കുവൈത്ത്: ആഘോഷങ്ങള്‍ മാറ്റിവെച്ച്‌ മലയാളി സംഘടനകള്‍

കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കും രക്തസാക്ഷികള്‍ക്കുമുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മലയാളി സംഘടനകള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ചു.

രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ വ്യാഴാഴ്ച അടിയന്തരമായി കൂടിയ മന്ത്രിമാരുടെ കൗണ്‍സിലാണ് തീരുമാനമെടുത്തത്. സര്‍ക്കാര്‍ നിര്‍ദേശത്തിന് പിറകെ ഇന്ത്യൻ അസോസിയേഷനുകള്‍ ഇത്തരം പരിപാടികള്‍ മാറ്റിവെക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യര്‍ഥിച്ചു. ഇതോടെ മലയാളി സംഘടനകള്‍ അടക്കമുള്ളവ പരിപാടികള്‍ മാറ്റിവെച്ചു.

അവധിക്കാലം കഴിഞ്ഞ് പ്രവാസികള്‍ തിരിച്ചെത്തിയതോടെ മലയാളി സംഘടനകള്‍ ഓണം-ഈദ് ആഘോഷങ്ങള്‍ നടത്തിവരുകയായിരുന്നു. വാര്‍ഷികാഘോഷങ്ങള്‍ക്കും മലയാളി സംഘടനകള്‍ തെരഞ്ഞെടുക്കുന്നത് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നു മാസമാണ്. അവധി ദിവസമായ വെള്ളി, ശനി ദിവസങ്ങളിലാണ് കുവൈത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാറ്. ചുരുക്കം സംഘടനകളുടെ ആഘോഷങ്ങള്‍ കഴിഞ്ഞെങ്കിലും നിരവധി സംഘടനകള്‍ ആഘോഷദിനങ്ങള്‍ പ്രഖ്യാപിക്കുകയും അതിനായുള്ള ഒരുക്കങ്ങള്‍ നടത്തിവരുകയുമായിരുന്നു. വെള്ളിയാഴ്ച അഞ്ചോളം സംഘടനകള്‍ ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയിരുന്നു. പലരും നാട്ടില്‍നിന്നുള്ള അതിഥികളെ എത്തിക്കുകയും കലാപരിപാടികള്‍ക്കും മറ്റുമായി ആളുകളെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച നിശ്ചയിച്ച നായര്‍ സര്‍വിസ് സൊസൈറ്റി ഓണാഘോഷപരിപാടിക്കായി നാട്ടില്‍നിന്ന് ആറന്മുള വള്ളസദ്യാ പാചകവിദഗ്ധരെ കുവൈത്തില്‍ എത്തിച്ചിരുന്നു. കൊല്ലം ജില്ല പ്രവാസി സമാജം വാര്‍ഷികാഘോഷവും വെള്ളിയാഴ്ച നടക്കാനിരുന്നതാണ്. ഇതില്‍ പങ്കെടുക്കുന്നതിനായി നാട്ടില്‍നിന്ന് അഞ്ച് ആര്‍ട്ടിസ്റ്റുകള്‍ എത്തിയിരുന്നു. ആഘോഷങ്ങള്‍ മാറ്റിവെച്ചതോടെ ഇവരെ മടക്കിയയച്ചു. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം (ട്രാക്ക്) ജില്ല അസോസിയേഷനുകളും വെള്ളിയാഴ്ച ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശം വന്നതോടെ ഇവരും പരിപാടികള്‍ മാറ്റിവെച്ചു. ഇസ്രായേല്‍-ഫലസ്തീൻ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അടുത്ത ആഴ്ചകളിലും സംഘടിപ്പിക്കാനിരുന്ന പരിപാടികള്‍ സംഘടനകള്‍ മാറ്റിവെച്ചിട്ടുണ്ട്.

Next Post

യു.കെ: ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ക്ക് സ്ഥാനം രാജ്യത്തിന് പുറത്ത്, വിസ റദ്ദാക്കി നാടുകടത്തും

Sat Oct 14 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ഇസ്രയേലിനെ ആക്രമിച്ച ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ക്ക് സ്ഥാനം രാജ്യത്തിന് പുറത്താണെന്ന് ബ്രിട്ടന്‍. ബ്രിട്ടന്റെ കണ്ണില്‍ ഹമാസ് തീവ്രവാദ സംഘടനയാണ്. ഇവരെ പിന്തുണയ്ക്കുന്ന സമീപനം വിദേശ പൗരന്മാരോ വിദേശ വിദ്യാര്‍ഥികളോ സ്വീകരിച്ചാല്‍ അവരുടെ വീസ റദ്ദാക്കി നാടുകടത്തുമെന്ന് ഹോം ഓഫീസ് അറിയിച്ചു. ആന്റി സെമറ്റിക് നിലപാട് സ്വീകരിക്കുന്ന വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമെതിരെ വിസ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുടെ സാധ്യത ആരായാന്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ […]

You May Like

Breaking News

error: Content is protected !!