
ലണ്ടന്‍: ഇംഗ്ലണ്ടിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ ശക്തമായ കാംപയിനിംഗുമായി യൂണിസന്‍ യൂണിയന്‍ രംഗത്തെത്തി. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തേക്കാള്‍ എത്രയോ കൂടുതല്‍ ജോലിഭാരം പേറുന്നവരാണെന്ന് അവരില്‍ തിരിച്ചറിവുണ്ടാക്കുകയാണ് ഈ ക്യാമ്പയിനിംഗിന്റെ ലക്ഷ്യമെന്ന് യൂണിസന്‍ വ്യക്തമാക്കുന്നു. ഹെല്‍ത്ത് സര്‍വീസിന്റെ അനിവാര്യ ഘടകങ്ങളായ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരെ നിലവിലെ ബാന്‍ഡ് 2ല്‍ നിന്നും ബാന്‍ഡ് 3യിലേക്ക് പ്രമോട്ട് ചെയ്യണമെന്നും പുതിയ ക്യാമ്പയിനിംഗിന്റെ ഭാഗമായി യൂണിസന്‍ ആവശ്യപ്പെടുന്നു. ഈ ഗണത്തില്‍ പെടുന്ന വര്‍ക്കര്‍മാര്‍ പതിവായി ക്ലിനിക്കല്‍ കെയര്‍ ജോലികളും ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും അതിനാല്‍ അതിനനുസരിച്ചുള്ള ശമ്പളം ഇവര്‍ക്ക് നല്‍കിയേ മതിയാകൂ എന്നും യൂണിസന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ആരോഗ്യമേഖലയിലെ ചെലവ് ചുരുക്കലില്‍ മാത്രം ശ്രദ്ധിക്കുന്ന ഗവണ്‍മെന്റ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരുടെ വില മനസിലാക്കുന്നില്ലെന്നാണ് യൂണിസന്‍ ഡെപ്യൂട്ടി ഹെഡ് ഓഫ് ഹെല്‍ത്ത് ആയ ഹെല്‍ഗ പൈല്‍ ആരോപിക്കുന്നത്.
തങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്നതില്‍ കൂടുതല്‍ ജോലിഭാരം താങ്ങാന്‍ നിര്‍ബന്ധിതരായ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ അര്‍ഹമായതിലും ഒരു ബാന്‍ഡ് താഴെയായതിനാലാണ് അവര്‍ക്ക് പ്രമോഷന്‍ നല്‍കി ബാന്‍ഡ് 3യിലാക്കണമെന്ന് ഈ യൂണിയന്‍ ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിലെ 70ല്‍ കൂടുതല്‍ എന്‍എച്ച്എസ് ട്രസ്റ്റുകളിലാണ് യൂണിസന്‍ ഇത് സംബന്ധിച്ച പ്രചാരണപരിപാടികള്‍ കൊഴുപ്പിച്ചിരിക്കുന്നത്. ഈ നിര്‍ണായകമായ ക്യാമ്പയിന്‍ കൂടുതല്‍ ട്രസ്റ്റുകളിലേക്ക് വ്യാപിപ്പിക്കാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്. തങ്ങളെ മോശമായ രീതിയില്‍ പരിഗണിക്കുന്നതില്‍ പ്രതിഷേധിച്ച് സമീപകാലത്ത് നിരവധി ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, കോഫീ ഷോപ്പുകള്‍ തുടങ്ങിയിടങ്ങളിലേക്ക് ജോലി മാറിപ്പോയിരുന്നുവെന്ന് സമീപകാലത്ത് പുറത്ത് വന്ന ഒരു കെയര്‍ ക്വാളിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു.ജോലിഭാരം കൂടുതലും പ്രതിഫലം കുറവുമായ ഈ തസ്തികളില്‍ നിന്ന് രാജി വച്ച് കൂടുതല്‍ ഗുണം ലഭിക്കുന്ന ഇടങ്ങളിലേക്ക് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ ഇത്തരത്തില്‍ കൂട് മാറി പോകുന്ന അപകടകരമായ അവസ്ഥ ഒഴിവാക്കാന്‍ ഈ ക്യാമ്പയിനിംഗിലൂടെ ഇവര്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുത്താല്‍ സാധിക്കുമെന്നും യൂണിസന്‍ പറയുന്നു.
