ഒമാന്‍: അവധി അടുക്കുന്നു, ആകാശ കൊള്ളക്കൊരുങ്ങി വിമാനക്കമ്പനികള്‍

മസ്കത്ത്: ക്രിസ്മസ് ശൈത്യകാല അവധി അടുക്കാനിരിക്കെ വിമാനക്കമ്ബനികള്‍ ആകാശ കൊള്ളക്കൊരുങ്ങുന്നു. ഡിസംബറില്‍ ക്രിസ്മസ് ശൈത്യകാല അവധിക്കായി സ്കൂളുകള്‍ അടക്കും.

ഇതോടെ അവധി ആഘോഷങ്ങള്‍ക്കായി നിരവധി പേരാണ് നാട്ടിലേക്ക് പോകാനൊരുങ്ങുന്നത്. ഇത് മുന്നില്‍ക്കണ്ട് വിമാനക്കമ്ബനികള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുകയാണ്. നവംബറില്‍ താരതമ്യേന കുറഞ്ഞ നിരക്കാണ് വിമാനക്കമ്ബനികള്‍ ഈടാക്കുന്നത്. എന്നാല്‍ ഡിസംബറോടെ നിരക്കുകള്‍ ഉയരുകയാണ്. ബജറ്റ് വിമാനക്കമ്ബനികളായ സലാം എയര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവപോലും ഉയര്‍ന്ന നിരക്കുകളാണ് ഡിസംബറില്‍ ഈടാക്കുന്നത്.

കോഴിക്കോട് സെക്ടറിലേക്ക് സലാം എയര്‍ ഡിസംബര്‍ 16 മുതല്‍ സര്‍വിസ് പുനരാരംഭിക്കുന്നുണ്ട്. കോഴിക്കോട്ടേക്ക് പുതിയ സര്‍വിസുകള്‍ വര്‍ധിച്ചതോടെ നിരക്കുകള്‍ കുറയുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച സലാം എയര്‍ സര്‍വിസ് പുനരാരംഭിക്കുന്നത് കാണിച്ച്‌ ഏറ്റവും കുറഞ്ഞ നിരക്കാണ് വെബ് സൈറ്റില്‍ ഇട്ടിരുന്നത്. എന്നാല്‍, അര്‍ധരാത്രിയോടെ പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഡിസംബര്‍ പകുതി മുതല്‍ മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്ക് ദിവസേന നാല് സര്‍വിസുകളാണുള്ളത്. ഒമാൻ എയര്‍ ദിവസവും രണ്ട് സര്‍വിസുകളും എയര്‍ ഇന്ത്യ എക്സ്പ്രസും സലാം എയറും ദിവസേന ഓരോ സര്‍വിസുകളും നടത്തും. സര്‍വിസുകള്‍ വര്‍ധിക്കുന്നതോടെ നിരക്കുകള്‍ കുറയുമെന്ന് പലരും കരുതിയിരുന്നു. ഇതോടെ പലരും നാട്ടില്‍ പോകാനും ഒരുങ്ങിയിരുന്നു. എന്നാല്‍, അവസരം മുതലെടുത്ത് സീസണ്‍ കാലത്ത് ലാഭം കൊയ്യുക എന്ന നയമാണ് വിമാനക്കമ്ബനികള്‍ സ്വീകരിച്ചിരിക്കുന്നത്.

നവംബര്‍ അവസാനംവരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വണ്‍വേക്ക് 50 റിയാലില്‍ താഴെയാണ് ഈടാക്കിയിരുന്നത്. എന്നാല്‍, ഡിസംബര്‍ പകുതിയോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്കുകള്‍ വണ്‍വേക്ക് 105 റിയാലായി ഉയരുന്നുണ്ട്.

ജനുവരിവരെ സമാനമായ നിരക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. കൊച്ചിയിലേക്കും സമാനമായ നിരക്കാണ് ഈടാക്കുന്നത്. കണ്ണൂരിലേക്ക് ഡിസംബറില്‍ കൂടിയ നിരക്ക് 100 റിയാലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. ഒമാൻ എയര്‍ ഈ സെക്ടറില്‍ വണ്‍വേക്ക് 155 റിയാലാണ് ഈടാക്കുന്നത്. മസ്കത്ത്-കോഴിക്കോട് സെക്ടറില്‍ സലാം എയറാണ് ഡിസംബറില്‍ താരതമ്യേന കുറഞ്ഞ നിരക്ക് ഈടാക്കുന്നത്.

മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്ക് 20 കിലോ ലഗേജും ഏഴു കിലോ ഹാൻഡ് ബാഗിനും 86.200 റിയാലാണ് സലാം എയര്‍ ഈടാക്കുന്നത്. 30 കിലോ ലഗേജിന് 94 റിയാല്‍ നല്‍കേണ്ടിവരും. എന്നാല്‍ ജനുവരിയോടെ നിരക്കുകള്‍ 65 റിയാലായി കുറയുന്നുണ്ട്. സലാം എയര്‍ കോഴിക്കോട്ട് നിന്ന് മസ്കത്തിലേക്ക് ഡിസംബറില്‍ 43 റിയാലാണ് ഈടാക്കുന്നത്. സീസണ്‍ കഴിയുന്നതോടെ നിരക്കുകള്‍ ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് പ്രവാസികള്‍.

Next Post

കുവൈത്ത്: ട്രാസ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ് അബ്ബാസിയ എ ഏരിയ 'എ ടീം' ജേതാക്കള്‍

Thu Nov 23 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: തൃശൂര്‍ അസോസിയേഷൻ ഓഫ്‌ കുവൈത്ത് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അബ്ബാസിയ എ ഏരിയ ‘എ ടീം’ ജേതാക്കള്‍. എ ഏരിയയുടെ ബി ടീമിനെയാണ് പരാജയപ്പെടുത്തിയത്. അബ്ബാസിയ ടി.സി.ആര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച്‌ 12 ടീമുകള്‍ പങ്കെടുത്തു. ട്രാസ്ക് പ്രസിഡന്റ്‌ ആന്റോ പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് കണ്‍വീനര്‍ നിതിൻ […]

You May Like

Breaking News

error: Content is protected !!