കുവൈത്ത്: കുവൈത്ത് വീണ്ടും തെരഞ്ഞെടുപ്പിലേക്ക്

കുവൈത്ത് സിറ്റി: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 107 അനുസരിച്ച്‌ 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിട്ടതായി കിരീടാവകാശി ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പ്രഖ്യാപിച്ചു. അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനെ പ്രതിനിധാനം ചെയ്ത് കിരീടാവകാശി നടത്തിയ റമദാന്‍ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 107 അനുസരിച്ചാണ് 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള തീരുമാനം. അടുത്ത മാസം പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുമെന്നും പ്രസംഗത്തില്‍ കിരീടാവകാശി അറിയിച്ചു.

എക്സിക്യൂട്ടിവ്, ലെജിസ്ലേറ്റിവ് അധികാരികളുടെ അധികാര ദുരുപയോഗം ഒഴിവാക്കാനും നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. രാജ്യത്തെ നിയമപരവും രാഷ്ട്രീയവുമായ ചില പരിഷ്കാരങ്ങള്‍ക്കൊപ്പം ഒരു പുതിയ തെരഞ്ഞെടുപ്പ് ആവശ്യമാണ്. ജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്താണ് തീരുമാനമെന്നും കിരീടാവകാശി വ്യക്തമാക്കി. ഇതോടെ 2022ലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി 2020ലെ ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച ഭരണഘടന കോടതിവിധി റദ്ദാകും. ഈ വര്‍ഷം മാര്‍ച്ച്‌ 19നാണ് 2022ലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി ഭരണഘടന കോടതി വിധിയുണ്ടായത്.

2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഉത്തരവിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിധി. 2020ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ദേശീയ അസംബ്ലി അംഗങ്ങളെയും കോടതി പുനഃസ്ഥാപിച്ചിരുന്നു. 2020ലെ മര്‍സൂഖ് അല്‍ ഗാനിമിനെ ദേശീയ അസംബ്ലിയുടെ നിയമാനുസൃത സ്പീക്കറായി തിരിച്ചെടുക്കാനും ഭരണഘടന കോടതി ഉത്തരവിടുകയുണ്ടായി.

ഭരണഘടന കോടതി വിധി വന്നതോടെ നിലവിലുള്ള എം.പിമാര്‍ ദേശീയ അസംബ്ലിയില്‍നിന്ന് പുറത്താകുകയും പിരിച്ചുവിട്ട സഭയിലെ അംഗങ്ങള്‍ വീണ്ടും ജനപ്രതിനിധികളെന്ന നിലയില്‍ സഭയില്‍ എത്തുകയും ചെയ്തിരുന്നു. ഈ അസംബ്ലിയും പിരിച്ചുവിടാന്‍ തീരുമാനമായതോടെ രാജ്യം വൈകാതെ മറ്റൊരു തെരഞ്ഞെടുപ്പിനുകൂടി സാക്ഷിയാകും.

Next Post

യു.കെ: മരണത്തിന്റെ കരിനിഴലില്‍ യുകെ മലയാളി സമൂഹം - 24 മണിക്കൂറിനുള്ളില്‍ വിട പറഞ്ഞത് രണ്ടു മലയാളികള്‍

Tue Apr 18 , 2023
Share on Facebook Tweet it Pin it Email യുകെയില്‍ നിന്ന് ഒരേ ദിവസം രണ്ടു മരണ വാര്‍ത്തകള്‍. ചിചെസ്റ്റര്‍ മലയാളി നഴ്സായ റെജി ജോണിയും വെയിക്ഫീല്‍ഡില്‍ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണിയുമാണ് (48) മരിച്ചത്. ചിചെസ്റ്ററിലേ ആദ്യകാല മലയാളികളില്‍ ഒരാളായ ജോണിയുടെ ഭാര്യയും ചിചെസ്റ്റര്‍ എന്‍ എച്ച് എസ് ആശുപത്രിയിലെ ബാന്‍ഡ് ഏഴ് നഴ്സായിരുന്നു റെജി ജോണി(49). യുകെയില്‍ എത്തുന്നതിന് മുന്‍പ് എറണാകുളം മെഡിക്കല്‍ ട്രസ്‌റ് ആശുപത്രിലെ […]

You May Like

Breaking News

error: Content is protected !!