കുവൈത്തില്‍ ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ കുവൈത്ത് പൗരന് രണ്ടുവര്‍ഷം തടവും പിഴയും. സംഭവത്തില്‍ ആദ്യം ശിക്ഷ വിധിച്ച ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു. 5,000 ദീനാര്‍ ആണ് പിഴ അടക്കേണ്ടത്.
സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം വഴി പരിചയപ്പെട്ട പ്രതി വിവാഹവാഗ്ദാനം നല്കി ഫോട്ടോകളും വിഡിയോ ക്ലിപ്പുകളും കൈക്കലാക്കിയാണ് ഭീഷണി ആരംഭിച്ചത്. ചിത്രങ്ങള്‍ ലഭിച്ചതോടെ വിവാഹത്തില്‍നിന്ന് പിന്മാറിയ പ്രതി ആഭരണങ്ങളും പണവും തന്നില്ലെങ്കില്‍ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
ആഭരണങ്ങളും വാച്ചും പണവുമാണ് ആവശ്യപ്പെട്ടത്. ഇതോടെ കുറച്ച് ആഭരണങ്ങളും പണവും നല്കി ബ്ലാക്ക്മെയില്‍ ചെയ്യുന്നത് നിര്‍ത്താന്‍ സ്ത്രീ ആവശ്യപ്പെട്ടു. എന്നാല്‍, അയാള്‍ ഭീഷണി തുടര്‍ന്നു. തുടര്‍ന്ന് സ്ത്രീ വീട്ടുകാരെ അറിയിക്കുകയും പരാതി നല്‍കുകയുമായിരുന്നു.