മസ്കത്: മലയാളം മിഷൻ ഒമാൻ ചാപ്റ്റര്‍ സുഗതാഞ്ജലി ചാപ്റ്റര്‍ തല ഫൈനല്‍ മത്സരങ്ങള്‍ ജൂണ്‍ 9 വെള്ളിയാഴ്ച നടക്കും. മേഖലാ മത്സരങ്ങളില്‍ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കുട്ടികളാണ് ഫൈനലില്‍ പങ്കെടുക്കുന്നത്. റൂവി സി ബി ഡിയിലുള്ള ടാലന്റ് സ്പേസ് ഹാളില്‍ വച്ച് ജൂണ്‍ 9ന് രാവിലെ പത്തുമണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
മലയാളത്തിന്റെ പ്രിയ കവയിത്രിയും മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറുടെ സ്മരണാര്‍ത്ഥം മലയാളം മിഷൻ എല്ലാ വര്‍ഷവും നടത്തി വരുന്ന കാവ്യാലാപന മത്സരമാണ് സുഗതാഞ്ജലി. ഇത്തവണത്തെ സുഗതാഞ്ജലിയില്‍ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകമെമ്ബാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാൻ സാധിക്കുന്നത്. ഓരോ ചാപ്റ്ററില്‍ നിന്നും ആദ്യ മൂന്നു സ്ഥാനങ്ങള്‍ കിട്ടുന്ന കുട്ടികളെ നാട്ടില്‍ വച്ചു നടക്കുന്ന മെഗാ ഫൈനല്‍ മത്സരത്തില്‍ പങ്കെടുപ്പിക്കും.
മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ പരിധിയിലുള്ള മേഖലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ മത്സരിച്ചു വിജയിച്ച നാല്‍പ്പതോളം കുട്ടികളാണ് ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. എല്ലാ ഭാഷാസ്നേഹികളേയും ഭാഷാപ്രവര്‍ത്തകരെയും ജൂണ്‍ 9നു നടക്കുന്ന പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘടകസമിതി അറിയിച്ചു.