കുവൈത്ത് സിറ്റി: ഫലസ്തീനുമായി കുവൈത്തിനുള്ളത് ദീര്‍ഘ ദശകങ്ങളുടെ ബന്ധം. ഫലസ്തീൻ രാജ്യത്തെയും ജനങ്ങളെയും എന്നും ചേര്‍ത്തുപിടിച്ച രാജ്യമാണ് കുവൈത്ത്.
നിരന്തരം സഹായങ്ങളും പിന്തുണയും നല്‍കിയും ലോകവേദികളില്‍ ഫലസ്തീനുവേണ്ടി ശബ്ദമുയര്‍ത്തിയും കുവൈത്ത് എന്നും നിലകൊണ്ടു. ഒരു നൂറ്റാണ്ടായി കുവൈത്ത് ഭരണകൂടവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഫലസ്തീൻ. കുവൈത്തിന്റെ നിലപാടുകള്‍ പലപ്പോഴും മറ്റു രാജ്യങ്ങളുടെയും പങ്കാളികളുടെയും ശ്രദ്ധ ആകര്‍ഷിച്ചിക്കുകയും ചെയ്തു.
1936ല്‍ ‘ഒക്ടോബര്‍ കമ്മീഷൻ’എന്ന പേരില്‍ ഫലസ്തീൻ ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിനായുള്ള ആദ്യ കമിറ്റിക്ക് ഒരു കൂട്ടം യുവ കുവൈത്ത് പൗരന്മാര്‍ രൂപം നല്‍കി. 1937ല്‍ ‘കുവൈത്തിലെ യുവാക്കള്‍’ എന്ന പേരില്‍ കമ്മിറ്റി രൂപവത്കരിച്ചു. ഫലസ്തീൻ വിഭജിക്കാനുള്ള ബ്രിട്ടീഷ് പദ്ധതിക്കെതിരെ നിലപാട് സ്വീകരിക്കാൻ അമീര്‍ ശൈഖ് അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹിനോട് കമ്മിറ്റി അഭ്യര്‍ഥിച്ചു. 1948-ലെ ‘അല്‍-നക്ബ’ മുതല്‍ ഫലസ്തീൻ ജനതയുടെ അവകാശങ്ങള്‍ക്ക് കുവൈത്ത് പൂര്‍ണപിന്തുണ പ്രകടിപ്പിക്കുകയും ഇസ്രായേലി അധിനിവേശ നടപടികളെ അപലപിക്കുകയും ചെയ്തു. അല്‍-നക്ബയെ തുടര്‍ന്ന് ആയിരക്കണക്കിന് ഫലസ്തീൻ അഭയാര്‍ഥികള്‍ക്ക് കുവൈത്ത് ആതിഥേയത്വം വഹിച്ചു.
ഫലസ്തീൻ വിമോചന യുദ്ധത്തില്‍ നിരവധി കുവൈത്ത് പൗരന്മാര്‍ പങ്കെടുക്കുകയുമുണ്ടായി. 1957ല്‍ ഇസ്രായേലിനെ ബഹിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് അമീരി ഡിക്രി പുറത്തിറക്കി. 1964ല്‍ ഫലസ്തീൻ ലിബറേഷൻ ഓര്‍ഗനൈസേഷന്റെ (പി.എല്‍.ഒ) ഓഫിസ് സ്ഥാപിക്കാൻ കുവൈത്ത് അനുവദിച്ചു. പി.എല്‍.ഒയെ പിന്തുണക്കുകയും ചെയ്തു. 1987ല്‍ കുവൈത്ത് സര്‍ക്കാര്‍ ഫലസ്തീൻ ‘ഇന്തിഫാദ’ക്ക് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്ത് താമസിക്കുന്ന ഫലസ്തീനികളെ സംഭാവനകള്‍ ശേഖരിക്കാൻ അനുവദിക്കാനും തീരുമാനിച്ചു.
2000 ഒക്‌ടോബറില്‍ ഇസ്രായേല്‍ സേനയുടെ ആക്രമണത്തില്‍ പരിക്കേറ്റ നിരവധി ഫലസ്തീനികളെ കുവൈത്ത് സ്വീകരിച്ചു. 2009 ജനുവരിയില്‍ എം.പിമാരുടെ മാസശമ്ബളം ഗസ്സക്കാര്‍ക്ക് സംഭാവന ചെയ്യാൻ ദേശീയ അസംബ്ലി തീരുമാനമെടുത്ത നിര്‍ണായക തീരുമാനത്തിനും കുവൈത്ത് സാക്ഷിയായി. ഫലസ്തീനിലെയും ഗസ്സയിലെയും സമകാലിക സംഭവങ്ങള്‍ ആ രാജ്യത്തോടുള്ള കുവൈത്തിന്റെ കരുതല്‍ വീണ്ടും വ്യക്തമാകുന്നു.
ഇസ്രായേല്‍ അധിനിവേശത്തെയും അക്രമത്തെയും തള്ളിയ കുവൈത്ത് ഗസ്സയിലെ ഫലസ്തീനികള്‍ക്ക് അടിയന്തിര മാനുഷിക സഹായം അയക്കുന്നതില്‍ മുൻനിരയിലുണ്ട്. ഇതുവരെ 36 വിമാനങ്ങളിലായി ടണ്‍കണക്കിന് വസ്തുക്കളാണ് കുവൈത്ത് ഗസ്സയിലെത്തിച്ചത്. ഭക്ഷ്യവസ്തുക്കള്‍, മരുന്ന് എന്നിവക്ക് പുറമെ ആംബുലൻസുകളും, ടെന്റും, ശീതകാല വസ്ത്രങ്ങളും, മണ്ണുമാന്തി യന്ത്രങ്ങളും, മൊബൈല്‍ ക്ലിനിക്കുകളും വരെ കുവൈത്തില്‍ നിന്ന് ഗസ്സയിലെത്തി. ഇസ്രായേലിന്റെ കനത്ത ആക്രമണത്തിനൊപ്പം രോഗവും വിശപ്പും കൊണ്ട് കിടപ്പാടമില്ലാതെ അലയുന്ന ഫലസ്തീനികളെ ചേര്‍ത്തുപിടിക്കുകയാണ് കുവൈത്ത്.