കുവൈത്ത് സിറ്റി: പൗരന്മാര്‍ക്കൊപ്പം പ്രവാസികള്‍ക്കും തൊഴില്‍ അവസരം ഒരുക്കി കുവൈത്ത് മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റി വാര്‍ഷിക ബജറ്റ് റിപ്പോര്‍ട്ടില്‍ 1,090 ഒഴിവുകള്‍ സൂചിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
പ്രവാസികള്‍ക്കായി പ്രത്യേകം നിയുക്തമാക്കിയ മയ്യിത്ത് പരിചരണം, കുളിപ്പിക്കല്‍ അടക്കം സംസ്കരിക്കുന്ന വകുപ്പിലെ 36 തസ്തികകള്‍ അടക്കമാണ് ഒഴിവുകള്‍. ഇതേ വിഭാഗത്തില്‍ 25 ഡ്രൈവര്‍ ഒഴിവുകളും ഉണ്ട്.
അക്കൗണ്ടന്റുമാര്‍, ആര്‍ക്കിടെക്‌ചര്‍, ഇലക്‌ട്രിസിറ്റി, മെക്കാനിക്‌സ് എന്നിവയിലെ എൻജിനീയര്‍മാര്‍ക്കുള്ള അവസരങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇവയില്‍ വിദേശികള്‍ക്ക് അപേക്ഷിക്കാമോ എന്നത് വ്യക്തമല്ല. മുനിസിപ്പാലിറ്റിയുടെ അഡ്മിനിസ്ട്രേറ്റീവ് റോളുകള്‍ കുവൈത്ത് പൗരന്മാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ബജറ്റ് വേതനത്തിനും നഷ്ടപരിഹാരത്തിനുമായി 190 ദശലക്ഷം ദീനാര്‍ വകയിരുത്തുന്നു. ഇത് നിലവിലെ ബജറ്റിനെ അപേക്ഷിച്ച് ഒമ്ബതു ദശലക്ഷം ദീനാര്‍ കൂടുതലാണ്.
ഏകദേശം 483,200 പേരുടെ പൊതുമേഖലാ തൊഴിലാളികളാണ് കുവൈത്തിലുള്ളത്. ഇതില്‍ 23 ശതമാനം വിദേശികളാണ്. ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന അനുപാതമാണിത്. ഈ വര്‍ഷം ഫെബ്രുവരി മുതലുള്ള പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇൻഫര്‍മേഷൻ ഡേറ്റ പ്രകാരം രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ 1.9 ദശലക്ഷമാണ്. 75 ശതമാനും സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്നു. അതേസമയം, സമീപകാല സെൻസസ് പ്രകാരം കുവൈത്തിലെ 4.6 ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 3.2 ദശലക്ഷം പ്രവാസികളാണ്.