ഇറ്റലിയില്‍ ജോലിചെയ്യുന്ന അനിത പുല്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ ഡിജിപിയടക്കമുള്ളവരുമായും അടുത്ത ബന്ധം സ്ഥാപിച്ചത് എന്തിന്?

ഇറ്റലിയില്‍ ജോലിചെയ്യുന്ന അനിത പുല്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ ഡിജിപിയടക്കമുള്ളവരുമായും അടുത്ത ബന്ധം സ്ഥാപിച്ചത് എന്തിനെന്ന ചോദ്യങ്ങളാണുയരുന്നത്. കഴിഞ്ഞ ലോക കേരള സഭയിലും കൊച്ചിയില്‍ നടന്ന കേരള പോലിസിന്റെ രഹസ്യസ്വഭാവമുള്ള പരിപാടിയിലും അനിതയ്ക്ക് പങ്കാളിത്തം ലഭിച്ചത് സംബന്ധിച്ച ദുരൂഹതകളും ചര്‍ച്ചയാവുന്നു. ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായിരിക്കെ അദ്ദേഹത്തെ കാണാനായി മാത്രം അടുത്തടുത്ത കാലയളവില്‍ 12 തവണ അനിത പുല്ലയില്‍ കേരളത്തിലെത്തിയെന്ന വിവരവും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

കഴിഞ്ഞ ലോക കേരള സഭയില്‍ അനിതയ്ക്ക് അംഗത്വം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടാണ്. ഇറ്റാലിയന്‍ പൗരനെ വിവാഹം ചെയ്ത് അവിടെ സ്ഥിരതാമസമാക്കിയ അനിതയുടെ പ്രൊഫൈല്‍ യോഗ്യത പരിശോധിക്കാതെയാണ് ലോക കേരള സഭയില്‍ അംഗത്വം നല്‍കിയതെന്ന ആക്ഷേപം ബലപ്പെടുകയാണ്. മോണ്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലാണ് അനിത തുടക്കത്തില്‍ മാധ്യമങ്ങളില്‍ ഇടം നേടിയത്. ലോക്‌നാഥ് ബെഹ്‌റയടക്കമുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥരെ മോണ്‍സന് പരിചയപ്പെടുത്തിയ അനിത, മോണ്‍സന്‍ തട്ടിപ്പുകാരനാണെന്ന് മനസ്സിലാക്കിയപ്പോള്‍ അകന്നു എന്നായിരുന്നു വിശദീകരണം.

പണം നഷ്ടപ്പെട്ടവരെക്കൊണ്ട് മോണ്‍സനെതിരേ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതി കൊടുപ്പിച്ചത് താനാണെന്നും അനിത അവകാശപ്പെട്ടിരുന്നു. എന്നാല്‍, മോണ്‍സനുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പല ഇടപാടുകളിലെയും ഇടനിലക്കാരിയാണ് അനിത പുല്ലയില്‍ എന്ന സൂചനകളാണ് ഒടുവില്‍ പുറത്തുവരുന്നത്. കേരളത്തിലെ ക്രൈസ്തവ സഭാ മേധാവികള്‍ക്കും ക്രൈസ്തവ പ്രവാസി മുഖ്യര്‍ക്കും നിര്‍ണായക സ്വാധീനമുള്ള പ്രവാസി മലയാളി ഫെഡറേഷന്റെ കോ-ഓഡിനേറ്ററാണ് താനെന്നാണ് അനിത പുല്ലയില്‍ ഇപ്പോഴും അവകാശപ്പെടുന്നത്. എന്നാല്‍, സംഘടനയില്‍നിന്ന് ഇവരെ നേരത്തെ പുറത്താക്കിയെന്നാണ് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ അറിയിച്ചത്.

തട്ടിപ്പുവീരന്‍ മോണ്‍സനുമായി അനിതയ്ക്കുള്ള ബന്ധം ഗാഢമായിരുന്നു എന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന വിവരങ്ങള്‍. മൂന്നുവര്‍ഷം മുന്നേ മോണ്‍സനുമായി ഇവര്‍ തെറ്റിപ്പിരിയുകയായിരുന്നു. മോണ്‍സന്‍ തട്ടിപ്പുകാരനാണ് എന്നതിനാലാണ് അകന്നതെന്ന അനിതയുടെ വിശദീകരണത്തില്‍ ഏറെ പൊരുത്തക്കേടുകളുണ്ട്. ഇപ്പോള്‍ പരാതിയുമായി രംഗത്തുള്ളവരില്‍ രണ്ടുപേര്‍ അനിതയുടെ സാന്നിധ്യത്തിലാണ് മോണ്‍സന് പണം നല്‍കിയതെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

മോണ്‍സന്‍ കളങ്കിതനാണെന്ന് രണ്ടുവര്‍ഷം മുമ്ബ് ഡിജിപി ബെഹ്‌റ തന്നോട് പറഞ്ഞതായി അനിത കഴിഞ്ഞദിവസം വെളിപ്പെടുത്തി. മോണ്‍സന്‍ പരാതിക്കാരെ പണം വാങ്ങി കബളിപ്പിച്ചതായി തനിക്ക് നേരത്തെ അറിവുണ്ടായിരുന്നതായും അനിത പറഞ്ഞിരുന്നു. എന്നാല്‍, ലോക്‌നാഥ് ബെഹ്‌റ ഡിജിപി സ്ഥാനമൊഴിയുംവരെ അതിത മോണ്‍സനെതിരേ ഒന്നും വെളിപ്പെടുത്താത്തത് ദുരൂഹതയായി അവശേഷിക്കുന്നു. മോണ്‍സന്റെ പല ഇടപാടുകളിലും ഇവര്‍ പങ്കാളിയായതിനാലാണ് അന്ന് മൗനം പാലിച്ചതെന്നാണ് ആക്ഷേപം.

Next Post

യു.കെ: ഭക്ഷ്യ ക്ഷാമം ക്രിസ്മസ് വരെ തുടരുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍

Sat Oct 2 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍ : ബ്രിട്ടനില്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ പല സാധനങ്ങളുടെയും ക്ഷാമം ക്രിസ്മസ് വരെ തുടരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. വിതരണമേഖലയിലെ പ്രശ്നങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ ഉള്ളതാണെന്നും ബ്രിട്ടന്‍ മാത്രം വിചാരിച്ചാല്‍ അത് പരിഹരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ക്ഷാമം ഒരു യാഥാര്‍ത്ഥ്യമാണ്, വിവിധ മേഖലകളില്‍ വിതരണ ശൃംഖലകള്‍ താറുമാറായിരിക്കുന്നതും കാണുന്നുണ്ട്. എന്നാല്‍ ഇത് ബ്രിട്ടനിലെ കാര്യം മാത്രമല്ല, ഒരു […]

You May Like

Breaking News

error: Content is protected !!