കുവൈത്ത്: കുവൈത്ത്-കോഴിക്കോട് യാത്ര രോഗികള്‍ക്ക് ദുരിതം

കുവൈത്ത് സിറ്റി : കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും നേരിട്ട് കൂടുതല്‍ വിമാനങ്ങളും ബിസിനസ് ക്ലാസും ഇല്ലാത്തത് രോഗികള്‍ക്കും പ്രായമുള്ളവര്‍ക്കും യാത്രദുരിതം തീര്‍ക്കുന്നു. അപകടങ്ങളും രോഗങ്ങളും കൊണ്ട് വീല്‍ചെയറിലും മറ്റും നാട്ടിലേക്ക് പോകുന്നവര്‍ക്കും ചികിത്സക്കായി നാട്ടിലേക്ക് പോകുന്ന കുവൈത്തികള്‍ക്കും കോഴിക്കോട്ടേക്കുള്ള യാത്ര ദുഷ്കരമാണ്.കിടപ്പുരോഗികളും ഇതേ പ്രയാസങ്ങള്‍ അനുവിക്കുന്നു.

കുവൈത്തില്‍ നിന്ന് നേരിട്ട് കോഴിക്കോട്ടേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് മാത്രമാണുള്ളത്.ഇതില്‍ ഇക്കണോമിക് ക്ലാസ് മാത്രമെയുള്ളൂ. പ്രായമുള്ളവര്‍ക്കും രോഗികള്‍ക്കും അല്‍പ്പം ചാരി കിടന്ന് യാത്രചെയ്യാൻ ഇതില്‍ കഴിയില്ല.ഇത്തരം യാത്രക്കാര്‍ ബിസിനസ് ക്ലാസുകളാണ് തെരെഞ്ഞെടുക്കുക. എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ ബിസിനസ് ക്ലാസ് ഇല്ല. ഇതിനാല്‍ സൗകര്യത്തോടെ യാത്ര ചെയ്യാൻ ഇത്തരക്കാര്‍ക്ക് മറ്റു വിമാനകമ്ബനികളെ ആശ്രയിക്കണം.

കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് മറ്റു വിമാന കമ്ബനികള്‍ സര്‍വീസ് നടത്തുന്നില്ല. കോഴിക്കോട്ടേക്ക് കണക്ഷൻ വിമാനങ്ങള്‍ തിരഞ്ഞെടുക്കാൻ ഇത്തരക്കാര്‍ നിര്‍ബന്ധിതരാകുന്നു. മറ്റു രാജ്യങ്ങളില്‍ കറങ്ങിയും കൂടുതല്‍ സമയമെടുത്തു ആകും ഈ യാത്ര എന്നത് മറ്റൊരു ദുരിതവുമാണ്.

ചികിത്സക്കായി നിരവധി കുവൈത്തികള്‍ കേരളത്തിലേക്ക് യാത്രചെയ്യുന്നുണ്ട്. കോഴിക്കോട്, മലപ്പുറം ഭാഗത്താണ് ചികിത്സാ കേന്ദ്രങ്ങള്‍ കൂടുതല്‍ എന്നതിനാല്‍ കോഴിക്കോട് വിമാനത്താവളത്തെയാണ് എല്ലാവരും ആശ്രയിക്കാറ്. കോട്ടക്കല്‍ ആയൂര്‍വേദ ആശുപത്രിയില്‍ എത്തുന്ന കുവൈത്തികള്‍ നിരവധിയാണ്.

ചിലര്‍ കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്ക് കുവൈത്ത് എയര്‍വേഴ്സില്‍ ബിസിനസ് ക്ലാസില്‍ എത്തി അവിടുന്നു ആബുലൻസ് പോലെയുള്ള വാഹനം തെരെഞ്ഞെടുത്താണ് കോഴിക്കോടും മലപ്പുറത്തുമുള്ള ചികില്‍സാലയങ്ങളില്‍ എത്തുന്നത്. എന്നാല്‍ നാട്ടിലെ റോഡ് യാത്ര അത്ര ശുഭകരമല്ലാത്തതും ഗതാഗതകുരുക്കും പ്രയാസം സൃഷ്ടിക്കുന്നു. എയര്‍ഇന്ത്യ എക്സ്പ്രസിലെ ഞെരുങ്ങി ഇരുത്തം പ്രയാമായവര്‍ക്കും പ്രയാസകരമാണ്.കിടപ്പുരോഗികള്‍ക്കും സമാന പ്രയാസം നേരിടുന്നു. മൂന്നോളം സഥിരം സീറ്റുകള്‍ മാറ്റിയാലേ കിടപ്പു രോഗികള്‍ക്ക് സഥലം കണ്ടെത്താനാകൂ.

ആദ്യനിരയില്‍ കൂടുതല്‍ പണം

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ആദ്യ നിരയിലും എമര്‍ജൻസി എക്സിറ്റിന്റെ ഭാഗത്തുള്ള നിരയിലുമാണ് സീറ്റുകള്‍ക്കിടയില്‍ അത്യാവശ്യം സഥലം ഉള്ളത്. ആറു സീറ്റുകള്‍ മാത്രമുള്ള ഒന്നാം നിരക്ക് അതിനാല്‍ എപ്പോഴും ഡിമാന്റാണ്. പ്രായമായവര്‍ ഈ സീറ്റുകളാണ് തെരഞ്ഞെടുക്കാറ്. എന്നാല്‍ ഇതിന് പ്രത്യേകം ഫീസ് നല്‍കണം. ടിക്കറ്റ് നിരക്കിന് പുറമെ 2500 ഇന്ത്യൻ രൂപയാണ് നിലവിലെ നിരക്ക്.

നേരത്തെ ഇതിലും കുറവായത് അടുത്തിടെയാണ് വര്‍ദ്ധിപ്പിച്ചത്. എമര്‍ജൻസി എക്സിറ്റിന്റെ ഭാഗത്തുള്ള നിരയിലും ഇതേ നിരക്ക് നല്‍കണം. എന്നാല്‍ ഇവിടെ പൊതുവെ പ്രായമായവരെ ഇരുത്താറില്ല.

വളഞ്ഞ യാത്ര; പണവും സമയവും നഷ്ടം

യു.പി. ആമിര്‍ മാത്തൂര്‍ (അര്‍ശ് ട്രാവല്‍സ്)

എണ്‍പത് വയസ്സ് കഴിഞ്ഞ സ്ത്രീയടക്കം നാല് അറബികള്‍ ശനിയാഴ്ച കോഴിക്കോട്ടേക്ക് ചികിത്സക്കായി അര്‍ശ് ട്രാവല്‍സ് മുഖേന യാത്ര ചെയ്തിരുന്നു. അവരിലെ പ്രായമുള്ള സ്ത്രീക്ക് കിടന്ന് പോകാൻ കണക്ഷൻ വിമാനം തിരഞ്ഞെടുക്കേണ്ടി വന്നു. നേരിട്ട് ഇത്തരം സൗകര്യമുള്ള വിമാനം ഇല്ലാത്തതിനാല്‍ ഗള്‍ഫ് എയറില്‍ ബഹ്റൈനിലൂടെ ബിസിനസ് ക്ലാസിലാണ് അവര്‍ യാത്ര ചെയ്തത്. സാധാരണ നിരക്കിനേക്കാള്‍ ഇരട്ടി തുകയും കൂടുതല്‍ സമയവും അവര്‍ക്ക് ചിലവഴിക്കേണ്ടിവന്നു. ഇത് ഒരു ദുരവസ്ഥയാണ്.

രണ്ടാഴ്ച മുമ്ബ് കളിക്കിടെ കാലിന് പരിക്ക് പറ്റി കോഴിക്കോട്ടേക്ക് യാത്രചെയ്ത മുപ്പത്കാരി വീല്‍ചെയറില്‍ വളരെ പ്രയാസപ്പെട്ടാണ് എയര്‍ ഇന്ത്യഎക്സ്പ്രസില്‍ നാട്ടിലെത്തിയത്. കുവൈത്തില്‍ നിന്ന് നേരിട്ട് കോഴിക്കോട്ടേക്കും തിരിച്ചും ബിസിനസ് ക്ലാസ് സൗകര്യമുള്ള വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുകയാണ് ഇതിന് പരിഹാരം. കുവൈത്ത് എയര്‍വേസ് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും കോഴിക്കോട്ടേക്ക് സര്‍വ്വീസ് ആരംഭിച്ചാല്‍ മലബാറുകാര്‍ക്ക് വലിയ ആശ്വാസമാകും. എയര്‍ ഇന്ത്യ എക്സപ്രസിന്റെ വൈകലും റദ്ദാക്കലും പതിവായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിവെച്ചത് നിലവില്‍ യാത്രക്കാരെ പ്രയാസത്തിലാക്കിയിട്ടുണ്ട്. കൂവൈത്ത്- കോഴിക്കോട് റൂട്ടില്‍ കുവൈത്ത് എയര്‍വേസ് സര്‍വീസ് ആരംഭിച്ചാല്‍ കണ്ണൂര്‍ യാത്രക്കാര്‍ക്കും ആശ്വാസമാകും.

Next Post

യു.കെ: കെെരളി യുകെ ദേശീയ കമ്മിറ്റി അംഗം പ്രതിഭ കേശവൻ അന്തരിച്ചു

Mon May 29 , 2023
Share on Facebook Tweet it Pin it Email ലണ്ടൻ: കൈരളി യുകെ ദേശീയ കമ്മറ്റി അംഗവും കേംബ്രിഡ്ജ്‌ യൂണിറ്റ്‌ പ്രസിഡന്റുമായ പ്രതിഭ കേശവൻ നിര്യാതയായി. കുമരകം സ്വദേശിനിയായ പ്രതിഭ കേംബ്രിഡ്ജിലെ ആദം ബ്രൂക്സ്‌ ആശുപത്രിയിൽ നഴ്സായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളുടെ ഉറച്ച പോരാളിയായ പ്രതിഭ കൈരളിയുടെ പ്രാരംഭ കാലം മുതൽ സംഘടന പടുത്തുയർത്തുവാൻ മുന്നിൽ നിന്നിരുന്നു. സിപിഐ എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കെഎസ്‌ടിഎ മുൻ ജില്ലാ […]

You May Like

Breaking News

error: Content is protected !!