് തോമസ് കോളജ് അധ്യാപകനുമായ ശ്യാം സുധാകര്‍ മുഖ്യസന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

രക്ഷാധികാരികളായ ഹസ്ബുല്ല മദാരി, അജിത് പനച്ചിയില്‍, ഫൈസല്‍ ടി.വി.കെ, അജിത് പയ്യന്നൂര്‍, അനില്‍ ജോര്‍ജ്, രവീന്ദ്രന്‍ മറ്റത്തില്‍ എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ സദാനന്ദന്‍ എടപ്പാള്‍ സ്വാഗതവും കള്‍ചറല്‍ കോഓഡിനേറ്റര്‍ രാജന്‍ വി കോക്കൂരി നന്ദിയും പറഞ്ഞു.

Next Post

കുവൈത്ത്: കുവൈത്ത് പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

Sun Apr 30 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിനുകൂടി ഒരുങ്ങുന്നു. ജൂണ്‍ 10, 17 തീയതികളിലൊന്നില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഭരണഘടന കോടതി വിധിയിലൂടെ പുനഃസ്ഥാപിക്കപ്പെട്ട 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിട്ട ഉത്തരവിലുള്ള ചര്‍ച്ചയും അംഗീകാരം നല്‍കലും തിങ്കളാഴ്ചയിലെ യോഗത്തില്‍ ഉണ്ടാകുമെന്നു അല്‍റായി പത്രം റിപ്പോര്‍ട്ട് […]

You May Like

Breaking News

error: Content is protected !!