ലണ്ടന്‍: ഇസ്രായേലില്‍ ഹമാസ് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ലണ്ടനില്‍ വംശീയവെറി കലര്‍ന്ന ആക്രമണങ്ങള്‍ കുതിച്ചുയര്‍ന്നുവെന്ന് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ്. ഇത് പ്രകാരം ഒക്ടോബര്‍ ഒന്നിനും 18നുമിടയില്‍ 218 ആന്റിസെമിറ്റിക് സംഭവങ്ങള്‍ രേഖപ്പെടുത്തിയെന്നാണ് മെട്രൊപൊളിറ്റന്‍ പോലീസ് പറയുന്നത്. ഇതേ സമയത്ത് കഴിഞ്ഞ വര്‍ഷം വെറും 15 ഇത്തരം സംഭവങ്ങളുണ്ടായ സ്ഥാനത്താണീ കുതിച്ച് കയറ്റം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 42 ഇസ്ലാമോഫോബിക് സംഭവങ്ങളാണുണ്ടായതെങ്കില്‍ ഈ വര്‍ഷം അത് 101 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നതെന്നും പോലീസ് വെളിപ്പെടുത്തുന്നു. ലണ്ടനില്‍ വലിയൊരു പലസ്തീന്‍ അനുകൂല പ്രകടനം ഇന്ന് നടക്കാനിരിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പോലീസ് പുറത്ത് വിട്ടിരിക്കുന്നത്. ഇസ്രായേലി എംബസിക്ക് മുമ്പില്‍ ആളുകള്‍ തടിച്ച് കൂടുന്നത് നിരോധിച്ചിട്ടുണ്ടെന്നാണ് ഈ പ്രകടനത്തിന് മുന്നോടിയായി മെട്രൊപൊളിറ്റന്‍ പോലീസ് മുന്നറിയിപ്പേകുന്നത്. ഹമാസിനെ അല്ലെങ്കില്‍ ഹിസബൊല്ലയെ ആരെങ്കിലും പിന്തുണക്കുന്നുണ്ടോയെന്ന് കൗണ്ടര്‍ ടെററിസം ഓഫീസര്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും പോലീസ് മുന്നറിയിപ്പുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്നും പോലീസ് ഓര്‍മിപ്പിക്കുന്നു.
യുകെ ടെറര്‍ ലോസ് പ്രകാരം ഈ രണ്ട് സംഘടനകള്‍ക്കും കടുത്ത നിരോധനമാണുള്ളത്. ആന്റിസെമിറ്റിക്, ഇസ്ലാമോഫോബിക് സംഭവങ്ങളില്‍ യഥാക്രമം 1353 ശതമാനം 140 ശതമാനം എന്നിങ്ങനെ വര്‍ധനവ് രേഖപ്പെടുത്തിയെന്നാണ് പോലീസ് ഓപ്പറേഷന്റെ ഓഫീസര്‍ ഇന്‍ചാര്‍ജായ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ അഡെ അഡെലെകാന്‍ വെള്ളിയാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 21 പേര്‍ ഇത് വരെ അറസ്റ്റിലായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ആളുകള്‍ നേരിട്ടും ഓണ്‍ലൈനിലൂടെയും അധിക്ഷേപങ്ങള്‍ക്ക് വിധേയരായ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മതപരവും വംശീയപരവുമായ അധിക്ഷേപങ്ങളും ഇതിന്റെ പേരില്‍ വര്‍ധിച്ച് വരുകയാണ്. ഇത്തരം സംഭവങ്ങളെ തടയുന്നതിനും നിരീക്ഷിക്കുന്നതിനുമായി കമ്മ്യൂണിറ്റി സേഫ്റ്റി ചുമതലയുളള പോലീസ് ഓഫീസര്‍മാര്‍ 445 സ്‌കൂളുകളും 1930 ആരാധനാ സ്ഥലങ്ങളും സന്ദര്‍ശിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് ലണ്ടനിലാകമാനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച ഈസ്റ്റ്ലണ്ടനില്‍ ഒരു ജൂതനെ വംശീയപരമായി അധിക്ഷേപിച്ചതിനെ തുടര്‍ന്ന് 60 കാരന്റെ മേല്‍ കേസ് ചാര്‍ജ് ചെയ്തിരുന്നു.റൈനെസ് പാര്‍ക്കിലെ ന്യൂ മാല്‍ഡനില്‍ ഇസ്ലാമോഫോബിക് ഗ്രാഫിറ്റി പതിച്ചതിനെ തുടര്‍ന്ന് മറ്റൊരാളെ അറസ്റ്റ് ചെയ്തിരുന്നു.കാംഡെനില്‍ കാണാതായ ഇസ്രായേലികളെ അപമാനിച്ച് പോസ്റ്ററുകളിട്ട ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് നടക്കുന്ന പലസ്തീന്‍ അനുകുല പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് കടുത്ത ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് പോലീസ് മേധാവികള്‍ വെളിപ്പെടുത്തുന്നു.