ഒമാന്‍: ഒമാനില്‍ മലയാളി ബ്ലൂ കോളര്‍ തൊഴിലാളികളുടെ എണ്ണം കുറയുന്നു

മസ്കത്ത്: ഒമാൻ അടക്കമുള്ള ജി.സി.സി രാജ്യങ്ങളില്‍ മലയാളി ബ്ലൂ കോളര്‍ തൊഴിലാളികളുടെ എണ്ണം കുറയുന്നതായി പഠനം. യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഹണ്ടര്‍’ നടത്തിയ പഠനത്തിലാണ് കേരളത്തില്‍ നിന്നുള്ള, താഴ്ന്ന വിഭാഗത്തില്‍പെട്ട ജോലിക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നതായി കണ്ടെത്തിയത്. ആറ് ജി.സി.സി രാജ്യങ്ങളിലും ഒരു കാലത്ത് ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ സേവനമനുഷ്ഠിച്ചിരുന്നത് മലയാളി തൊഴിലാളികളായിരുന്നു.

ജി.സി.സി രാജ്യങ്ങളിലെ എല്ലാ പഴയ കെട്ടിടങ്ങളിലും മലയാളികളുടെ കൈയൊപ്പ് ഉണ്ടായിരുന്നു. എന്നാല്‍, അടുത്തിടെ ജി.സി.സി രാജ്യങ്ങളിലെ മലയാളികളെക്കാള്‍ കൂടുതല്‍ ഉത്തര്‍പ്രദേശുകാരും ബിഹാറികളുമാണുള്ളത്. നിലവില്‍ ജി.സി.സിയിലേക്ക് വരുന്ന മലയാളികളുടെ എണ്ണം 90 ശതമാനത്തോളം കുറഞ്ഞതായാണ് ഹണ്ടര്‍ പറയുന്നത്. ഏറെ ശാരീരിക അധ്വാനം ആവശ്യമുള്ള കെട്ടിട നിര്‍മാണമടക്കമുള്ള മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് പൊതുവേ ബ്ലു കോളര്‍ തൊഴിലാളികളെന്ന് പറയുന്നത്.

ഈ വര്‍ഷം ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യയില്‍നിന്ന് ജി.സി.സി രാജ്യങ്ങളിലെത്തുന്ന ബ്ലു കോളര്‍ ജോലിക്കാരുടെ എണ്ണം 50 ശതമാനം വര്‍ധിച്ചിരുന്നു. ഇതില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍നിനുള്ള ജോലിക്കാരാണ് കൂടുതലുള്ളത്. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ ഇതിനുശേഷമാണുള്ളത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയില്‍നിന്ന് കൂടുതല്‍ ബ്ലൂ കോളര്‍ ജോലിക്കാര്‍ എത്തുന്നത്. 20നും 40നും ഇടക്കുള്ളവരാണ് കാര്യമായി ജി.സി.സി രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി എത്തുന്നത്. പണ്ട് മുതലേ പുരുഷന്മാരാണ് ജി.സി.സിയില്‍ കൂടുതല്‍ എത്തുന്നത്. എന്നാല്‍ അടുത്തിടെ സ്ത്രീകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ഇവര്‍ കാര്യമായി സേവനം ചെയ്യുന്നത്.

ഒമാനില്‍ മലയാളികളുടെ എണ്ണം കുറയാൻ നിരവധി കാരണങ്ങളുണ്ട്. പുതിയ തലമുറയില്‍പെട്ട ബഹുഭൂരിപക്ഷവും നിര്‍മാണ മേഖല അടക്കമുള്ള മേഖലയിലേക്ക് വരാൻ മടിക്കുന്നവരാണ്. അതിനാല്‍ ഈ മേഖലയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതലുള്ളത് ബംഗ്ലാദേശില്‍നിന്നുള്ളവരാണ്. പത്തുവര്‍ഷം മുമ്ബുവരെ ഈ മേഖലയില്‍ ഏറ്റവും കൂടുതലുണ്ടായിരുന്നത് മലയാളികളായിരുന്നു. ഒമാനിലെ നിര്‍മാണ കമ്ബനികള്‍ അധികവും മലയാളി ഉടമസ്ഥതയിലായിരുന്നതും ഒരു കാരണമാണ്. അതിനാല്‍ അക്കാലങ്ങളില്‍ നിര്‍മിച്ച എല്ലാ കെട്ടിടങ്ങളിലും റോഡുകളിലും മലയാളികളുടെ വിയര്‍പ്പുണ്ടാവും. എന്നാല്‍, ക്രമേണ മലയാളി നിര്‍മാണ കമ്ബനികള്‍ കുറയുകയും കേരളീയരുടെ എണ്ണം കുറയുകയുമായിരുന്നു.

കേരളത്തിലെ പുതിയ തലമുറ വിദ്യാഭ്യാസ മേഖലയില്‍ ഉന്നതി നേടിയവരാണ്. നല്ല ശതമാനം ബിരുദമോ മറ്റ് സാങ്കേതിക വിദ്യാഭ്യാസമോ ഉള്ളവരാണ്. അതിനാല്‍ ഇത്തരക്കാര്‍ നിര്‍മാണ ജോലികളോ മറ്റോ ചെയ്യാൻ തയാറല്ല.

അതോടൊപ്പം ഒമാനില്‍ നിര്‍മാണ രംഗത്തും മറ്റുമുണ്ടായിരുന്ന മുൻതലമുറ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കിയവരാണ്. അവരുടെ മക്കളെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലെ മരുഭൂമികളില്‍ വെയില്‍ കൊള്ളരുതെന്ന് പലര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ ഇത്തരക്കാരില്‍ പലരും മക്കള്‍ ഉന്നത വിദ്യാഭ്യാസം നല്‍കാൻ ശ്രമിച്ചിരുന്നു.

ഒരു കാലത്ത് മലയാളികളുടെ സ്വപ്നഭൂമിയായിരുന്നു ഗള്‍ഫ്. എങ്ങനെയെങ്കിലും ഗള്‍ഫിലെത്തുകയെന്നതായിരുന്നു പലരുടെയും ലക്ഷ്യം. എന്നാല്‍ ഗള്‍ഫില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞതോടെയും മലയാളികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതോടെയും മലയാളികളുടെ ഗള്‍ഫ് സ്വപ്നം ഗണ്യമായി കുറഞ്ഞു. ഇപ്പോള്‍ മലയാളികള്‍ ഒമാൻ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി എത്തുന്നുണ്ടെങ്കിലും ബ്ലൂ കോളര്‍ ജോലിക്കെത്തുന്നവര്‍ വിരളമാണ്.

Next Post

ഒമാന്‍: തൊഴില്‍ നിയമം ലംഘിച്ച 25 പ്രവാസികള്‍ അറസ്റ്റില്‍

Sun Nov 26 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ച 25 പ്രവാസികള്‍ അറസ്റ്റിലായി. മസ്കറ്റ് ഗവര്‍ണറേറ്റില്‍ തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 25 പ്രവാസികള്‍ പിടിയിലായത്. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ഖുറയ്യാത്തിലെയും അമേറാത്തിലെയും വിലായത്തുകളില്‍ പ്രവാസി തൊഴിലാളികള്‍ നടത്തുന്ന നിയമ രഹിത വില്‍പ്പനകളെ ചെറുക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന്റെ ലേബര്‍ വെല്‍ഫെയര്‍ ജനറല്‍ ഡയറക്ടറേറ്റ് ഒരു പരിശോധന ക്യാംപെയിൻ നടത്തിയതായി ഒമാൻ തൊഴില്‍ മന്ത്രാലയം ഇന്ന് […]

You May Like

Breaking News

error: Content is protected !!