വാർത്താ ലോകത്തെ ഡീപ്പ് ഫേക്കുകൾ

– ജിൻറ്റ ലൂക്ക –

വിശ്വാസം അതല്ലേ എല്ലാം! ഈ ലോകത്ത് എന്തിനെയാണ് നമുക്ക് വിശ്വസിക്കാൻ കഴിയുക? കണ്ണുകൊണ്ട് കാണുന്നതിനെയെല്ലാം വിശ്വസിക്കാമെന്നാണ് പറയുന്നതെങ്കിൽ ഇനി എത്രനാൾ അതിനു സാധിക്കും ! നമുക്ക് ചുറ്റും വ്യാജ ഉള്ളടക്കങ്ങളുടെ വൻ മതിലുകൾ തീർക്കുന്ന കാലം. ദൈനംദിനമെന്നോണം വ്യാജ വാർത്തകളോട് പടവെട്ടിക്കൊണ്ടിരിക്കുകയാണ് ലോകം.

വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ പിന്തുണയിൽ കൃത്രിമമായി നിർമ്മിക്കപ്പെട്ട യാഥാർത്ഥ്യമെന്ന് തോന്നുന്ന ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങളെയാണ് എഐയെ പ്രതിനിധാനം ചെയ്യുന്ന ഡീപ്പ് ലേണിംഗ് എന്ന വാക്കും വ്യാജം എന്നർത്ഥം വരുന്ന ഫേക്ക് എന്ന വാക്കും സംയോജിപ്പിച്ചതാണ് ഡീപ്പ്ഫേക്ക് എന്ന പേര്.ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സാന്നിധ്യമാണ് ഡീപ്പ് ഫേക്ക് ഉള്ളടക്കത്തെക്കുറിച്ചുള്ള ഭീതിയേറ്റുന്നത്. വേഗത്തിൽ വ്യാജ ഉള്ളടക്കങ്ങൾ നിർമ്മിക്കാനും യഥാർത്ഥമാണോ അല്ലയോ എന്ന് തിരിച്ചറിയാനുമാവാത്ത വിധം അവയെ മികവുള്ളതാക്കുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കുമെന്നതുതന്നെ കാരണം. മെച്ചപ്പെട്ട കമ്പ്യൂട്ടർ ശേഷിയും മെഷിൻ ലേണിംഗ് അൽഗൊരിതങ്ങളും അതിഭീമമായ അളവിൽ അതിവേഗം ഡാറ്റ കൈമാറാനുള്ള സാങ്കേതിക സൗകര്യവുമെല്ലാം ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് ശേഷി വർദ്ധിപ്പിക്കുന്നു.

ഡൊണാൾഡ് ട്രംപിനെ ചീത്ത വിളിക്കുന്ന ബരാക് ഒബാമ, ആളുകളിൽ നിന്ന് മോഷ്ടിച്ച ശതകണക്കിന് ഡേറ്റയുടെ നിയന്ത്രണം കൈവശം വെക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന മെറ്റ മേധാവി മാർക്ക് സക്കർബർഗ്ഗ്, യുക്രൈൻ സൈന്യത്തോട് റഷ്യക്കു മുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെടുന്ന പ്രസിഡൻറ് വ്ളാദിമിർ സെലൻസ്ക്കി, ടിക്ക് ടോക്ക് വീഡിയോകൾ എടുക്കുന്ന ടോം ക്രൂയിസ് തുടങ്ങിയവയൊക്കെ അടുത്തകാലത്ത് പ്രചരിപ്പിച്ച ഡീപ്പ് ഫേക്ക് വീഡിയോകളാണ്. ഹോളിവുഡ് താരം മോർഗൻ ഫ്രീമാൻ , ടെസ്റ്റ മേധാവി ഇലോൺ മാസ്ക്, റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുതിൻ തുടങ്ങി നിരവധി പ്രമുഖരുടെ വീഡിയോകളും ഡീപ്പ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും ഇൻറർനെറ്റിൽ ലഭ്യമാണ്. കമ്പ്യൂട്ടർ സഹായത്തോടെ നിർമിക്കുന്ന ശബ്ദവും പഴയപോലെ യാന്ത്രിക ത നിറഞ്ഞവയായിരിക്കില്ല ഇത് .നരേന്ദ്രമോഡിയും രാഹുൽഗാന്ധിയുമെല്ലാം എങ്ങനെയാണോ സംസാരിക്കുന്നത് അതേ ശബ്ദത്തിൽ അതേ ശൈലിയിൽ കൃത്രിമമായി അവരുടെ സംഭാഷണങ്ങൾ സൃഷ്ടിച്ചെടുക്കാൻ ഇന്ന് സാധിക്കും. ഡീപ്പ് ഫേക്ക് വീഡിയോ എന്നാൽ കൃത്രിമമായി നിർമ്മിക്കപ്പെട്ട ഈ ശബ്ദവും കൂടി ഉൾപ്പെടുന്നതാണ്.

വീഡിയോ കൃത്രിമ രംഗങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. സിനിമകളിൽ ഗ്രൂപ്പുകളെ ഉപയോഗിച്ചുള്ള സംഘടന രംഗങ്ങൾ പോലും ഒരു തരത്തിൽ ഇത്തരം കൃത്രിമം കാണിക്കാൻ തന്നെയാണ്. ഡീപ്പ് ഫേക്കിന്റെ കഥ തുടങ്ങുന്നത് 1997 ൽ ക്രിസ്റ്റഫ് ബ്രെഗ്ലർ, മിഷേൽ കോവൽ മൽ കോം സ്ലാനി എന്നിവർ ചേർന്ന് നിർമ്മിച്ചെടുത്ത വീഡിയോ റീറൈറ്റ് പ്രോഗ്രാമിന്റെ വരവോടുകൂടിയാണ്. വീഡിയോ ദൃശ്യത്തിലുള്ള ഒരാളുടെ ചുണ്ടുകളുടെ ചലനത്തിൽ മാറ്റം വരുത്തി അയാൾ മറ്റൊരു കാര്യം പറയുന്നതാക്കി മാറ്റാൻ സാധിക്കുന്ന സംവിധാനമായിരുന്നു ഇത്. വീഡിയോ ദൃശ്യത്തിലുള്ള ഒരാളുടെ മുഖ ഭാഗങ്ങളിൽ പൂർണമായി മാറ്റങ്ങൾ വരുത്താൻ സാധിക്കും വിധം നിർമ്മിക്കപ്പെട്ട ആദ്യ സംവിധാനമായിരുന്നു ഇത്.

പിന്നീട് 2021 ൽ ആളുകളുടെ മുഖങ്ങൾ തിരിച്ചറിയാൻ കഴിവുള്ള ആക്ടീവ് അപ്പീയറൻസ് മോഡൽ (എഎഎം) എന്നൊരു കമ്പ്യൂട്ടർ വിഷൻ അൽഗൊരിതം വികസിക്കപ്പെട്ടു. 2014 ൽ ഇയാൻ ഗുഡ് ഫെലോയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ചേർന്ന് വികസിപ്പിച്ചെടുത്ത ജനറേറ്റീവ് അഡ്വൈഴ്സേറിയൽ നെറ്റ് വർക്ക് (GAN) ആണ് ഇന്നത്തെ ഡീപ്പ് ഫേക്കുകൾക്ക് ആധാരം. ഈ സംവിധാനത്തെ പരിശീലിപ്പിക്കുന്നതിനായി ഉപയോഗിച്ച ചിത്രങ്ങളിൽ നിന്ന് സാധാരണ പരിശോധനയിൽ മനുഷ്യന് തിരിച്ചറിയാനാവാത്ത വിധം റിയലിസ്റ്റിക് സ്വഭാവങ്ങളുള്ള പുതിയ ചിത്രങ്ങൾ നിർമ്മിക്കുവാൻ സാധിച്ചിരുന്നു.

രാഷ്ട്രീയനേട്ടങ്ങൾക്കായി എഐ നിർമ്മിത ഉള്ളടക്കങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഗവേഷകരും മാധ്യമപ്രവർത്തകരും വിവിധ രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങളിലുമടക്കമുള്ളവർ ആശങ്ക ഉയർത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ എതിരാളികൾക്കെതിരെ ജനവികാരങ്ങൾ ഇളക്കിവിടാനും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കാനുമെല്ലാം എഐ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തുകയാണ്.

റഷ്യയും ചൈനയുമെല്ലാം ഇതിനകം ഡീപ്പ് ഫേക്കുകളുടെ ഉള്ളടക്കങ്ങൾ എതിരാളികൾക്കെതിരെ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് യു.എസ് പറയുന്നത്. യുക്രൈൻ പ്രസിഡൻറ് വൊളോദി മിർ സെലൻസ്കി തന്റെ സൈനികരോട് റഷ്യയ്ക്കു മുമ്പിൽ കീഴടങ്ങാൻ ആവശ്യപ്പെടുന്ന വീഡിയോ അതിനൊരു ഉദാഹരണമാണ്. തിരഞ്ഞെടുപ്പുകളിൽ കൃത്രിമം നടത്തുക, ഭരണകൂട സ്ഥാപനങ്ങളിൽ വിശ്വാസം നഷ്ടപ്പെടുത്തുക , മാധ്യമങ്ങളെ ദുർബലപ്പെടുത്തുക, സാമൂഹിക വിഭാഗങ്ങളുടെ ഐക്യം തകർത്ത് അവരെ വിഭജിക്കുക, പൊതുസുരക്ഷയെ തരം താഴ്ത്തുക, പ്രമുഖ വ്യക്തിത്വങ്ങളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും സ്ഥാനാർത്ഥികളുടെയു മെല്ലാം സൽപേരിനെ കളങ്കം വരുത്തുക തുടങ്ങി ഒരു രാജ്യത്തിൻറെ ജനാധിപത്യസംവിധാനത്തെയും സാമൂഹ്യ ക്രമത്തെയും അടിമുടി തകർത്തു കളയാൻ ഡീപ്പ് ഫേക്കുകൾക്ക് സാധിക്കും.

ഒട്ടനവധി ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ഇപ്പോൾ തന്നെ നടക്കുന്നുണ്ട്. അക്കൂട്ടത്തിലേക്ക് ഡീപ്പ് ഫേക്ക് സംവിധാനങ്ങളെ പ്രയോജനപ്പെടുത്താനുള്ള സാധ്യതയുമുണ്ട്. ഒരു സ്ഥാപനമേധാവിയുടെ ശബ്ദം വ്യാജമായി നിർമ്മിച്ച ഒരു ജീവനക്കാരൻ ഫോൺ ചെയ്ത് പണം ആവശ്യപ്പെടാം. കമ്പനിയുടെ തന്നെ പണം മറ്റാർക്കെങ്കിലും കൊടുത്ത് ഇടാനോ ഓൺലൈനായി കൈമാറാനോ ആവശ്യപ്പെടാം. സ്വന്തം മേധാവിയുടെ തന്നെ ശബ്ദത്തിൽ വരുന്ന ഇത്തരം ഫോൺ കോളുകളിൽ ജീവനക്കാർ കബളിക്കപ്പെട്ടേക്കാം. ഫേസ്ബുക്ക് മേധാവി സക്കർബർഗ്ഗിന്റെ ഡീപ്പ് ഫേക്ക് വീഡിയോ പോലെ വലിയൊരു ബാങ്കിംഗ് സ്ഥാപനത്തിൻറെ മേധാവി തന്റെ സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണെന്നും പ്രഖ്യാപിക്കുന്ന ഒരു ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിപ്പിക്കപ്പെട്ടാൽ എന്താണ് സംഭവിക്കുക, ഒരു കുറ്റവാളിക്ക് അത്തരം വീഡിയോകൾ ഉപയോഗിച്ച് സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്താൻ വരെ സാധിച്ചേക്കും. വീഡിയോകളും ശബ്ദ റെക്കോർഡുകളും ചിത്രങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും വിശ്വസിക്കാനാവാതെ വന്നാൽ അത് തീർച്ചയായും രാജ്യസുരക്ഷയ്ക്ക് വരെ ഭീഷണിയാണ്.

ഡീപ്പ് ഫേക്കുകൾ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ ഈ മേഖലയിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 2020 ൽ മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആമസോൺ തുടങ്ങിയ കമ്പനികളുടെ പിൻബലത്തോടെ ഒരു ഡീപ്പ്ഫേക്ക് ഡിറ്റക്ഷൻ ചലഞ്ച് നടക്കുകയുണ്ടായി. ഡീപ്പ്ഫേക്കുകളെ കണ്ടെത്തുന്നതിനും വീഡിയോ ഉള്ളടക്കങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനും എളുപ്പം ഉപയോഗിക്കാനാവുന്നതും ലഭ്യമാവുന്നതുമായ സാങ്കേതികവിദ്യകൾ ആവശ്യമാണ്. എ.ഐ നിർമ്മിത ഉള്ളടക്കങ്ങൾ കണ്ടെത്താനുള്ള ചില സംവിധാനങ്ങൾ ഇതിനകം നിലവിൽ വന്നിട്ടുണ്ടെങ്കിലും അവയ്ക്ക് പരിമിതികൾ ഏറെയുണ്ട്. ഉദാഹരണങ്ങളിലൂടെ, ബോധവൽക്കരണങ്ങളിലൂടെ ഡീപ്പ്ഫേക്കുകൾ ഉയർത്തുന്ന അപകടങ്ങളെ നേരിടാൻ സമൂഹത്തെ ഒരു പരിധിവരെ പ്രാപ്തമാക്കാനാവും. ഡീപ്പ്ഫേക്കിന്റെ കാലത്ത് വീഡിയോ, ശബ്ദം, ചിത്രങ്ങൾ എന്നിവയെ ശ്രദ്ധയോടെ സമീപിക്കേണ്ടത് പ്രാധാന്യം ജനങ്ങൾ തിരിച്ചറിയണം. ഓൺലൈനിൽ ലഭിക്കുന്ന ഓരോ ഉള്ളടക്കവും വിശ്വസിക്കുന്നതിനും മറ്റുള്ളവർക്ക് പങ്കുവെക്കുന്നതിനും മുൻപ് രണ്ടാമത് ഒന്ന് ആലോചിക്കാൻ ഉപഭോക്താക്കൾ പ്രാപ്തമാവേണ്ടതുണ്ട്. വിവേചന ബുദ്ധിയോടെ കാര്യങ്ങളെ വീക്ഷിക്കുന്ന ഒരു ഉപഭോകൃത സമൂഹമായി വളരുക എന്നതുതന്നെയാണ് ഈ പ്രശ്നങ്ങൾക്കുള്ള മുഖ്യപ്രതിവിധി .

Next Post

ഒമാന്‍: പൊതു ഇടങ്ങളില്‍ മാലിന്യം തള്ളല്‍, 100 റിയാല്‍ പിഴചുമത്തും

Thu Nov 23 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: നിര്‍ദിഷ്ട സ്ഥലങ്ങളിലല്ലാതെ മാലിന്യം തള്ളുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ തള്ളുന്നവരില്‍നിന്ന് 100 റിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മാലിന്യം തള്ളുന്നത് ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയായി ചുമത്തും. നഗ രത്തിന്‍റെ വിവിധ ഭാഗങ്ങളിലും പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം കൊണ്ടുവന്നിടുന്നതിന് കുട്ടകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, കുട്ടകളിലിടാതെ പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി തള്ളുന്നവരുമുണ്ട്. ദേശീയദിനാഘോഷത്തിന്‍റെ ഭാഗമായി പൊതു അവധി ആരംഭിച്ചതിനാല്‍ […]

You May Like

Breaking News

error: Content is protected !!