
ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന സുപ്രധാന അവയവമാണ് കരള്‍. അമിതമായി കൊഴുപ്പുള്ള ആഹാരം കഴിച്ചും നിയന്ത്രണമില്ലാതെ മദ്യപിച്ചുമെല്ലാം കരളിന് നാം ഏല്‍പ്പിക്കുന്ന ആഘാതം ചില്ലറയല്ല.
മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കരള്‍ രോഗങ്ങളെ ഒരു പരിധി വരെ കുറയ്ക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഒന്ന്…
മുന്തിരിപ്പഴത്തില്‍ വിറ്റാമിന്‍ സി, നാരുകള്‍, വിറ്റാമിന്‍ എ, കാല്‍സ്യം, ഇരുമ്ബ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്, ഇത് വിട്ടുമാറാത്ത വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. മുന്തിരിയില്‍ naringenin, naringin തുടങ്ങിയ രണ്ട് പ്രധാന ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹെപ്പാറ്റിക് ഫൈബ്രോസിസ് കുറയ്ക്കാന്‍ സഹായിക്കുന്നു.
രണ്ട്…
ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള പോളിഫെനോള്‍സ് കാപ്പിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഗവേഷണമനുസരിച്ച്, കരളിലെ വീക്കം കുറയ്ക്കാനും ലിവര്‍ സിറോസിസിന്റെ വികസനത്തില്‍ നിന്ന് സംരക്ഷണ ഫലമുണ്ടാക്കാനും കാപ്പി സഹായിക്കുന്നു.
മൂന്ന്…
ബീറ്റ്‌റൂട്ടില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി -6, ഇരുമ്ബ് എന്നിവ അടങ്ങിയിരിക്കുന്നു. ഈ സംയുക്തങ്ങള്‍ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം വീക്കം, ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം എന്നിവയില്‍ നിന്ന് കരളിനെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.
നാല്…
ബ്രോക്കോളിഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഫാറ്റി ലിവര്‍ രോഗത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ ബ്രോക്കോളി സഹായിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
അഞ്ച്…
സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിട്ടുണ്ട്. കരളിന്റെ ആരോഗ്യത്തിനായി സിട്രസ് പഴങ്ങളായ മുന്തിരി, ഓറഞ്ച് എന്നിവ കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ‘പോളിഫെനോള്‍സ്’ എന്ന ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ ഉണ്ടാകുന്ന വീക്കം കുറയ്ക്കാനും കരളിന് കേടുപാടുകള്‍ വരുത്താതിരിക്കാനും സഹായിക്കുന്നു.
ആറ്…
മോണോസാച്ചുറേറ്റഡ്, പോളിസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ് നട്‌സ്. വാല്‍നട്ടില്‍ അര്‍ജിനൈന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ നിന്ന് അമോണിയ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
ഏഴ്…
ഓട്‌സില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഓട്‌സില്‍ ബീറ്റഗ്ലൂക്കന്‍ എന്ന സംയുക്തം കൂടുതലാണ്. ഇത് കരളില്‍ സംഭരിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് ‘ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് മോളിക്യുലര്‍ സയന്‍സസി’ ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
എട്ട്…
വെളുത്തുള്ളി അല്ലിസിന്‍, വിറ്റാമിന്‍ ബി6, സെലിനിയം എന്നിവയാല്‍ സമ്ബന്നമായ ഉറവിടമാണ്. വെളുത്തുള്ളിയിലെ സള്‍ഫര്‍ സംയുക്തം ആന്റിബയോട്ടിക്, ആന്റിഫംഗല്‍, ആന്റിഓക്‌സിഡന്റ് എന്നിവയാണ്. വെളുത്തുള്ളിയിലെ സെലിനിയം വിഷവസ്തുക്കളെ പുറന്തള്ളാന്‍ കരളിനെ പ്രേരിപ്പിക്കുന്നു.
